ആലോക് വർമയെ പുറത്താക്കാൻ മോദിക്ക് 11 കാരണങ്ങള്‍; ഒരു ‘സിവിസി’ ഡയറിക്കുറിപ്പ്

ന്യൂഡൽഹി∙ സിബിഐ ഡയറക്ടർ സ്ഥാനത്തുനിന്ന് ആലോക് വർമയെ നീക്കിയതിനു പിന്നിൽ കേന്ദ്ര വിജിലൻസ് കമ്മിഷന്റെ (സിവിസി) കണ്ടെത്തലുകളും. 11 ആരോപണങ്ങളാണ് വർമയ്ക്കെതിരെ ഉയർന്നത്. ഇവയെക്കുറിച്ചുള്ള വിശദീകരണങ്ങളും ചോദ്യങ്ങളുമായി വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതാധികാര യോഗത്തിൽ കോൺഗ്രസ് പ്രതിനിധി മല്ലികാർജുൻ ഖർഗെ എത്തിയെങ്കിലും ഭൂരിപക്ഷ തീരുമാനം അനുസരിച്ചു വർമയെ പുറത്താക്കാനാണ് തീരുമാനിച്ചതെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വർമയ്ക്കെതിരെ ഉയർന്ന ആരോപണങ്ങൾ:

1. അന്വേഷണത്തെ സ്വാധീനിക്കാൻ കൈക്കൂലി വാങ്ങി.

സിവിസിയുടെ കണ്ടെത്തൽ: ഇക്കാര്യത്തിൽ നേരിട്ടുള്ള തെളിവുകൾ കണ്ടെത്താനായിട്ടില്ല. എന്നാൽ വർമയുടെ പെരുമാറ്റം സംശയാസ്പദം. തെളിവുകൾ കണ്ടെത്താൻ കൂടുതൽ അന്വേഷണങ്ങൾ വേണം.

2. ഐആർസിടിസി – ലാലു പ്രസാദ് കേസിൽ പ്രധാനപ്പെട്ടയാളുടെ പേര് കേസിൽ കുറ്റം ചുമത്തിയപ്പോൾ ഒഴിവാക്കി. ഭൂമിക്കുവേണ്ടി റെയിൽവേ ഹോട്ടലുകൾ കൈമാറ്റം ചെയ്തെന്നാണ് ഇയാൾക്കെതിരെ ഉയർന്ന ആരോപണം.

സിവിസി: ഇതു ശരിയാണെന്നു കണ്ടെത്തി. ഗുരുതരമായ അച്ചടക്കലംഘനം.

3. മുകളിൽ പറഞ്ഞ കേസുമായി ബന്ധപ്പെട്ടു പട്നയിലെ റെയ്ഡുകൾ തിരിച്ചുവിളിച്ചു.

സിവിസി: ഈ ആരോപണം തെളിയിക്കാനായിട്ടില്ല.

4. സിബിഐ ഓഫിസറുടെ സഹോദരനുമായി ബന്ധപ്പെട്ട ബാങ്ക് ക്രമക്കേടിൽ അന്വേഷണം വൈകിപ്പിച്ചു. ഇതുവഴി പ്രധാന പ്രതിക്കു രക്ഷപ്പെടാൻ വഴിയൊരുക്കി.

സിവിസി: ആരോപണം തെറ്റാണെന്നു കണ്ടെത്തി.

5. ബന്ധുവിന്റെ ബാങ്ക് ക്രമക്കേട് കേസുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ഉദ്യോഗസ്ഥനെ കേസ് അന്വേഷണം നിരീക്ഷിക്കാനുതകുന്ന പദവിയിൽ നിയമിച്ചു.

സിവിസി: ആരോപണം വസ്തുതയ്ക്കു നിരക്കുന്നതല്ല.

6. രണ്ടു വ്യവസായികളെ സംബന്ധിച്ചുള്ള രഹസ്യാന്വേഷണ വിവരം മറ്റ് അന്വേഷണ ഏജൻസികളുമായി പങ്കുവച്ചില്ല

സിവിസി: ആരോപണം വസ്തുതയ്ക്കു നിരക്കുന്നതല്ല.

7. ഹരിയാനയിലെ ഭൂമിയേറ്റെടുക്കലിനെക്കുറിച്ചുള്ള അന്വേഷണത്തിൽ കൈക്കൂലി വാങ്ങി.

സിവിസി: അന്വേഷണത്തിനുള്ള സമയക്കുറവുമൂലം ആരോപണം തെളിയിക്കാനായിട്ടില്ല.

8. ഡൽഹി രാജ്യാന്തര വിമാനത്താവളത്തിലെ സ്വർണക്കടത്തുകേസിൽ ഫലപ്രദമായി ഇടപെട്ടില്ല.

സിവിസി: ആരോപണം പൂർണമായി തെളിയിക്കാനായിട്ടില്ല. സിബിഐയുടെ മറ്റൊരു വിഭാഗത്തെക്കൊണ്ടു പുനരന്വേഷിപ്പിക്കണം.

9. കാലിക്കടത്തുകാരെ സഹായിച്ചു.

സിവിസി: ആരോപണം വസ്തുതയ്ക്കു നിരക്കുന്നതല്ല.

10. ആഭ്യന്തര അന്വേഷണത്തിൽ ഗുരുതര അച്ചടക്കലംഘനം കണ്ടെത്തിയ ഉദ്യോഗസ്ഥരെ മറ്റൊരു സ്ഥാനത്തു നിയമിക്കാൻ ശ്രമിച്ചു.

സിവിസി: ആരോപണം വസ്തുതയ്ക്കു നിരക്കുന്നതല്ല.

11. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫിസർക്കെതിരായ സിബിഐ കേസിന്റെ അന്വേഷണത്തിൽ അനാവശ്യമായി ഇടപെട്ടു.

സിവിസി: ആരോപണം ഭാഗികമായി ശരിയാണെന്നു തെളിഞ്ഞു. കൂടുതൽ അന്വേഷണം വേണം.

11 ആരോപണങ്ങൾ ഉയർന്നതിൽ ആറെണ്ണം ഇതുവരെ തെളിയിക്കാനായിട്ടില്ല, അല്ലെങ്കിൽ കൂടുതൽ അന്വേഷണം വേണ്ടിയിരിക്കുന്നു. ഒരെണ്ണം തെറ്റാണെന്നും കണ്ടെത്തിയിട്ടുണ്ട്. നാലുകേസുകളിൽ സാമ്പത്തിക ലാഭം നേടാൻ സാധിച്ചിട്ടില്ലെന്ന് സിവിസി കണ്ടെത്തിയതായും ഖർഗെ യോഗത്തിൽ പറഞ്ഞുവെന്നാണ് റിപ്പോർട്ട്.

കേസുകൾ അന്വേഷിക്കണമെന്നും എന്നാൽ ആരോപണങ്ങൾ ഉയർന്നതുകൊണ്ടുമാത്രം ഒരു വ്യക്തിയെ കുറ്റക്കാരനായി കാണാനാകില്ലെന്നാണ് സുപ്രീം കോടതി പറഞ്ഞതെന്നും ഖർഗെ വ്യക്തമാക്കി. വർമയെ കേൾക്കാതെ കമ്മിറ്റി അന്തിമ തീരുമാനം എടുക്കരുതെന്നും അദ്ദേഹം യോഗത്തിൽ ആവശ്യപ്പെട്ടു.