സാമ്പത്തിക സംവരണ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം; കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി

ന്യൂഡൽഹി∙ സാമ്പത്തിക സംവരണ ബില്ലിനു രാഷ്ട്രപതിയുടെ അംഗീകാരം. മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കു തൊഴിൽ, വിദ്യാഭ്യാസ മേഖലകളിൽ 10 ശതമാനം സംവരണം നൽകുന്ന ബില്ലിലാണു രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഒപ്പുവച്ചത്. ഇതോടെ  സംവരണ നിയമം പ്രാബല്യത്തിൽ വരും. ഇതു സംബന്ധിച്ചു കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചു.

ഈ ആഴ്ച ആദ്യമാണു കേന്ദ്ര സർക്കാർ ബിൽ ലോക്സഭയിലും രാജ്യസഭയിലും അവതരിപ്പിച്ചത്. ലോക്സഭയിൽ മൂന്നിനെതിരെ 323 വോട്ടിനും രാജ്യസഭയിൽ ഏഴിനെതിരെ 165 വോട്ടിനുമാണ് ബിൽ പാസായത്. കോൺഗ്രസും സിപിഎമ്മും ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു. ബിൽ സെലക്ട് കമ്മിറ്റിക്കു വിടണമെന്ന ഇടതു കക്ഷികളുടെ ആവശ്യം വോട്ടിനിട്ടു തള്ളിയിരുന്നു.

സംവരണത്തിനായി ഭരണഘടനയുടെ 15, 16 വകുപ്പുകളാണു ഭേദഗതി ചെയ്തത്. നിയമനിർമാണത്തിനുള്ള ഭരണഘടനാപരമായ തടസ്സങ്ങൾ ഒഴിവാക്കുന്നതാണു ഭേദഗതി. 124–ാം ഭരണഘടനാ ഭേദഗതിയാണിത്. ഇതാണു രാഷ്ട്രപതി അംഗീകരിച്ചത്. മുന്നാക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി ദുർബലരായവർക്കു സർക്കാർ ഉദ്യോഗത്തിലും സർക്കാർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 10% സംവരണത്തിനുള്ളതാണു ഭേദഗതി. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു വ്യവസ്ഥ ബാധകമല്ല.