നമുക്ക് വെറും ചിരട്ട, ഓൺലൈൻ ഷോപ്പിങ്ങിൽ നാച്വറൽ ഷെൽ കപ്പ്; വില 3000 രൂപ !

കണ്ണൂർ∙ ചിരട്ടയ്ക്കു വില 3000. ഡിസ്കൗണ്ട് 55%. വാങ്ങാനായി മുടക്കേണ്ടത് 1365 രൂപ. ആമസോൺ ഷോപ്പിങ് വെബ്സൈറ്റിലാണ് ഒരു മുറി ചിരട്ട ‘നാച്വറൽ ഷെൽ കപ്പ്’ എന്ന പേരിൽ 3000 രൂപ വിലയിട്ടു വിൽപനയ്ക്കു വച്ചിരിക്കുന്നത്. നാലര ഔൺസാണു വലിപ്പമെന്നും യഥാർത്ഥ ചിരട്ടയായതിനാൽ പൊട്ടലോ പോറലോ ഉണ്ടാവാമെന്നും മുൻകൂർ ജാമ്യവുമുണ്ട്.

‘ഹെഡ്റഷ് ഇന്ത്യ’ എന്ന കമ്പനിയാണ് ചിരട്ട വിൽപനയ്ക്കെത്തിച്ചിരിക്കുന്നത്. യുഎസ്, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നാണ് ഇത് എത്തിക്കുക. അതിനാൽത്തന്നെ 10-15 ദിവസം കൊണ്ടാണ് ഇന്ത്യയിലെ ഉപഭോക്താവിനു ലഭിക്കുകയുള്ളൂവെന്നും പറയുന്നു. അതേസമയം, ഒട്ടേറെ പേർ ചിരട്ട ഓർഡർ ചെയ്തുവെന്നതിന്റെ വിവരങ്ങളും വെബ്സൈറ്റിലുണ്ട്. പറഞ്ഞ സമയം കഴിഞ്ഞിട്ടും ഉൽപന്നം ലഭിച്ചില്ലെന്നും ചിലർ പരാതി പറയുന്നു.

കസ്റ്റമർ റിവ്യൂവിൽ ചിലർ ഇതിന്റെ സത്യാവസ്ഥയും വ്യക്തമാക്കിയിട്ടുണ്ട്– ‘ഇന്ത്യയിൽ ഇത് ഒരു രൂപയ്ക്കു ലഭിക്കും. വിൽപനയ്ക്കു വച്ചാലും ആരും വാങ്ങാറില്ല. വെള്ളം തിളപ്പിക്കാനുള്ള വിറകായിട്ടാണ് ചിരട്ട ഉപയോഗിക്കുന്നത്’– ഒരു യൂസർ പറയുന്നു. ആമസോണിന്റെ ഇന്ത്യൻ വെബ്സൈറ്റിലാണ് ഇക്കാര്യങ്ങളുള്ളത്. എന്നാൽ ആമസോൺ ഡോട്ട് കോം വഴി ചിരട്ട വാങ്ങിയവർ ‘ഇത് ഏറെ ഉപകാരപ്രദമാണ്’ എന്ന മട്ടിലും റിവ്യൂ ചെയ്തിട്ടുണ്ട്.

വിദേശ വെബ്സൈറ്റിൽ 4.42 ഡോളറാണ് ചിരട്ടയ്ക്കു വിലയിട്ടിരിക്കുന്നത്. തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളാണു നൽകിയിരിക്കുന്നതെന്നും ഒട്ടേറെ പേർ റിവ്യൂ ചെയ്തിട്ടുണ്ട്.