ഭിന്നതയുണ്ടാകാൻ‌ സാധ്യത; തിരഞ്ഞെടുപ്പിന് മുൻപ് കെപിസിസി പുനഃസംഘടനയില്ല

ന്യൂ‍‍ഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് കെപിസിസി പുനഃസംഘടന ഉണ്ടാകില്ല. തിരഞ്ഞെടുപ്പിനു മുൻപ് പുനഃസംഘടന നടത്തിയാല്‍ ഭിന്നതയുണ്ടാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണു തീരുമാനം. ഡല്‍ഹിയിൽ നടന്ന ചർച്ചയിലാണു നിർണായക തീരുമാനമുണ്ടായത്.

തിരഞ്ഞെടുപ്പിനായി പ്രചാരണം, ഏകോപനം, സ്ഥാനാർഥി നിർണയം, മാധ്യമം തുടങ്ങിയ കമ്മിറ്റികൾക്കു രൂപം നൽ‌കും. സമിതികൾക്കു പേരുകൾ‌ നിര്‍ദേശിക്കാനും കെപിസിസിക്കു ദേശീയ നേതൃത്വം നിർദേശം നൽകി. കഴിഞ്ഞ ബുധനാഴ്ചയും കേരള നേതാക്കൾ ഹൈക്കമാൻഡ് പ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നു.

മുൻ ഡിസിസി പ്രസിഡന്റുമാരെ കെപിസിസി ജനറൽ സെക്രട്ടറിമാരാക്കുക, പുതിയ കെപിസിസി സെക്രട്ടറിമാരെ നിയമിക്കുക, നിലവിൽ ഒഴിവുള്ള വർക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആളെ നിയമിക്കുക എന്നതൊക്കെയായിരുന്നു പുനഃസംഘടനയിൽ നേതാക്കൾ പ്രതീക്ഷിച്ചിരുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപേ പുനഃസംഘടന ഉടൻ‌ വേണ്ടെന്ന തീരുമാനത്തിലൂടെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ ഐക്യത്തോടെയുള്ള പ്രവർത്തനമാണ് കോൺഗ്രസ് നേതൃത്വം ലക്ഷ്യമിടുന്നത്.