എസ്ബിഐ ആക്രമണം: റിമാൻഡിലായ പ്രതികൾക്ക് സസ്പെൻഷൻ

തിരുവനന്തപുരം∙ അഖിലേന്ത്യാ പണിമുടക്കു ദിവസം സെക്രട്ടേറിയറ്റിനു മുന്നിലെ എസ്ബിഐ ട്രഷറി മെയിൻ ശാഖയിലെ മാനേജരുടെ കാബിൻ അടിച്ചുതകർത്തിനെ തുടർന്നു റിമാൻഡിലായ സിപിഎം ആഭിമുഖ്യമുളള എൻജിഒ യൂണിയൻ നേതാക്കൾക്ക് സസ്പെൻഷൻ. യൂണിയൻ തൈക്കാട് ഏരിയ സെക്രട്ടറി എ.അശോകൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.വി.ഹരിലാൽ എന്നിവരാണ് സസ്പെൻഷനിലായത്.

ജില്ല ട്രഷറി ഓഫിസിലെ ക്ലാർക്കായ അശോകനും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഓഫിസ് അറ്റൻഡന്റായ ഹരിലാലും ജാമ്യമില്ലാത്ത കുറ്റത്തിനാണ് റിമാൻഡിലായത്. ഈ വിവരം ഇരുവരുടെയും ഓഫിസുകളിൽ പൊലീസ് അറിയിച്ചതിനെ തുടർന്നാണ് നടപടി. അതേസമയയം എന്‍ജിഒ യൂണിയന്‍ ജില്ലാ പ്രസിഡന്റും സംസ്ഥാന കമ്മിറ്റിയംഗവും അടക്കം 15 പേര്‍ പ്രതികളെന്ന് തിരിച്ചറിഞ്ഞെങ്കിലും രണ്ട് പേര്‍ കീഴടങ്ങിയതല്ലാതെ ഇതുവരെ ആരെയും പിടിച്ചിട്ടില്ല. അക്രമം നടത്തിയ സംഭവത്തിലെ മുഖ്യപ്രകളെ തിരിച്ചറിഞ്ഞു. ഇവർ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.

അനിൽ കുമാർ (സിവിൽ സപ്ലൈസ്), അജയകുമാര്‍ (സെയിൽസ്ടാക്സ്), ശ്രീവൽസൻ (ട്രഷറി ഡയറക്ടറേറ്റ്), ബിജു രാജ് (ആരോഗ്യവകുപ്പ്), വിനുകുമാർ എന്നിവരാണു മുഖ്യപ്രതികൾ. തിരുവനന്തപുരത്താണ് ഇവർ ഒളിവിൽ കഴിയുന്നെന്നാണ് സൂചന. ആക്രമണത്തിനു നേതൃത്വം നൽകിയ രണ്ട് ഇടതുനേതാക്കളുടെ ഫോൺ ലൊക്കേഷൻ വഴുതക്കാടാണെന്നു കണ്ടെത്തി. സിപിഎമ്മിന്റെ സംരക്ഷണത്തിലാണ് ഇവരെന്നാണ് പൊലീസ് വിലയിരുത്തൽ.