കൊല്ലം ബൈപാസിൽ റോഡ്ഷോ നടത്തി പിണറായി; ബദൽ‌ പ്രകടനവുമായി യുഡിഎഫ്

കൊല്ലം∙ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊല്ലം ബൈപാസ് ഉദ്ഘാടനം ചെയ്ത ചടങ്ങു പൂർത്തിയായതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ. കാവനാട് നിന്നു കല്ലുംതാഴം വരെ ബൈപാസിലൂടെ തന്റെ ഔദ്യോഗിക വാഹനത്തിൽ സഞ്ചരിച്ചു കൊണ്ടു മുഖ്യമന്ത്രി തിരുവനന്തപുരത്തേക്കു പോയി.

മുഖ്യമന്ത്രി കടന്നുപോയ ശേഷം, എൽഡിഎഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ അലങ്കരിച്ച വാഹനങ്ങളിൽ പ്രകടനം നടന്നു. എൻ.കെ.പ്രേമചന്ദ്രൻ എംപിയുടെ നേതൃത്വത്തിൽ ബദൽ റോഡ് ഷോയും അരങ്ങേറി. കല്ലുംതാഴം മുതൽ കാവനാട് വരെ നടന്ന റോഡ് ഷോയിൽ യുഡിഎഫ് പ്രവർത്തകർ ബൈക്കുകളിലും മറ്റു വാഹനങ്ങളിലുമായി കൊടിതോരണങ്ങളോടെ ഇതു വഴി സഞ്ചരിച്ചു.

കൊല്ലം ബൈപാസ് (ഫയൽ ചിത്രം)

ആശ്രാമം മൈതാനിയിലെ പ്രത്യേകം സജ്ജീകരിച്ച പന്തലിലാണ് ബൈപാസ് ഉദ്ഘാടനച്ചടങ്ങുകൾ നടന്നത്. ചടങ്ങിൽ അധ്യക്ഷനായിരുന്നു മുഖ്യമന്ത്രി. ചടങ്ങിനു ശേഷം, എൻഡിഎ മഹാസമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുത്തു. നേരത്തേ ഫെബ്രുവരി രണ്ടിനു മുഖ്യമന്ത്രി ബൈപാസ് ഉദ്ഘാടനം ചെയ്യുന്ന തരത്തിലാണു സംസ്ഥാന സർക്കാർ പരിപാടി ക്രമീകരിച്ചിരുന്നത്.

എന്നാൽ കേന്ദ്ര സർക്കാർ ഇടപെട്ടു പ്രധാനമന്ത്രി ഉദ്ഘാടകനാകുമെന്ന കാര്യം അറിയിക്കുകയും ഈ മാസം 15ന് തീയതിയായി നിശ്ചയിക്കുകയും ചെയ്തു. ഇതു രാഷ്ട്രീയ വിവാദങ്ങൾക്കും വഴിയൊരുക്കിയിരുന്നു.