കോമൺവെൽത്ത് ട്രൈബ്യൂണലിലേക്കില്ല; കേന്ദ്ര സർക്കാർ നിർദേശം നിരസിച്ച് എ.കെ.സിക്രി

ന്യൂഡൽഹി∙ കോമൺവെൽത്ത് സെക്രട്ടറിയേറ്റ് ആർബിട്രൽ ട്രൈബ്യൂണലിലേക്കുള്ള കേന്ദ്ര സർക്കാരിന്റെ നാമനിർദേശം നിരസിച്ച് ജസ്റ്റിസ് എ.കെ.സിക്രി. നിയമ സെക്രട്ടറിക്ക് അയച്ച കത്തിലാണ് സിക്രി ഈ കാര്യം അറിയിച്ചത്. 2019 മാർച്ച് 6ന് ആണ് സുപ്രീം കോടതി ജഡ്ജിയായ എ.കെ.സിക്രി വിരമിക്കുന്നത്. ഇതിനു ശേഷം ചുമതല ഏറ്റെടുക്കാനാണ് വിദേശകാര്യ മന്ത്രാലയം നിർദേശിച്ചത്. എന്നാൽ വിരമിക്കലിനു ശേഷം പദവികൾ ഏറ്റെടുക്കാൻ താൽപര്യമില്ലെന്നു നിയമ സെക്രട്ടറിക്ക് അയച്ച കത്തിൽ സിക്രി പറഞ്ഞു.

സിബിഐ ഡയറക്ടർ ആലോക് വർമയെ പുറത്താക്കുന്നതിനുള്ള തീരുമാനം കൈക്കൊണ്ട ഉന്നതാധികാര സമിതിയിൽ അംഗമായിരുന്നു ജസ്റ്റിസ് എ.കെ.സിക്രി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനത്തിന് അനുകൂലമായ നിലപാടാണ് സിക്രി സ്വീകരിച്ചത്. ഇതാണ് ആലോക് പുറത്താക്കുന്നതിൽ നിർണായകമായത്. അടുത്തിടെ നടന്ന ചില സംഭവവികാസങ്ങൾ വേദന ഉളവാക്കിയെന്നു സിക്രി കത്തിൽ പറ​ഞ്ഞതായാണ് സൂചന.

53 കോമൺവെൽത്ത് രാജ്യങ്ങളുടെ പ്രശ്നപരിഹാര സമിതിയാണ് 2005ൽ സ്ഥാപിതമായ കോമൺവെൽത്ത് സെക്രട്ടറിയേറ്റ് ആർബിട്രൽ ട്രൈബ്യൂണൽ(സിഎസ്എടി). ഒരു പ്രസിഡന്റും എട്ട് അംഗങ്ങളും അടങ്ങുന്നതാണ് ട്രൈബ്യൂണൽ.