‘കൂട്ടിലടച്ച തത്ത’യെ മെരുക്കാൻ മോദി; വീണ്ടും ചിലയ്ക്കുമോ ‘വർമയുടെ തത്തകൾ’

വിട്ടുകൊടുക്കില്ലെന്ന മട്ടായിരുന്നു ഈ നാൾ വരെ ആലോക് വർമയ്ക്ക്. സ്ഥാനമൊഴിഞ്ഞ് അദ്ദേഹം മടങ്ങിയിരിക്കുന്നു. എന്നാൽ, വെടിനിർത്തൽ മതിയാക്കിയോ എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല. രാജ്യത്തെ ഏറ്റവും വലിയ അന്വേഷണ ഏജൻസിയായ സിബിഐയെ മാസങ്ങളായി പിടിച്ചുകുലുക്കിയ പ്രതിസന്ധി അവസാനിക്കുമോ എന്നതാണ് അടുത്ത ചോദ്യം.

ഒന്നാമൻ പുറത്താക്കപ്പെട്ടിരിക്കുന്നു, രണ്ടാമനായ രാകേഷ് അസ്താനയാവട്ടെ അഴിമതി കേസിൽ അന്വേഷണം നേരിടുന്നു. ഡയറക്ടറുടെ ചുമതലയിലേക്കു വന്ന എം.നാഗേശ്വർ റാവുവിന് ഏജൻസിയിലെ ഒന്നാമന്റെയും രണ്ടാമന്റെയും അഴിമതി ഇടപാടുകളെക്കുറിച്ച് അന്വേഷിക്കണം. അസാധാരണമായ സ്ഥിതിവിശേഷമാണിപ്പോൾ സിബിഐയിൽ. 

സിബിഐയിൽ ഇനിയെന്ത് ?

ആലോക് വർമയെ നീക്കിയിരുന്നില്ലെങ്കിലും ഈ മാസം അവസാനത്തോടെ സിബിഐയ്ക്കു പുതിയ ഡയറക്ടറെ കണ്ടെത്താൻ സർക്കാർ ആലോചിച്ചിരുന്നു. വർമയുടെ കാലാവധി 31ന് അവസാനിക്കുമെന്നതായിരുന്നു കാരണം. വർമയ്ക്കു ശേഷം പറഞ്ഞുകേട്ട സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താന ഇനി ഈ പദവിയിലേക്ക് എത്തില്ലെന്നു വ്യക്തമായി. അഴിമതിക്കേസിൽ അന്വേഷണത്തിനു തടസമില്ലെന്നു ഡൽഹി ഹൈക്കോടതി വിധി കൂടി വന്നതോടെ അവസാനത്തെ ആണിയും പതിഞ്ഞുകഴിഞ്ഞു. ഡയറക്ടർ പദവി ലക്ഷ്യമിട്ട് മോദി നേരിട്ടു സിബിഐയിൽ എത്തിച്ചയാളായിരുന്നു അസ്താന. പുതിയ 4 പേരുകളാണ് ഡയറക്ടർ സ്ഥാനത്തേക്കു പരിഗണനയിലുള്ളത്. 

പദവി ഒഴിഞ്ഞെങ്കിലും ആലോക് വർമയുടെ സ്വാധീനം വരുംദിവസങ്ങളിൽ സിബിഐയുടെ നീക്കങ്ങളിൽ പ്രതിഫലിക്കുമെന്നതു വ്യക്തമാണ്. സിബിഐയിൽ ശക്തമായ ഉദ്യോഗസ്ഥ പിന്തുണയുള്ളവരാണ് ആലോക് വർമയും അസ്താനയും. ഇതുതന്നെയാണ് സിബിഐയിലെ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കിയത്. സർക്കാരിനെയും അസ്താനയേയും അടക്കം പ്രതിക്കൂട്ടിലാക്കുന്ന വെളിപ്പെടുത്തലുകൾക്ക് ആലോക് വർമയ്ക്കും പിന്തുണയ്ക്കുന്നവർക്കും ഇപ്പോഴും ത്രാണിയുണ്ട്. ഇവരുടെ പോരാട്ടം അങ്ങനെയങ്ങ് കെട്ടുപോകില്ലെന്നാണ് സൂചന.

