സ്ത്രീകള്‍ ഹോട്ടല്‍ വിട്ടത് കരഞ്ഞുകൊണ്ട്; റിസോര്‍ട്ടുകള്‍ പൂട്ടി: കടല്‍ക്കൊള്ളക്കാര്‍ ഭീഷണി

കൊച്ചി∙ ഓസ്ട്രേലിയയിലേയ്ക്കു പോകാൻ മനുഷ്യക്കടത്തു സംഘത്തിന്റെ ഇരകളാക്കപ്പെട്ടെന്നു കരുതുന്ന സംഘം ഹോട്ടൽ മുറികൾ ഒഴിയുമ്പോൾ സ്ത്രീകൾ ഉൾപ്പെടുന്ന സംഘം വളരെ പരിഭ്രാന്തരായിരുന്നെന്നു ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാർ പൊലീസിനോടു വെളിപ്പെടുത്തി. സ്ത്രീകൾ പലരും കരയുന്നുണ്ടായിരുന്നു. യാത്രയെക്കുറിച്ചുള്ള അനിശ്ചിതാവസ്ഥയോ യാത്ര മുടങ്ങിയേക്കുമോ എന്ന ഭീതിയോ ഇവരെ അലട്ടിയിരുന്നിരിക്കണം. അതാകണം ഇത്തരത്തിൽ കരയാനുള്ള സാഹചര്യമെന്നാണു പൊലീസ് വിലയിരുത്തുന്നത്.

ഹോട്ടലുകാരും കുടുങ്ങും

അതേസമയം സംഘം താമസിച്ചതെന്നു കരുതുന്ന റിസോർട്ടുകളും ഹോട്ടലുകളും പൊലീസ് പൂട്ടി സീൽ ചെയ്തു. ഐബിയുടെ നിർദേശത്തെ തുടർന്നാണു നടപടി. ചേറായിയിൽ മാത്രം 6 റിസോർട്ടുകളോ ഹോംസ്റ്റേകളോ അടച്ചുപൂട്ടിയിട്ടുണ്ട്. ഇതു സാധാരണ നടപടി മാത്രമാണെന്നും എന്തെങ്കിലും അവശേഷിക്കുന്ന തെളിവുകളുണ്ടെങ്കിൽ നഷ്ടപ്പെട്ടു പോകാതിരിക്കാനുമാണു താമസസ്ഥലം അടച്ചിട്ടതെന്നും പൊലീസ് പറയുന്നു.

എന്നാൽ ഇവർ താമസിച്ചിരുന്ന ഹോംസ്റ്റേകളും ലോഡ്ജുകളും നിയമപരമായ പല നിർദേശങ്ങളും പാലിച്ചില്ലെന്ന ആരോപണമുണ്ട്. ചെറുകിട ഹോംസ്റ്റേകളാണ് ഇതിൽ ഏറെയും. സംഘമായി എത്തുന്ന താമസക്കാരുടെ എല്ലാവരുടെയും തിരിച്ചറിയൽ രേഖകൾ വാങ്ങി സൂക്ഷിക്കണമെന്നുണ്ട്. ഒരു സംഘത്തിൽ ഒരാളുടെ മാത്രം ഐഡി വാങ്ങിയാണു മുറി നൽകിയിട്ടുള്ളത്. ഇതാകട്ടെ വ്യാജ ഐഡികളാണെന്നു വ്യക്തമായിട്ടുണ്ട്.

