അസ്താനയ്ക്കു തിരിച്ചടി: അഴിമതിക്കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കില്ല; അന്വേഷണം തുടരും

 ന്യൂഡൽഹി ∙ സിബിഐ മുൻ സ്‌പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്ക്ക് കോടതിയില്‍ തിരിച്ചടി. അഴിമതിക്കേസില്‍ അസ്താനയ്‌ക്കെതിരേ അന്വേഷണം തുടരാമെന്ന് ഡല്‍ഹി ഹൈക്കോടതി അറിയിച്ചു. മാംസവ്യാപാരിയില്‍നിന്നു കൈക്കൂലി വാങ്ങിയെന്ന കേസിന്റെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് അസ്താനയുടെ ആവശ്യം ഡല്‍ഹി ഹൈക്കോടതി തള്ളി. പത്തു ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

സിബിഐ ഡപ്യൂട്ടി സൂപ്രണ്ട് ദേവേന്ദര്‍ കുമാര്‍, ഇടനിലക്കാരന്‍ മനോജ് പ്രസാദ് എന്നിവര്‍ക്കെതിരേയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. അഴിമതി തടയല്‍ നിയമപ്രകാരമാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. ഹൈദരാബാദ് സ്വദേശിയായ ബിസിനസുകാരന്‍ സതീഷ് ബാബു സനയാണ്, കേസില്‍നിന്ന് ഒഴിവാക്കാന്‍ അസ്താന കൈക്കൂലി ആവശ്യപ്പെട്ടെന്നു പരാതി നല്‍കിയത്. അതിനിടെ ആലോക് വര്‍മ കഴിഞ്ഞ രണ്ടു ദിവസം പുറത്തിറക്കിയ ഉത്തരവുകള്‍ ഇടക്കാല ഡയറക്ടര്‍ റദ്ദാക്കി.

രാകേഷ് അസ്താനയ്ക്കെതിരെയുള്ള അന്വേഷണത്തിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവും കേന്ദ്രമന്ത്രിയും അടക്കമുള്ള ഉന്നതർ ഇടപെടാൻ ശ്രമിച്ചെന്നു സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ സിബിഐയിലെ ഡിഐജി: മനിഷ് കുമാർ സിൻഹ ആരോപിച്ചിരുന്നു. കേന്ദ്ര കൽക്കരി–ഖനി സഹമന്ത്രി ഹരിഭായ് പാർഥിഭായി ചൗധരി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, കാബിനറ്റ് സെക്രട്ടറി പി.കെ.സിൻഹ, കേന്ദ്ര വിജിലൻസ് കമ്മിഷണർ കെ.വി.ചൗധരി, കേന്ദ്ര നിയമമന്ത്രാലയ സെക്രട്ടറി എന്നിവർക്കെതിരെയായിരുന്നു ആരോപണം.

മൊയീൻ ഖുറേഷിയുടെ കേസിൽ ഹൈദരബാദിൽനിന്നുള്ള ബിസിനസുകാരൻ സതീഷ് സനയെ സഹായിക്കാൻ രാകേഷ് അസ്താന കോഴ വാങ്ങിയെന്ന കേസ് അന്വേഷിച്ചിരുന്നത് മനിഷ് സിൻഹയാണ്. നീരവ്മോദി പ്രതിയായ പിഎൻബി വായ്പത്തട്ടിപ്പുകേസ് അന്വേഷിച്ചതും ഇദ്ദേഹമാണ്. അസ്താനയെ വെട്ടിലാക്കി ജോയിന്റ് ഡയറക്ടർ എ.കെ. ശർമയും കോടതിയിലെത്തിയിരുന്നു. അസ്താനയ്ക്കെതിരെയുള്ള ആരോപണങ്ങൾ തുടക്കത്തിൽ അന്വേഷിച്ചിരുന്നതു ശർമയാണ്. എ.കെ. ശർമയ്ക്കും കുടുംബത്തിനും ഒട്ടേറെ കടലാസുകമ്പനികളിൽ പങ്കാളിത്തമുണ്ടെന്നു നേരത്തെ അസ്താന ആരോപിച്ചിരുന്നു.

അതിനിടെ രാകേഷ് അസ്താനയും വിവാദ കോഴ ഇടപാടുകാരും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്ന നിർണായക രേഖകൾ പുറത്തുവന്നിരുന്നു. അസ്താനയ്ക്കെതിരായ കേസ് അന്വേഷിക്കുന്നതിനിടെ ആൻഡമാനിലേക്കു സ്ഥലംമാറ്റിയ നടപടി ചോദ്യം ചെയ്തു ഡിസിപി എ.കെ. ബസി കോടതിയിൽ സമർപ്പിച്ച ഹർജിയിലാണു ഗുരുതരമായ ആരോപണങ്ങൾ അക്കമിട്ടു നിരത്തിയത്. അസ്താനയുമായി ബന്ധപ്പെടുന്ന ഫോൺ സംഭാഷണ രേഖകൾ, വാട്സാപ് സന്ദേശങ്ങൾ എന്നിവ ഹർജിയിൽ ചേർത്തിരുന്നു. വഴിവിട്ട ഇടപാടുകളിൽ നിർണായക നീക്കം നടത്തിയതു ചാരസംഘടനയായ റോയിലെ (റിസർച്ച് ആൻഡ് അനാലിസിസ് വിങ്) ഉന്നത ഉദ്യോഗസ്ഥൻ സാമന്ത് കുമാർ ഗോയലാണെന്നും ബസി ചൂണ്ടിക്കാട്ടി.