സിബിഐയെ സംബന്ധിച്ചു ഇത്തരം പ്രതിസന്ധികൾ പുതിയ കഥയല്ല. മോദി സർക്കാർ അധികാരത്തിലെത്തും മുമ്പു തന്നെ അധികാര വടംവലിയും രാഷ്ട്രീയ ഇടപെടലുകളുമെല്ലാം സിബിഐയെ വശംകെടുത്തിയിട്ടുണ്ട്. പക്ഷേ, ഒന്നുണ്ട്, നരേന്ദ്ര മോദി അധികാരത്തിലെത്തിയതിനു പിന്നാലെ ഗുജറാത്ത് കേഡറിൽന്നുള്ള ഉദ്യോഗസ്ഥരെ സിബിഐയിലേക്കു തള്ളിക്കയറ്റിയതു പ്രശ്നങ്ങൾ ഇന്നുംകാണുംവിധം നാണക്കേടാക്കി. മോദി അധികാര കസേരയിൽ എത്തിയതിനു പിന്നാലെ സിബിഐയുടെ ഉന്നത സ്ഥാനങ്ങളിലേക്കു വന്നിറങ്ങിയതു ഗുജറാത്ത് കേഡറിൽ നിന്നുള്ള 7 ഉദ്യോഗസ്ഥരാണ്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ, വകുപ്പു സെക്രട്ടറിമാർ വഴി മറ്റു മന്ത്രിമാരെയും വകുപ്പുകളെയും ഹൈജാക്ക് ചെയ്യാനുപയോഗിച്ച അതേ തന്ത്രമായി ഇതു വ്യാഖ്യാനിക്കപ്പെട്ടു. 

നരേന്ദ്ര മോദിക്കു പറ്റിയ പിഴവ്

പ്രധാനമന്ത്രിയുടെ ഓഫിസുമായുള്ള (പിഎംഒ) അടുപ്പത്തിന്റെ പേരിൽ ഒരേ കേഡറിൽ നിന്നെത്തിയ ഉദ്യോഗസ്ഥർ തന്നെ പല അധികാര കേന്ദ്രങ്ങളായതായിരുന്നു തുടക്കം. സിബിഐയിലെ വിവാദ ഇടനിലക്കാരനായി കുപ്രസിദ്ധിയാർജിച്ച മൊയിൻ ഖുറേഷി അടക്കമുള്ളവരുടെ സ്വാധീനം തുടർന്നതോടെ സ്ഥിതി വഷളായി. ഗുജറാത്ത് കലാപം അന്വേഷിച്ചു മോദിക്കു ക്ലീൻ ചിറ്റ് നൽകിയ വൈ.സി.മോദി അഡീഷനൽ ഡയറക്ടറായി എത്തിയതായിരുന്നു  സിബിഐയിൽ മോദി യുഗത്തിന്റെ തുടക്കം.

പിന്നാലെ, ഇസ്രത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസ് കൈകാര്യം ചെയ‌്ത എ.കെ.ശർമ ജോയിന്റ് ഡയറക്ടറായി എത്തി. പ്രധാനമന്ത്രിയുമായുള്ള അടുപ്പം ഇവർ ശരിക്കും ഉപയോഗിച്ചതോടെ, അന്ന് ഡയറക്ടറായിരുന്ന അനിൽ സിൻഹ നിശ്ശബ്ദനായി. വിശ്വസ്തനായ ആർ.എസ്.ഭാട്ടിയെ സിബിഐ പോളിസി വിഭാഗം ചുമതലയുള്ള ജോയിന്റ് ഡയറക്ടറാക്കി സിൻഹ നിയമിച്ചത് ഇരു‌വ‌രെയും ചൊടിപ്പിച്ചു. പിഎംഒയുമായുള്ള ഏകോപനച്ചുമതല ഭാട്ടിക്കാണെന്നതായിരുന്നു കാര‌ണം. ഇതിനു പിന്നാലെയാണ് ഗുജറാത്ത് കേഡറിൽനിന്നു രാകേഷ് അസ്താന‌യെത്തിയത്.