സംഘത്തിൽ എല്ലാവരും യാത്രചെയ്തിട്ടില്ല

മനുഷ്യക്കടത്തു സംഘത്തിൽ ഉൾപ്പെട്ട എല്ലാവരും തീരം വിട്ടിട്ടില്ലെന്ന നിലപാടിലാണു പൊലീസ്. ഇതിൽ ഒരു സംഘം മാത്രമായിരിക്കും പോയിട്ടുണ്ടാകുക. മറ്റൊരു സംഘത്തിനു യാത്രയ്ക്കു തടസമുണ്ടായിട്ടുണ്ടാകും എന്നതിന്റെ സൂചനകൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. എന്നാൽ ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങളൊന്നും ഫലവത്തായിട്ടില്ല. അതുപോലെ ഒരു സംഘമെങ്കിലും കടൽ വഴി യാത്ര ചെയ്യുന്നുണ്ടെങ്കിൽ അവരെ കണ്ടെത്തേണ്ട സമയം കഴിഞ്ഞിട്ടുണ്ട്. പുറപ്പെട്ടു രണ്ടു ദിവസം പിന്നിട്ടാലും അവരെ കണ്ടെത്താനിടയുളള മാർഗം നാവിക സേനയ്ക്കും തീരദേശ സേനയ്ക്കും വ്യക്തമാണ്. പ്രത്യേകിച്ചും ഓസ്ട്രേയിയയ്ക്കാണു പുറപ്പെട്ടതെങ്കിൽ. തിരച്ചിലുകളിൽ ആരെയും കണ്ടെത്താൻ സാധിക്കാത്തതുകൊണ്ട് ഒരു പക്ഷേ ഇവർ കടൽമാർഗം യാത്ര പുറപ്പെട്ടോ എന്ന കാര്യത്തിൽ സംശയം നൽകുന്നുണ്ട്.

വിമാനയാത്ര ചെയ്തെന്നും സംശയം

എല്ലാം വിറ്റു പെറുക്കിയുള്ള യാത്രയാണു സംഘം ലക്ഷ്യം വച്ചിരുന്നതെങ്കിൽ സ്വാഭാവികമായും ഇവരുടെ കൈവശം വളരെ അധികം ബാഗുകൾ ഉണ്ടാകും. അതുകൊണ്ടു തന്നെയാകണം അധികഭാരമുള്ള സാധനങ്ങൾ ഉപേക്ഷിച്ചിട്ടുണ്ടാകുക. കടൽവഴിയുള്ള യാത്രയിൽ എന്തെങ്കിലും തടസം നേരിട്ടിട്ടുണ്ടെങ്കിൽ ഒരു പക്ഷേ വിമാനമാർഗം മറ്റേതെങ്കിലും രാജ്യത്തെത്തി അവിടെനിന്നു കടൽവഴി യാത്ര ചെയ്യാനുള്ള സാധ്യതയും പൊലീസ് അന്വേഷിക്കുന്നുണ്ട്.

കൊച്ചിയിൽ നിന്നു മലേഷ്യയിലേക്കു കയറി അവിടെനിന്നു ബോട്ടിൽ ലക്ഷ്യസ്ഥാനത്തേക്കു പുറപ്പെടാൻ ഒരു സാധ്യതയുണ്ട്. വിമാനത്തിൽ കയറ്റാവുന്നതിൽ കൂടുതൽ ബാഗേജ് ഉണ്ടായിരുന്നതാകാം ഒരുപക്ഷേ പാതിവഴിയിൽ ഉപേക്ഷിച്ചത് എന്നും കരുതുന്നു. എന്നാൽ വിലപ്പെട്ട സാധനങ്ങൾ ഉപേക്ഷിച്ചതു മനഃപ്പൂർവം ആകാനിടയില്ലെന്നാണു പൊലീസ് വിലയിരുത്തുന്നത്. പ്രത്യേകിച്ച് സ്വർണാഭരണം. തിരക്കിനിടെ അറിയാതെ ബാഗിൽ പെട്ടുപോയതാകാനാണു സാധ്യതയെന്നും പൊലീസ് വിലയിരുത്തുന്നു. കൊടുങ്ങല്ലൂർ, മുനമ്പം, മാല്യങ്കര പ്രദേശങ്ങളിൽനിന്ന് പൊലീസിന് ഇതുവരെ 73 ബാഗുകളാണു കണ്ടെടുക്കാൻ സാധിച്ചിട്ടുള്ളത്.

