പണിമുടക്കിൽ എസ്ബിഐ ആക്രമണം: സുരേഷ് ബാബു അടക്കം 6 പ്രതികൾ കീഴടങ്ങി

തിരുവനന്തപുരം ∙ ദേശീയ പണിമുടക്കു ദിവസം സെക്രട്ടേറിയറ്റിനു സമീപത്തെ എസ്ബിഐ ട്രഷറി മെയിൻ ശാഖയിലെ മാനേജരുടെ കാബിൻ അടിച്ചുതകർത്ത സംഭവത്തിൽ 6 എൻജിഒ യൂണിയൻ പ്രവർത്തകർ കീഴടങ്ങി. എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം സുരേഷ് ബാബു, അനിൽകുമാർ, സുരേഷ്, ശ്രീവൽസൻ, ബിജുരാജ്, വിനുകുമാർ എന്നിവരാണ് കീഴടങ്ങിയവർ.

ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇതോടെ ഒൻപത് പ്രതികളിൽ എട്ടുപേർ പിടിയിലായി. അവശേഷിക്കുന്ന ഒരാളുടെ പങ്കിൽ സംശയമുണ്ടെന്നു പൊലീസ് അറിയിച്ചു. രണ്ടു പേർ നേരത്തെ കീഴടങ്ങിയിരുന്നു. യൂണിയൻ തൈക്കാട് ഏരിയ സെക്രട്ടറി എ.അശോകൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.വി.ഹരിലാൽ എന്നിവരാണ് കീഴടങ്ങിയത്. റിമാൻഡിലായ ഇവരെ പിന്നീട് സസ്പെൻഡ് ചെയ്തിരുന്നു.