സിബിഐയുടെ പൂർണാധികാരം കൈപ്പിടിയിലാ‌ക്കാനുള്ള നീക്കം തുടക്കത്തിലേ പാളി. അസ്താനയുടെ വരവോടെ സിബിഐയിൽ അഴിച്ചുപണി വന്നു. ഭാട്ടിയെ മാറ്റി എ.കെ.ശർമയ്ക്കു പോളിസി ചുമതല ന‌ൽകി. ഇതു സിബിഐയിൽ ഗുജറാത്ത് – ബിഹാർ പോരാട്ടമായി രൂപപ്പെട്ടു. സിൻഹയും ഭാട്ടിയും ബിഹാർ കേഡറിലെ ‌ഉദ്യോഗസ്ഥരായിരുന്നു. നിതീഷ് കുമാർ – ബിജെപി അസ്വാരസ്യങ്ങൾക്കിടയിൽ രാഷ്ട്രീയമാനങ്ങളും കൈവന്നു.

കാലാവധി തീരാനിരിക്കെ സിൻഹ നിശബ്ദത തുട‌ർന്നതോടെ അസ്താന – വൈ.സി.മോദി – എ.കെ.ശർമ ത്രയത്തിന്റെ കയ്യിലായി സിബിഐ. അഡീഷനൽ ഡയറക്ടറായി എത്തിയ അസ്താനയ്ക്കു പൂർണ ചുമതല നൽകാൻ, സീനിയോറിറ്റിയുണ്ടായിരുന്ന ആർ.കെ.ദത്തയെ മാറ്റിയതായിരുന്നു അടുത്ത പിഎംഒ ഇടപെടൽ. ഇതിനെതിരെ പ്രശാന്ത് ഭൂഷൺ കോടതിയെ സമീപിച്ചതോടെ ആലോക് വർമയെ ഡയറക‌്ടറാക്കി സർക്കാർ തടിയൂരി.

ഇതിനിടെ വൈ.സി.മോദി എൻഐഎയിലേക്കു പോയതോടെ പിഎംഒയുടെ ആശയവിനിമയം അസ്താനയിലൊതുങ്ങി.‌ സിബിഐയിലെ അധികാര സൂത്രവാക്യങ്ങൾ മാ‌റിമറിഞ്ഞു. എ.കെ.ശർമ ആലോക് വർമയ്ക്കൊപ്പം ചേർന്ന് അസ്താനയ്ക്കെ‌തിരെ നീങ്ങി. അസ്താനയ്ക്കെതിരായ അന്വേഷണച്ചുമതല ‌പോലും ശർമ ‌ഏറ്റെടുത്തതോടെ അധികാരപ്പോരിനു പുതിയ മാനങ്ങളും വന്നു. ഉദ്യോഗസ്ഥർതന്നെ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയതോടെ പിഎംഒ പ്രതിക്കൂട്ടിലായി. സുപ്രീംകോടതി ഇടപെടലിൽ ആലോക് വർമ പദവിയിൽ തിരിച്ചെത്തിയെങ്കിലും ഉന്നതാധികാര സമിതിയിൽ മോദിയുടെ ഇംഗിതം നടപ്പായി, വർമ പുറത്തായി. 