ബോട്ട് നിറവും പേരും മാറ്റിയിരിക്കാം

മുനമ്പത്തുനിന്നു സംഘം ഓസ്ട്രേലിയയിലേക്ക് എന്ന പേരിൽ പുറപ്പെട്ടിട്ടില്ലെങ്കിൽ ബോട്ട് ഇതിനകം പേരും നിറവും മാറ്റിയിട്ടുണ്ടാകാം എന്നു നിരീക്ഷകർ വിലയിരുത്തുന്നുണ്ട്. ഇതു സംബന്ധിച്ച വാർത്തകൾ പുറത്തുവരികയും അന്വേഷണ കോലാഹലങ്ങൾ പുരോഗമിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ അതിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. രണ്ടു ബോട്ടുകൾ ചേർത്തിട്ട് മണിക്കൂറുകൾ കൊണ്ട് പെയിന്റിങ് പൂർത്തിയാക്കി പേരുമാറ്റിയെടുക്കാം. ഇതിനു മറ്റു ബോട്ടുകളുടെ രേഖകൾ കൂടി ഉപയോഗിച്ചാൽ അന്വേഷണ ഉദ്യോഗസ്ഥർക്കു തിരിച്ചറിയാൻ പ്രയാസമായിരിക്കും.

യാത്ര ചെയ്തെങ്കിൽ അവർ സുരക്ഷിതരല്ല

കൊച്ചി തീരത്തുനിന്ന് ഒരു സംഘം ഓസ്ട്രേലിയയിലേക്ക് എന്ന പേരിൽ ബോട്ടിൽ പുറപ്പെട്ടിട്ടുണ്ടെങ്കിൽ അവർ കൃത്യമായി ലക്ഷ്യസ്ഥാനത്ത് എത്തും എന്നതിനു യാതൊരു ഉറപ്പും ഇല്ലെന്നാണ് ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്. യാത്രയ്ക്കിടെ ഇന്ത്യൻ തീര അതിർത്തി പിന്നിട്ടാൽ പിന്നെ ഇവർ കടലിൽ റോന്തുചുറ്റുന്ന ശ്രീലങ്കൻ പൊലീസിന്റെ പിടിയിൽ അകപ്പെടാനുള്ള സാധ്യതയുണ്ട്. ഇന്ത്യൻ സൈന്യവും ഇവിടങ്ങളിൽ പരിശോധന നടത്തുന്നുണ്ട്. ഇനി ഇവരുടെ കയ്യിൽ പെട്ടില്ലെങ്കിൽ കടൽ കൊള്ളക്കാർ ആക്രമിക്കാനുള്ള സാധ്യതകളും തള്ളിക്കളയുന്നില്ല. അതുപോലെ പഴകിയ ബോട്ടുകൾ ഇതിനായി തിരഞ്ഞെടുക്കുന്നതിനാൽ ഇടയ്ക്കു വച്ച് ബോട്ട് തകരുന്നതിനോ, നിന്നുപോകുന്നതിനോ ഉള്ള സാധ്യതകളുണ്ട്. അങ്ങനെ സംഭവിച്ചാൽ ഭക്ഷണവും വെള്ളവുമില്ലാതെ യാത്രക്കാർക്കു ദുരന്തം സംഭവിച്ച വാർത്തകൾ നേരത്തെ പുറത്തു വന്നിട്ടുണ്ട്.

ഡൽഹിയിൽ വീടുകളിൽ റെയ്ഡ്

കടൽമാർഗം വിദേശത്തേക്കു പുറപ്പെട്ടു എന്നു പറയപ്പെടുന്ന സംഘത്തിന്റേതെന്നു കരുതുന്ന ഡൽഹിയിലെ വീടുകളിൽ ഇതിനകം പൊലീസ് പരിശോധന നടന്നിട്ടുണ്ട്. കേരള പൊലീസ് ചിലരുടെ വീടുകളിൽ നടത്തിയ റെയ്ഡുകളിൽ വിദേശയാത്ര നടത്തിയതിന്റെ ചില സൂചനകളല്ലാതെ മറ്റൊന്നും ലഭ്യമായിട്ടില്ല. വിദേശത്തേക്കു പോകുന്നു എന്നറിയിച്ചു മകൻ പോയതായി ഒരാളുടെ പിതാവ് പറഞ്ഞതായി പൊലീസ് സ്ഥിരീകരിക്കുന്നുണ്ട്.