വിശ്വാസികളുടെ വിചാര വികാരങ്ങള്‍ മനസ്സിലാക്കണം: പത്മകുമാർ

കൊച്ചി∙ ശബരിമല ആചാര സംരക്ഷണത്തിനിറങ്ങിയത് ആര്‍എസ്എസുകാര്‍ മാത്രമല്ലെന്നു തിരുവിതാംകൂര്‍ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാര്‍. അത്തരം തെറ്റിധാരണ തനിക്കോ ബോര്‍ഡിനോ ഇല്ല.

വനിതാമതിലുമായി ബന്ധപ്പെട്ടു വഞ്ചിക്കപ്പെട്ടുവെന്ന എസ്എൻഡിപി യോഗം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്റെ ഭാര്യ പ്രീതി നടേശന്റെ വാദത്തില്‍ കഴമ്പില്ല. വനിതാമതിലിന് പോകുന്നതിനുമുന്‍പ് നന്നായി ആലോചിക്കണമായിരുന്നു. എന്തെങ്കിലും ആഗ്രഹിച്ചിട്ടു കിട്ടാതെ വരുമ്പോള്‍ വഞ്ചന എന്നുപറഞ്ഞിട്ടു കാര്യമില്ലെന്നും മനോരമ ന്യൂസ് ‘നേരെ ചൊവ്വെ’യിൽ പത്മകുമാർ പറഞ്ഞു.

യുവതീപ്രവേശ വിഷയത്തില്‍ യഥാര്‍ഥ വിശ്വാസികളുടെ വിചാരവികാരങ്ങള്‍ മനസ്സിലാക്കണമെന്നാണു തന്റെ നിലപാട്. വിശ്വാസത്തിന്റെ പേരുപറഞ്ഞിറങ്ങിയവരില്‍ കപട വിശ്വാസികളുമുണ്ട്. ഇക്കാര്യത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് അംഗീകരിക്കാനാവില്ല. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണു ബോര്‍ഡ് പുനഃപരിശോധനാഹര്‍ജി നല്‍കാതിരുന്നത്.

ശബരിമലയില്‍ തന്ത്രിക്കു യാതൊരു അധികാരവുമില്ലെന്ന വാദത്തോടു യോജിപ്പില്ല. തന്ത്രിക്കും ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും അവരവരുടേതായ അധികാരങ്ങളും അവകാശങ്ങളുമുണ്ടെന്നും പത്മകുമാർ പറഞ്ഞു.