ഇതൊന്നും വലിയ പുതുമയല്ല

രാഷ്ട്രീയ പ്രമുഖർക്കെതിരെ, ഹവാലാക്കേസിൽ 1995ൽ കുറ്റപത്രം തയാറാക്കിയപ്പോൾ, പി.വി.നരസിംഹറാവു തനിക്കു ഭീഷണിയാകാനിടയുള്ള നേതാക്കളുടെ (മാധവറാവു സിന്ധ്യ മുതൽ എൽ.കെ.അഡ്വാനി വരെ) പ്രതിഛായ കളങ്കപ്പെടുത്താൻ സിബിഐയെ ഉപയോഗപ്പെടുത്തിയെന്ന ആരോപണം മുതൽ എത്രയെത്ര പ്രതിസന്ധികൾ കടന്നെത്തിയതാണ് ഇന്നത്തെ സിബിഐ. ഇതേ കേസിലായിരുന്നു വിനീത് നരെയൻ പൊതുതാൽപര്യ ഹർജിയിൽ സുപ്രീംകോടതി വിധി പറഞ്ഞതും, സിബിഐയെ സ്വതന്ത്രമാക്കണമെന്നു ഉത്തരവിട്ടതും. എന്നിട്ടും രാഷ്ട്രീയ ഇടപെടലുകളും ഉദ്യോഗസ്ഥ വീഴ്ചകളും സിബിഐ പ്രതിരോധത്തിലാക്കി കൊണ്ടേയിരുന്നു.

2013 ൽ കൽക്കരിപ്പാട കേസിലെ റിപ്പോർട്ടുകൾ രാഷ്ട്രീയ താൽപര്യത്തിന് അനുസരിച്ചു തിരുത്തിയതായിരുന്നു ഇതിനു മുൻപത്തെ വലിയ വിവാദം. സിബിഐയെ ‘കൂട്ടിലടച്ച തത്ത’ എന്നു സുപ്രീംകോടതി വിമർശിച്ചത് ഈ പശ്ചാത്തലത്തിലായിരുന്നു. മുൻ മേധാവിക്കെതിരെ നിലവിലുള്ള മേധാവിയുടെ നേതൃത്വത്തിൽ അന്വേഷണമെന്ന നാണക്കേടും ചരിത്രത്തിലാദ്യമായി സിബിഐ തേടിയെത്തിയത് 2014ലായിരുന്നു. കൽക്കരിപ്പാടം അഴിമതിക്കേസ് അന്വേഷണം അട്ടിമറിക്കാൻ സിബിഐ മുൻ മേധാവി രഞ്‌ജിത് സിൻഹ അധികാരം ദുരുപയോഗിച്ചെന്നതായിരുന്നു കേസ്.

സിബിഐ ഉദ്യോഗസ്ഥർക്കെതിരെ ആത്മഹത്യാക്കുറിപ്പ് എഴുതി മുൻ കോർപറേറ്റ് കാര്യ ഡയറക്ടർ ജനറൽ ബി.കെ.ബൻസലും കുടുംബവും ആത്മഹത്യ ചെയ്ത സംഭവം ആയിരുന്നു മറ്റൊന്ന്. രഞ്ജിത്ത് സിൻഹയ്ക്കു പിന്നാലെ സിബിഐ മുൻ ഡയറക്‌ടറായ എ.പി.സിങ്ങിനെതിരെ വന്ന അഴിമതി ആരോപണം, കോടികൾ തട്ടി രാജ്യം വിടാൻ ശ്രമിച്ച വിജയ് മല്യക്കെതിരെയുള്ള ലുക്കൗട്ട് നോട്ടിസിൽ  വെള്ളം ചേർത്തത്, സീനിയോറിറ്റിയും അർഹതയുംകൊണ്ടു സിബിഐ ഡയറക്ടറാകേണ്ട ആർ.കെ.ദത്തയെ ഒഴിവാക്കിയത് തുടങ്ങിയ വിവാദങ്ങൾ വേറെ.