ആലോക് വർമയ്ക്കെതിരായ സിവിസി റിപ്പോർട്ട് പുറത്തുവിടണം: ഖർഗെ

ന്യൂഡല്‍ഹി∙ സിബിഐ ഡയറക്ടർ സ്ഥാനത്തുനിന്ന് ആലോക് വർമയെ നീക്കാൻ കാരണമായി ചൂണ്ടിക്കാണിക്കുന്ന കേന്ദ്ര വിജിലൻസ് കമ്മിഷൻ (സിവിസി) റിപ്പോർട്ട് പുറത്തുവിടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കോണ്‍ഗ്രസ് നേതാവ് മല്ലികാർജുൻ ഖർഗെ. ആലോക് വർമയെ പുറത്താക്കിക്കൊണ്ടുള്ള ജനുവരി 10ലെ ഉന്നതതല യോഗത്തിന്റെ റിപ്പോർട്ട് പുറത്തുവിടണമെന്നും ഖർഗെ ആവശ്യപ്പെടുന്നു.

സ്വതന്ത്ര ഡയറക്ടർ സിബിഐയെ നയിക്കുന്നതിൽ പേടിയുണ്ടെന്നാണ് സർക്കാരിന്റെ ഈ പ്രവർത്തിയിൽനിന്നു വ്യക്തമാകുന്നത്. റിപ്പോർട്ടുകൾ പുറത്തുവിടുന്നതിലൂടെ സർക്കാരിനു ക്ലീൻ ചിറ്റ് ലഭിക്കും. പൊതുജനങ്ങള്‍ക്ക് അവരുടേതായ തീരുമാനത്തിലെത്താമെന്നും ഖർഗെ പറഞ്ഞു.

ആലോക് വർമയെ സിബിഐ ഡയറക്ടർ സ്ഥാനത്തുനിന്നു മാറ്റാൻ തീരുമാനിച്ച ഉന്നതതല യോഗത്തിൽ മല്ലികാർജുൻ ഖർഗെയും ഉൾപ്പെട്ടിരുന്നു. മൂന്നംഗ കമ്മിറ്റിയിൽ വിയോജനം രേഖപ്പെടുത്തിയത് ഖർഗെ മാത്രമായിരുന്നു. ജസ്റ്റിസ് എ.കെ. പട്നായിക് മേൽനോട്ടച്ചുമതല നടത്തിയ സിവിസി അന്വേഷണത്തിൽ അലോക് വർമയ്ക്കെതിരായ ആരോപണങ്ങൾ പലതിലും തെളിവില്ലെന്നായിരുന്നു റിപ്പോർട്ട്

എന്നാൽ സമിതിയിലെ അധ്യക്ഷന്മാരായ പ്രധാനമന്ത്രിയും ജസ്റ്റിസ് എ.കെ.സിക്രിയും അനുകൂല നിലപാടെടുത്തതോടെ ആലോക് വർമയക്കു ഡയറക്ടർ സ്ഥാനം നഷ്ടപ്പെടുകയായിരുന്നു. വര്‍മയെ പുറത്താക്കിയതിനെതിരെ ജസ്റ്റിസ് പട്നായിക്കും നേരത്തെ രംഗത്തെത്തിയിരുന്നു.