‘മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ 2018’ പുരസ്കാരം മല്‍സ്യത്തൊഴിലാളികള്‍ക്ക്

പ്രളയകാലത്ത് രക്ഷകരായ മല്‍സ്യത്തൊഴിലാളികള്‍ക്ക് 'മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ 2018' പുരസ്കാരം. കല്യാണ്‍ സില്‍ക്സിന്‍റെ സഹകരണത്തോടെ മനോരമ ന്യൂസ് നടത്തിയ അഭിപ്രായവോട്ടെടുപ്പിലാണ് മല്‍സ്യത്തൊഴിലാളികള്‍ വാര്‍ത്താതാരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടത്.

മനോരമ ന്യൂസ് ചാനലില്‍ സംപ്രേഷണം ചെയ്ത പരിപാടിയില്‍ സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ് പുരസ്കാരം പ്രഖ്യാപിച്ചു. മനുഷ്യന്‍റെ മനസ്സ് എങ്ങനെയായിരിക്കണം എന്നാണ് മല്‍സ്യത്തൊഴിലാളികള്‍ ചൂണ്ടിക്കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജാതിമതഭേദത്തിനതീതമായ നവോത്ഥാനത്തിന്‍റെ സന്ദേശമാണ് മല്‍സ്യത്തൊഴിലാളികള്‍ നല്‍കുന്നതെന്ന് കുര്യന്‍ ജോസഫ് പറഞ്ഞു.

കവി കുരീപ്പുഴ ശ്രീകുമാര്‍, ഐ.എം.ജി.അസിസ്റ്റന്‍റ് പ്രഫസര്‍ ഡോ.അനീഷ്യ ജയദേവ് എന്നിവര്‍ ന്യൂസ്മേക്കര്‍ തിരഞ്ഞെടുപ്പിനെ വിലയിരുത്തി. ഏറ്റവും ഉചിതമായ തിരഞ്ഞെടുപ്പാണ് മലയാളികള്‍ നടത്തിയതെന്ന് കുരീപ്പുഴ ശ്രീകുമാര്‍ പറഞ്ഞു. ആലപ്പാട് ഗ്രാമത്തിന്‍റെ പ്രശ്നം പരിഹരിച്ച് കേരളം മല്‍സ്യത്തൊഴിലാളികള്‍ക്ക് പ്രത്യുപകാരം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒത്തൊരുമയുടെ സന്ദേശമാണ് മല്‍സ്യത്തൊഴിലാളികള്‍ നല്‍കിയതെങ്കില്‍ നാം പിന്നീടത് മറന്നുപോയെന്ന് ശബരിമലപ്രശ്നത്തെ ചൂണ്ടിക്കാട്ടി ഡോ.അനീഷ്യ പറ‍ഞ്ഞു.

പ്രളയകാലത്ത് സൈന്യത്തിനുപോലും എത്തിപ്പെടാന്‍ കഴിയാതിരുന്ന മേഖലകളില്‍ സ്തുത്യര്‍ഹമായ രക്ഷാപ്രവര്‍ത്തനമാണ് മല്‍സ്യത്തൊഴിലാളികള്‍ നടത്തിയത്. നാലായിരത്തിയഞ്ഞൂറില്‍പരം മല്‍സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തിയത് അറുപത്തിയയ്യായിരത്തോളം പേരെയാണ്. ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍, ആരോഗ്യമന്ത്രി കെ.കെ.ശൈലജ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള എന്നിവരാണ് മല്‍സ്യത്തൊഴിലാളികള്‍ക്കൊപ്പം ന്യൂസ്മേക്കര്‍ 2018 അന്തിമപട്ടികയില്‍ ഉണ്ടായിരുന്നത്. ഒരു വ്യാഴവട്ടം പൂര്‍ത്തിയാക്കിയ ന്യൂസ്മേക്കര്‍ പുരസ്കാര പരമ്പരയില്‍ ഇതാദ്യമായാണ് ഒരു സമൂഹം ജേതാക്കളാകുന്നത്.