പേരിനു പോലും പരിശോധനയില്ല: മുനമ്പത്ത് ആര്‍ക്കും എന്തും ആവാം; മനുഷ്യക്കടത്തിനിടെ സല്‍ക്കാരവും

മുനമ്പം∙ മനുഷ്യക്കടത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മുനമ്പം തീരത്ത് സുരക്ഷാ പരിശോധന പേരിനു പോലുമില്ല. വന്നുപോകുന്ന ബോട്ടുകളുടെ കണക്ക് പൊലീസിനോ ഫിഷറീസ് വകുപ്പിനോ അറിയില്ല. കടല്‍മാര്‍ഗം ആര്‍ക്കും എന്തു പ്രവര്‍ത്തനവും നടത്താവുന്ന സ്ഥിതിയാണു മുനമ്പത്തുളളതെന്നു നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു. മനുഷ്യക്കടത്ത് അന്വേഷണത്തിന്‍റെ ഭാഗമായി ഒരു ബോട്ടു കൂടി പൊലീസ് കസ്റ്റഡിയിലെടുത്തതോടെ സംശയത്തിന്റെ അളവു കൂടി.

മിക്ക തീരദേശ സംസ്ഥാനങ്ങളില്‍നിന്നും മത്സ്യന്ധന ബോട്ടുകള്‍ വന്നുകയറുന്ന ഇടമാണു മുനമ്പം. പക്ഷേ വരുന്നതും പോകുന്നതുമായ ബോട്ടുകള്‍ക്കൊന്നും അധികൃതരുടെ കയ്യില്‍ കണക്കില്ല. പൊലീസിന്‍റെ പക്കല്‍ മാത്രമല്ല ഫിഷറീസ് വകുപ്പിന്‍റെ കയ്യിലുമില്ല ബോട്ടു വിവരങ്ങൾ. മുനമ്പം കേന്ദ്രീകരിച്ചു മനുഷ്യക്കടത്തു നടക്കുന്നുണ്ടെന്ന സംശയങ്ങള്‍ ഏറെ നാളായി ശക്തമാണ്. എന്നിട്ടും പൊലീസോ ഇന്‍റലിജന്‍സ് ഏജന്‍സികളോ ഇത് കാര്യമായെടുക്കാന്‍ തയാറായില്ല. ഈ വീഴ്ചയാണ് 41 പേരടങ്ങുന്ന സംഘത്തിന് അനായാസം കടൽ കടക്കാന്‍ വഴിയൊരുക്കിയത്.

കഴിഞ്ഞ ദിവസം മുനമ്പത്തുനിന്ന് അനധികൃത കുടിയേറ്റ സംഘം യാത്ര നടത്തിയതുമായി ബന്ധപ്പെട്ടു സഹായമാത എന്ന ബോട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബാഗ് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണു ബോട്ട് പിടികൂടിയത്. കുടിയേറ്റ സംഘം യാത്രയ്ക്കുപയോഗിച്ചതെന്നു സംശയിക്കുന്ന ബോട്ടിന്‍റെയും സഹായമാതാ ബോട്ടിന്‍റെയും ഉടമ ഒരാളാണെന്നും സംശയിക്കുന്നു. ഡല്‍ഹിയില്‍നിന്നു ചെന്നൈ വഴി കൊച്ചിയിലെത്തിയെന്ന നിഗമനത്തെ തുടർന്നു വിമാനത്താവളങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് േശഖരിക്കുന്നുണ്ട്.

മനുഷ്യക്കടത്തിനിടെ സല്‍ക്കാരവും; മുന്നറിയിപ്പുകൾ പൊലീസ് അവഗണിച്ചു

മനുഷ്യക്കടത്തു കേസില്‍ റൂറല്‍ ഹാര്‍ബറുകളില്‍ ജാഗ്രത വേണമെന്ന ഇന്റലിജൻസ് മുന്നറിയിപ്പുകൾ ലോക്കൽ പൊലീസ് അവഗണിച്ചു. ബോട്ടുകളുടെയും കടലില്‍ പോകുന്നവരുടെയും കണക്കെടുക്കാന്‍ ഇന്‍റലിജന്‍സ് നിര്‍േദശിച്ചിരുന്നു. റൂറൽ പ്രദേശത്തെ ഹാർബറുകളിൽ ജാഗ്രത വേണമെന്നായിരുന്നു മുന്നറിയിപ്പ്. കൂടുതലായി ബോട്ടുകൾ വന്നാലും പോയാലും തിരിച്ചറിയണം. മുൻപു നടന്ന മനുഷ്യക്കടത്തുകളുടെ പശ്ചാത്തലത്തിലായിരുന്നു റിപ്പോർട്ട്. എന്നാല്‍ ഇതു പൂര്‍ണമായും ലോക്കൽ പൊലീസ് അവഗണിച്ചെന്നാണ് സൂചന.

മനുഷ്യക്കടത്ത് സംഘം ചെറായിയിൽ പിറന്നാൾ സൽക്കാരവും ഒരുക്കിയെന്നതിനും തെളിവു പുറത്തുവന്നു. സംഘത്തിലെ യുവതി പ്രസവിച്ചതിന് പിന്നാലെയായിരുന്നു ആഘോഷം. ജനുവരി മൂന്നിനു റിസോര്‍ട്ടിലായിരുന്നു പരിപാടി. ഇതിൽ കുട്ടിക്കു സമ്മാനിച്ച വളകളാണ് ഉപേക്ഷിച്ച ബാഗില്‍നിന്നു കിട്ടിയത്. വളകള്‍ വാങ്ങിയത് പറവൂരിലെ ജ്വല്ലറിയിൽനിന്നാണെന്നും തെളിഞ്ഞു.