എസ്പിയും ബിഎസ്പിയും ഇല്ലെങ്കിൽ വേണ്ട; യുപിയിൽ 80 സീറ്റിലും മൽസരിക്കാൻ കോൺഗ്രസ്

ന്യൂഡൽഹി∙ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ ഒറ്റയ്ക്കു മൽസരിക്കുമെന്ന പ്രഖ്യാപനവുമായി കോൺഗ്രസ് രംഗത്ത്. സഹകരണ സാധ്യതകളിൽ കരിനിഴൽ വീഴ്ത്തി സമാജ്‌വാദി പാർട്ടി–ബഹുജൻ സമാജ്‍വാദി പാർട്ടി നേതാക്കൾ സഖ്യം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഉത്തർപ്രദേശിലെ 80 സീറ്റുകളിലും മൽസരിക്കുമെന്ന പ്രഖ്യാപനവുമായി കോൺഗ്രസിന്റെ രംഗപ്രവേശം. യുപിയിൽ 38 വീതം സീറ്റുകളിൽ മൽസരിക്കുമെന്ന് പ്രഖ്യാപിച്ച എസ്പി–ബിഎസ്പി സഖ്യം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, സോണിയ ഗാന്ധി എന്നിവരുടെ മണ്ഡലങ്ങളായ അമേഠി, റായ്ബറേലി എന്നിവിടങ്ങളിൽ സ്ഥാനാർഥികളെ നിർത്തില്ലെന്നു വ്യക്തമാക്കിയിരുന്നു. എന്നാൽ, 80 സീറ്റിലും മൽസരിക്കുമെന്ന പ്രഖ്യാപനത്തോടെ മൽസരത്തിനു തയാറാണെന്ന സൂചനയാണ് കോൺഗ്രസ് നൽകുന്നത്.

അതേസമയം, സഖ്യ സാധ്യതകൾ പൂർണമായും അടയ്ക്കാതെയാണ് കോൺഗ്രസിന്റെ പ്രഖ്യാപനമെന്നതും ശ്രദ്ധേയം. ഉത്തർപ്രദേശിലെ 80 സീറ്റിലും മൽസരിച്ച് ബിജെപിയെ പരാജയപ്പെടുത്തുമെന്നാണു തീരുമാനം പ്രഖ്യാപിച്ച എഐസിസി ജനറൽ സെക്രട്ടറി ഗുലാം നബി ആസാദ് അറിയിച്ചത്. മാത്രമല്ല, ബിജെപിയെ എതിരിടാൻ ശേഷിയുള്ള പാർട്ടികൾ മുന്നോട്ടുവന്നാൽ സഹകരിക്കുന്ന കാര്യം പരിഗണിക്കുമെന്നും ഉത്തർപ്രദേശിന്റെ ചുമതല കൂടി വഹിക്കുന്ന ആസാദ് വ്യക്തമാക്കി. തിരഞ്ഞെടുപ്പു തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യാനായി ലക്നൗവില്‍ ചേർന്ന പാർട്ടി യോഗത്തിനുശേഷമാണ് ആസാദും സംഘവും മാധ്യമങ്ങളെ കണ്ടത്.

2009ലെ പൊതുതിരഞ്ഞെടുപ്പിൽ നേടിയതിന്റെ ഇരട്ടി സീറ്റുകൾ നേടാൻ ഇക്കുറി കോൺഗ്രസിനു സാധിക്കുമെന്നും ആസാദ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. 2009 ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി 21 സീറ്റുകളിലാണു വിജയിച്ചത്. ഉത്തർപ്രദേശിലെ ബിജെപിയെ നേരിടുന്ന മഹാസഖ്യത്തിൽ അംഗമാകണമെന്നായിരുന്നു കോൺഗ്രസിന്റെ ആഗ്രഹമെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി ആസാദ് പറഞ്ഞു. മറ്റുള്ളവർക്ക് അതിനു താൽപര്യമില്ലെങ്കിൽ ഒന്നും ചെയ്യാനില്ലെന്നും ആസാദ് ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുപ്പിനു ശേഷം എസ്പി–ബിഎസ്പി സഖ്യവുമായി സഹകരിക്കാനുള്ള സാധ്യതയെക്കുറിച്ച് ആരാഞ്ഞപ്പോൾ, ‘ദേശീയ തലത്തിൽ എല്ലാ മതേതര പ്രാദേശിക പാർട്ടികളെയും കോൺഗ്രസ് സ്വാഗതം ചെയ്യുന്നു’വെന്ന് അദ്ദേഹം പ്രതികരിച്ചു. എസ്പി–ബിഎസ്പി സഖ്യത്തിൽനിന്നു പുറത്തായതിൽ കോൺഗ്രസിനു യാതൊരു നിരാശയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സഖ്യത്തിലേ‍ർപ്പെട്ടിരുന്നെങ്കിൽ പരമാവധി 25 സീറ്റിൽ കോൺഗ്രസിന്റെ സാന്നിധ്യം ഒതുങ്ങിയേനെ. ഇപ്പോഴത്തെ സാഹചര്യത്തിൽ 80 സീറ്റിലും കോൺഗ്രസിനു മൽസരിക്കാൻ സാധിക്കുമെന്ന് ആസാദ് ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസിനെ ഒഴിവാക്കി എസ്പിയും ബിഎസ്പിയും ഒരുമിച്ചു മത്സരിക്കുമെന്നു അഖിലേഷ് യാദവും മായാവതിയും ഇന്നലെയാണു പ്രഖ്യാപിച്ചത്. ഇന്നലെ ഇരുപാര്‍ട്ടികളുടെയും പ്രഖ്യാപനം വന്നതിനു പിന്നാലെ ഗുലാംനബി ആസാദ് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബബ്ബാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സഖ്യപ്രഖ്യാപനത്തോടു കരുതലോടെ പ്രതികരിച്ചാല്‍ മതിയെന്നായിരുന്നു പാര്‍ട്ടിയുടെ തീരുമാനം.