കമ്യൂണിസ്റ്റ് തീവ്രവാദികളെ ശബരിമലയിൽ കയറ്റാന്‍ സിപിഎം ശ്രമം: ശ്രീധരൻ പിള്ള

കോഴിക്കോട്∙ കമ്യൂണിസ്റ്റ് തീവ്രവാദികളെയും രാജ്യവിരുദ്ധരെയും നിരീശ്വരവാദികളെയും ആസൂത്രിതമായി ശബരിമലയിൽ കയറ്റാനാണു സിപിഎം ശ്രമിക്കുന്നതെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻപിള്ള. ശബരിമലയെ തകർക്കുകയെന്ന ദുരുദ്ദേശമാണ് സിപിഎമ്മിനുള്ളത്. ആരെയും ബലംപ്രയോഗിച്ചു കയറ്റണമെന്നു കോടതി പറഞ്ഞിട്ടില്ല. പക്ഷേ, തന്ത്രത്തിലൂടെ കയറ്റാനാണു സർക്കാർ ശ്രമമെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

ബിജെപിയെ സംബന്ധിച്ച് ശബരിമലയിലേതു ധർമസമരമാണ്. ധർമസമരത്തിൽ ജയമോ തോൽവിയോ ഇല്ല. സമാധാന മാർഗത്തിലൂടെ ലക്ഷ്യത്തിലേക്കു നീങ്ങാനാണു ബിജെപി ശ്രമിക്കുന്നത്. തിരുവനന്തപുരത്തു സെക്രട്ടേറിയറ്റ് പടിക്കൽ നടത്തുന്ന സമരം തുടരണോ വേണ്ടയോ എന്നു പാർട്ടി ആലോചിച്ചു തീരുമാനിക്കും.

ചിലപ്പോൾ സമരമാർഗത്തിൽ മാറ്റം വരുത്തിയേക്കാം. തദ്ദേശ ഉപതിരഞ്ഞെടുപ്പുകളിൽ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലകളിൽ ബിജെപി നേടിയ വിജയം ബംഗാളിലും ത്രിപുരയിലും സിപിഎം ഇല്ലാതായതിനെ ഒാർമിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.