ആലപ്പാട് ഖനനം: സർക്കാരിന് ഹൈക്കോടതി നോട്ടിസ്

കൊച്ചി∙ കൊല്ലം ആലപ്പാട് പഞ്ചായത്തിൽ കരിമണല്‍ ഖനനം നിരോധിക്കണമെന്നാവശ്യപ്പെട്ട് കെ.എം. ഹുസൈൻ എന്നയാൾ നൽകിയ ഹർജിയിൽ സർക്കാരിനും ഐആര്‍ഇയ്ക്കും ഹൈക്കോടതി നോട്ടീസ്. സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ പഠനറിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതുവരെ ഖനനം നിരോധിക്കണമെന്നാവശ്യപ്പെട്ടാണ് ആലപ്പാട് സ്വദേശി ഹൈക്കോടതിയെ സമീപിച്ചത്.

ഖനനം ആലപ്പാട് പഞ്ചായത്തിലുണ്ടാക്കിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങളെ കുറിച്ച് മുല്ലക്കര രത്നാകരന്‍ എംഎല്‍എ അധ്യക്ഷനായ സമിതി പഠിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സമിതി അധ്യക്ഷനും കോടതി നോട്ടിസ് അയച്ചിട്ടുണ്ട്. പതിനായിരം കുടുംബങ്ങളുണ്ടായിരുന്ന ആലപ്പാട് പഞ്ചായത്തില്‍നിന്നു പകുതിപ്പേര്‍ സ്ഥലം വിട്ടൊഴിഞ്ഞു പോയിട്ടുണ്ട്. ഈ സാഹചര്യം തുടർന്നാൽ കായലിനും കടലിനുമിടയിലുള്ള സംരക്ഷണഭിത്തിയായ ആലപ്പാട് പഞ്ചായത്ത് ഇല്ലാതാകുമെന്നാണ് ഹര്‍ജിക്കാരൻ ചൂണ്ടിക്കാട്ടുന്നത്.