കര്‍ണാടകയില്‍ അട്ടിമറിക്ക് ബിജെപി; 13 ഭരണപക്ഷ എംഎല്‍എമാരെ രാജിവയ്പിച്ച് അവിശ്വാസത്തിനു നീക്കം

ബെംഗളൂരു∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് എന്തു വില കൊടുത്തും കർണാടകയിലെ കോൺഗ്രസ്- ജനതാദൾ എസ് ഭരണ സഖ്യത്തെ അട്ടിമറിക്കാനുള്ള തീവ്രശ്രമവുമായി ബിജെപി. പത്തു കോണ്‍ഗ്രസ് എംഎല്‍എമാരുമായും മൂന്നു ജെഡിഎസ് എംഎല്‍എമാരുമായും ബിജെപി നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണെന്നാണു റിപ്പോര്‍ട്ട്. ഇവരെ രാജിവയ്പിച്ച ശേഷം സര്‍ക്കാരിനെതിരേ അവിശ്വാസപ്രമേയം അവതരിപ്പിക്കാനുള്ള കരുക്കളാണ് ബിജെപി നീക്കുന്നത്.

പാർട്ടി സംസ്ഥാന അധ്യക്ഷൻ യെഡിയൂരപ്പയുടെ നേതൃത്വത്തിൽ കർണാടകയിൽ നിന്നുള്ള ബിജെപി എംപിമാരും എംഎൽഎമാരും ഡൽഹിയിൽ ഇതു സംബന്ധിച്ച് കൂടിയാലോചന നടത്തി. മന്ത്രിസഭാ പുനസംഘടനയിൽ അർഹമായ സ്ഥാനം ലഭിക്കാത്തതിനെ തുടർന്ന് കുമാരസ്വാമി സർക്കാരുമായി ഇടഞ്ഞു നിൽക്കുന്ന കോൺഗ്രസ് എംഎൽഎമാർ ഡൽഹിയിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുമായി ചർച്ച നടത്താൻ അവസരം തേടിയിരിക്കുകയാണെന്നും അഭ്യൂഹമുണ്ട്. 

ഇതിനിടെ 3 കോൺഗ്രസ് എംഎൽഎമാർ മുംബൈയിലെ റിസോർട്ടിലാണെന്ന് മന്ത്രി ഡി.കെ ശിവകുമാർ ഞായറാഴ്ച ഉയർത്തിവിട്ട ആരോപണം ശക്തിപ്രാപിക്കുന്നു. കോൺഗ്രസ് എംഎൽഎമാരായ രമേഷ് ജാർക്കിഹോളി (ഗോഖക്) , ആനന്ദ് സിങ് (വിജയനഗര), ബി.നാഗേന്ദ്ര ( ബെള്ളാരി റൂറൽ) തുടങ്ങിയവർക്കു നേരെയാണ് സംശയം നീളുന്നത്. 

ഇവർക്കൊപ്പം നാഗേന്ദ്രയുടെ ഉറ്റ സുഹൃത്ത്  മഹേഷ് കുമത്തല്ലി (അത്താണി), ശ്രീമന്ത് പാട്ടീൽ (കഗ്‍വാഡ്), ഉമേഷ് ജാദവ് (ചിഞ്ചോളി) തുടങ്ങിയ എംഎൽഎമാരുടെ നീക്കങ്ങളും കോൺഗ്രസ് നേതൃത്വം നിരീക്ഷിച്ചു വരുന്നു. കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് 120 സീറ്റുകളാണുള്ളത്. ബിജെപിക്ക് 104 സീറ്റുകളുണ്ട്.

അതിനിടെ തങ്ങളുടെ എംഎല്‍എമാരെ ഗുഡ്ഗാവിലെ റിസോര്‍ട്ടിലേക്കു മാറ്റാന്‍ ബിജെപി തീരുമാനിച്ചു. 4-5 ബിജെപി എംഎല്‍എമാര്‍ പാര്‍ട്ടിയില്‍ ചേരാന്‍ തങ്ങളുമായി ചര്‍ച്ചയിലാണെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവു പറഞ്ഞതിനു പിന്നാലെയാണ് ബിജെപിയുടെ നീക്കം. ബിജെപിക്കുള്ളില്‍ അവര്‍ അസന്തുഷ്ടരാണെന്നും കോണ്‍ഗ്രസില്‍ ചേരുമെന്നും കര്‍ണാടക ആഭ്യന്തരമന്ത്രി എംബി പാട്ടീലും പറഞ്ഞിരുന്നു.

അനാവശ്യമായി ബിജെപിയെ ഭയക്കുന്നു: യെഡിയൂരപ്പ

അതേസമയം കോൺഗ്രസ് വിമത എംഎൽഎമാരെ വലയിലാക്കാനുള്ള ഒരു നീക്കവും  ബിജെപിയുടെ ഭാഗത്തു നിന്നില്ലെന്നും ഡൽഹിയിൽ യോഗം വിളിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണെന്നും യെഡിയൂരപ്പ  പ്രതികരിച്ചു.  ആരോപണത്തിൽ കഴമ്പില്ല. കോൺഗ്രസും ദളും അനാവശ്യമായി ബിജെപിയെ ഭയക്കുന്നുവെന്നും യെഡിയൂരപ്പ വ്യക്തമാക്കി. പാര്‍ട്ടിയെ അവഹേളിക്കാനുള്ള ശ്രമങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നതെന്ന് ബിജെപി എംഎൽഎ  ബി ശ്രീരാമുലു പ്രതികരിച്ചു. 

സഖ്യത്തിലെ എംഎൽഎമാരാരും കൂറുമാറില്ലെന്ന് കോൺ-ദൾ ഏകോപന സമിതി അധ്യക്ഷൻ സിദ്ധരാമയ്യ പറഞ്ഞു. സര്‍ക്കാര്‍ സുരക്ഷിതമാണെന്നും എംഎല്‍എമാര്‍ തന്‍റെ അറിവോടെയാണ് മുബൈയിലേയ്ക്ക് പോയെതെന്നും മുഖ്യമന്ത്രി കുമാരസ്വാമി വ്യക്തമാക്കി.  അതേ സമയം ബെംഗളൂരുവിൽ ഉപമുഖ്യമന്ത്രി ജി.പരമേശ്വരയുടെയും പിസിസി അധ്യക്ഷൻ ദിനേഷ് ഗുണ്ടു റാവുവിന്റെയും അധ്യക്ഷതയിൽ കോൺഗ്രസ് മുതിർന്ന നേതാക്കളുടെ യോഗം ചേർന്നു.