പ്രതിഷേധം ഭയന്ന് കനകദുര്‍ഗയും ബിന്ദുവും ഇപ്പോഴും രഹസ്യകേന്ദ്രത്തില്‍; അടുത്താഴ്ച മടങ്ങും

കൊച്ചി∙ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമല സന്നിധാനത്തെത്തിയ യുവതികള്‍ വീട്ടിലേക്കു മടങ്ങാനാകാതെ ഇപ്പോഴും രഹസ്യകേന്ദ്രത്തില്‍. ജീവനടക്കം ഭീഷണി നിലനില്‍ക്കുന്നതിനാല്‍ നാട്ടിലേക്ക് തിരിച്ചെത്താനാകാത്ത അവസ്ഥയിലാണു തങ്ങളെന്നും യുവതികള്‍ പറയുന്നു.

സന്നിധാനത്തെത്തിയതിനു പിന്നാലെ കൊച്ചിയിലെ രഹസ്യകേന്ദ്രത്തിലേക്കാണ് ഇവരെ മാറ്റിയിരുന്നത്. വധഭീഷണിയടക്കമുള്ളവയാണു പ്രതിഷേധക്കാരില്‍നിന്നുണ്ടാകുന്നത്. പൊലീസിനെ വിശ്വാസമാണെന്നും അടുത്ത ആഴ്ച വീട്ടിലേക്കു മടങ്ങാമെന്നാണു കരുതുന്നതെന്നും ബിന്ദു പറയുന്നു. 

പൊലീസ് സുരക്ഷയിലാണു മലപ്പുറം സ്വദേശി കനകദുര്‍ഗയും കോഴിക്കോട് സ്വദേശി ബിന്ദുവും ഈമാസം രണ്ടിന് സന്നിധാനത്തെത്തിയത്. ഇതില്‍ പ്രതിഷേധിച്ച് ബിജെപി പിന്തുണയോടെ ശബരിമല കര്‍മസമിതി ഹര്‍ത്താല്‍ നടത്തുകയും ചെയ്തു. രണ്ടാം തവണ നടത്തിയ ശ്രമത്തിനൊടുവിലാണു യുവതികള്‍ക്ക് സന്നിധാനത്തെത്താന്‍ സാധിച്ചത്.

എന്തൊക്കെ പ്രതിഷേധവും കലാപവുമുണ്ടായാലും സന്നിധാനത്തെത്തുമെന്ന് ഉറപ്പിച്ചിരുന്നുവെന്ന് ബിന്ദു പറഞ്ഞു. അവിടെയെത്തുമ്പോള്‍ പേടിയുണ്ടായിരുന്നില്ല. അയ്യപ്പനെ ദര്‍ശിക്കുന്ന ഒരേയൊരു ലക്ഷ്യമാണുണ്ടായിരുന്നത്. തങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചു പ്രവര്‍ത്തകരെ നിയന്ത്രിക്കുകയാണ് ബിജെപി ചെയ്യുന്നതെന്നും ബിന്ദു ആരോപിച്ചു.

എന്നാല്‍ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതില്‍നിന്ന് തങ്ങളെ പിന്തിരിപ്പിക്കാന്‍ ഒട്ടേറെപ്പേര്‍ ശ്രമിച്ചിരുന്നുവെന്ന് കനകദുര്‍ഗ വ്യക്തമാക്കി. പൊലീസും സുഹൃത്തുക്കളും തിരികെപ്പോരാന്‍ നിര്‍ബന്ധിച്ചു. തങ്ങള്‍ക്കെതിരെ ആക്രമണമുണ്ടാകുമോയെന്നും വരാനിരിക്കുന്ന പ്രത്യാഘാതങ്ങളെ ഭയന്നുമായിരുന്നു ഇതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.