എംഎല്‍എമാരെ ഒളിപ്പിക്കാന്‍ ബിജെപിയും കോണ്‍ഗ്രസും; പ്രശ്നങ്ങളില്ലെന്ന് കുമാരസ്വാമി

ബെംഗളൂരു∙ ഹരിയാനയിലെ ഗുരുഗ്രാമിൽ ബിജെപി എംഎൽഎമാരെ പാർപ്പിച്ചിരിക്കുന്ന ഹോട്ടലിനു മുന്നിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. ബിജെപി കുതിരക്കച്ചവടം നടത്തുകയാണെന്നാണ് അവരുടെ ആരോപണം. ഉച്ചയ്ക്ക് ഒരുമണിക്ക് ഈ ഹോട്ടലിൽവച്ച് ബിജെപി എംഎൽഎമാരുടെ യോഗം നടക്കുമെന്നാണു വിവരം.

രണ്ട് സ്വതന്ത്ര എംഎൽഎമാർ പിന്തുണ പിൻവലിച്ചതിലൂടെ ആശങ്കയിലായ കർണാടക രാഷ്ട്രീയത്തിൽ കോൺഗ്രസും ജെഡിഎസും തങ്ങളുടെ എംഎൽഎമാരെ ഒളിപ്പിക്കാനുള്ള നീക്കത്തിലാണ്. എല്ലാ എംഎല്‍എമാരോടും ബംഗളൂരുവിലെത്താന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇവരേയും റിസോര്‍ട്ടിലേക്കു മാറ്റുമെന്നു സൂചനയുണ്ട്. അതേസമയം, കോൺഗ്രസ് എംഎൽഎമാരുമായി താൻ സംസാരിക്കാറുണ്ടെന്നും മാധ്യമങ്ങള്‍ക്കാണ് അവരെ ലഭിക്കാത്തതെന്നും മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി അറിയിച്ചു. തങ്ങളുടെ സഖ്യം പ്രശ്നങ്ങളില്ലാതെ മുന്നോട്ടുപോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മഹാരാഷ്ട്രയിലെ കോലാപുരിൽ കുടുംബത്തിനൊപ്പമാണെന്നു കോൺഗ്രസ് എംഎൽഎ പ്രതാപ് ഗൗഡ പാട്ടീൽ ദേശീയമാധ്യമത്തോടു സ്ഥിരീകരിച്ചു. രണ്ടു ദിവസത്തിനുള്ളിൽ ബെംഗളൂരുവിൽ തിരിച്ചെത്തും. തന്റെ ജില്ലയായ റായ്ചൂരിൽനിന്ന് ഒരാൾ പോലും മന്ത്രിസഭയിലില്ലെന്നതിൽ നിരാശയുണ്ട്. അതു നേതൃത്വത്തെ അറിയിച്ചിട്ടുമുണ്ട്. ഇക്കാര്യം പരിഹരിക്കാമെന്നും നേതൃത്വം വ്യക്തമാക്കി. എന്നാൽ ബിജെപിയിൽനിന്ന് ഇതുവരെ ആരും തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും ഗൗഡ പറഞ്ഞു.

പിന്തുണ പിൻവലിച്ച രണ്ട് എംഎൽഎമാർക്കു കോൺഗ്രസ് ആശംസകൾ അറിയിച്ചു. സ്വതന്ത്ര എംഎൽഎമാരായ ഇരുവരും ബിജെപിക്കു പിന്തുണ നൽകിയിട്ടുണ്ട്. പിന്നീടാണു കോൺഗ്രസിനു പിന്തുണ പ്രഖ്യാപിച്ചത്. ഇപ്പോൾ അവർ വീണ്ടും തിരിഞ്ഞുവെന്നും മുതിർന്ന നേതാവ് ബ്രിജേഷ് കലപ്പ അറിയിച്ചു.