മനുഷ്യക്കടത്തിന്റെ ഇടനിലക്കാരൻ ഒളിവിൽ പോയത് തമിഴ് സംസാരിക്കുന്നവർക്കൊപ്പം

തിരുവനന്തപുരം∙ മുനമ്പം മനുഷ്യക്കടത്തിന്‍റെ പ്രധാന ഇടനിലക്കാരനെന്നു സംശയിക്കുന്ന ശ്രീകാന്തും കുടുംബവും ഒളിവില്‍. കോവളം വെങ്ങാന്നൂരില്‍ താമസിക്കുന്ന ശ്രീകാന്ത് കുടുംബത്തോടൊപ്പം രാത്രി പത്തു മണിയോടെ വാഹനത്തില്‍ യാത്രയായെന്നു നാട്ടുകാര്‍ പറഞ്ഞു. തമിഴ് സംസാരിക്കുന്ന പത്തോളം പേര്‍ വാഹനത്തിലുണ്ടായിരുന്നുവെന്നും അയല്‍വാസികള്‍ മനോരമ ന്യൂസിനോടു പറഞ്ഞു.

ഒരു യാത്ര പോവുകയാണെന്നും രണ്ടു മാസം കഴിഞ്ഞു മടങ്ങിവരുമെന്നും ശ്രീകാന്ത് അയല്‍വാസികളോടു പറഞ്ഞിരുന്നു. ശ്രീകാന്ത് വാങ്ങിയ ദേവമാതാ ബോട്ടിന്‍റെ 30% ഉടമസ്ഥാവകാശം സുഹൃത്ത് അനില്‍കുമാറിന്‍റെ പേരിലേക്കു മാറ്റുകയും ചെയ്തു. ഏഴാം തീയതി ഈ ബോട്ടിലായിരുന്നു മനുഷ്യക്കടത്ത്.

ഓസ്ട്രേലിയയിലേക്കു കടക്കും മുൻപ് സംഘം താമസിച്ച ചോറ്റാനിക്കരയിലെയും ചെറായിയിലെയും കേന്ദ്രങ്ങളിൽ പൊലീസ് പരിശോധന തുടങ്ങി. ഇവിടെ താമസിച്ചവരുടെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. അതേസമയം ലോക്കല്‍ പൊലീസിന് ഇന്‍റലിജന്‍സ് നല്‍കിയ മുന്നറിയിപ്പുകള്‍ അവഗണിച്ചതാണു മനുഷ്യക്കടത്ത് സംഘങ്ങള്‍ക്കു പ്രവർത്തിക്കാൻ വഴിയൊരുക്കിയതെന്നാണ് ആരോപണം.