കേസിൽ നിന്നൊഴിവാക്കാൻ അസ്താനയ്ക്കു പണം നൽകിയെന്ന ഹൈദരാബാദ് വ്യവസായി സതീഷ് സനയുടെ മൊഴി പിന്തുടർന്ന അന്വേഷണ സംഘം ഇടനിലക്കാരൻ മനോജ് പ്രസാദിനെ പിടികൂടിയിരുന്നു. പിന്നാലെ, ഇയാളുടെ സഹോദരൻ സോമേഷ് നടത്തിയ ഫോൺ സംഭാഷണങ്ങൾ നീരീക്ഷിച്ചാണ് അസ്താനയ്ക്കെതിരായ കുരുക്കു മുറുക്കിയത്. മനോജിനു പിന്നാലെ സിബിഐ നോട്ടമിട്ട സോമേഷിനോട് ഒരുകാരണവശാലും ഇന്ത്യയിലേക്കു വരരുതെന്ന നിർദേശം വാട്സാപ്പിലൂടെ സാമന്ത് ഗോയൽ നൽകുന്നുണ്ട്. 2017 മാർച്ച് മുതലുള്ള മനോജിന്റെ വാട്സാപ് സന്ദേശങ്ങൾ സിബിഐ കണ്ടെടുത്തിരുന്നു.
വിവാദ വിളി ഇങ്ങനെ

മനോജ് പ്രസാദ് പിടിയിലായതിനു പിന്നാലെ സഹോദരൻ സോമേഷ് ആദ്യം വിളിച്ചത് ഗോയലിനെയാണ്. 16നു രാത്രിയിരുന്നു ഇത്. 8 മിനിറ്റ് നീണ്ട സംഭാഷണം കഴിഞ്ഞു അൽപസമയത്തിനു ശേഷം സാമന്ത് സോമേഷിനെ തിരികെ വിളിച്ചു. പിറ്റേന്നു രാവിലെ സാമന്ത്, അസ്താനയെ വിളിച്ചു. പിന്നീടു വിളിച്ചിരിക്കുന്നത് സോമേഷിന്റെ ഭാര്യ നേഹയുടെ ഫോണിലേക്കാണ്. സ്വന്തം ഫോണിൽനിന്ന് സോമേഷ് സാമന്തിനെ തിരികെ വിളിക്കുന്നു. ശേഷം 2 തവണ വീണ്ടും സാമന്തും അസ്താനയും സംസാരിക്കുന്നു.

ബസി കോടതിയെ അറിയിച്ചത്

വിവാദ മാംസ ഇടപാടുകാരൻ മൊയിൻ ഖുറേഷിയുടെ ഹവാല ഇടപാടുമായി ബന്ധപ്പെട്ടു ഹാജരാകാൻ സിബിഐ പലതവണ സതീഷ് സനയോട് ആവശ്യപ്പെട്ടിരുന്നു. അസ്താനയ്ക്കായിരുന്നു കേസ് അന്വേഷണ ചുമതല. കേസിൽനിന്ന് ഒഴിവാക്കി കൊടുക്കാൻ ദുബായ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മനോജ് കുമാറും സോമേഷും ഉന്നതന്മാരുമായി ബന്ധപ്പെടുന്നു. 5 കോടി രൂപയ്ക്ക് ഇടപാട് ഉറപ്പിച്ചു. 2017 ഡിസംബർ വരെയുള്ള കാലയളവിൽ 3 കോടി രൂപ നൽകിയതിന്റെ പേരിൽ ചോദ്യം ചെയ്യലടക്കം ഒഴിവാക്കി. ബാക്കി 2 കോടി രൂപയ്ക്കായി സമ്മർദം തുടങ്ങിയതിന്റെ രേഖകൾ വാട്സാപ്പിലുണ്ട്.  ഈ തുക കിട്ടാതെ വന്നതോടെ ഫെ‌ബ്രുവരിയിൽ സനയ്ക്കു വീണ്ടും ഹാജരാകാൻ നോട്ടിസെത്തി.

ഒഴിഞ്ഞുമാറിയ സനയ്ക്കായി ഒക്ടോബർ ആദ്യം പലതവണ നോട്ടിസെത്തി. സന വീണ്ടും മനോജിനെ സമീപിച്ചു. ശേഷിച്ച രണ്ടു കോടിയിൽ 25 ലക്ഷം ഒക്‌ടോബർ 10നു നൽകി. അറസ്റ്റ് ഒഴിവായെങ്കിലും അടുത്തഘട്ടം പണം ആവശ്യപ്പെട്ടു. ഇതു കൈപ്പറ്റാൻ എത്തുമ്പോഴാണ് അലോക് വർമയുടെ നിർദേശപ്രകാരം മനോജ് പ്രസാദിനെ അറസ്റ്റ് ചെയ്തത്. മജിസ്ട്രേറ്റിനു മുമ്പിൽ സന നൽകിയ മൊഴികളുടെ അടിസ്ഥാനത്തിൽ അസ്താനയ്ക്കെതിരെ കേസെടുക്കുകയും ചെയ്തു.

അസ്താന നമ്മുടെ ആളാ....

ഭാര്യാപിതാവായ സുനിൽ മിത്തലുമായി സോമേഷ് നടത്തിയ സംഭാഷണം:

‘‘അസ്താന നമ്മുടെ ആളാണ്. മനോജ് രണ്ടു മൂന്നു തവണ അസ്താനയെ നേരിൽ കണ്ടതാണ്. കേസെടുത്ത ശേഷം സാമന്ത് ഭായും അസ്താനയെ കണ്ടിരുന്നു. സാമന്ത് ഭായ് അസ്താനയുടെ അടുത്തയാളാണ്’’