പ്രശാന്ത് കിഷോറിനെ രണ്ടാമനാക്കിയത് അമിത് ഷായുടെ ബുദ്ധി: നിതീഷ് കുമാര്‍

ന്യൂഡല്‍ഹി∙ തിരഞ്ഞെടുപ്പ് പ്രചാരണ വിദഗ്ധന്‍ പ്രശാന്ത് കിഷോറിനെ ബിഹാറിലെ ഭരണകക്ഷിയായ ജെഡിയുവില്‍ രണ്ടാമനായി നിയമിച്ചതു ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ബുദ്ധിയാണെന്നു മുഖ്യമന്ത്രി നിതീഷ് കുമാര്‍. അമിത് ഷാ രണ്ടു തവണ ഫോണ്‍ ചെയ്തു പ്രശാന്തിനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടുവെന്ന് നിതീഷ് ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ‌പ്രശാന്തിനു പാര്‍ട്ടി പദവി നല്‍കിയത് എന്റെ മാത്രം തീരുമാനമായിരുന്നില്ല. അമിത് ഷായില്‍നിന്നു രണ്ടു തവണയാണ് ഫോണ്‍ കോള്‍ വന്നത് - നിതീഷ് പറഞ്ഞു.

അതേസമയം പ്രശാന്തിന്റെ പ്രവര്‍ത്തനങ്ങളില്‍ താന്‍ അതീവ സന്തുഷ്ടനാണെന്നും നിതീഷ് പറഞ്ഞു. എല്ലാ സാമൂഹിക വിഭാഗങ്ങളില്‍നിന്നുമുള്ള സമര്‍ഥരായ യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുകയെന്ന ദൗത്യമാണു പ്രശാന്തിനു നല്‍കിയിരിക്കുന്നത്. രാഷ്ട്രീയ കുടുംബത്തില്‍ ജനിക്കാത്ത യുവാക്കള്‍ക്ക് ഇക്കാലയത്ത് രാഷ്ട്രീയം അപ്രാപ്യമാണെന്ന നിലയാണെന്നും നിതീഷ് പറഞ്ഞു.

2014ല്‍ ബിജെപിക്കു വന്‍വിജയം നേടിക്കൊടുത്തു നരേന്ദ്ര മോദിയെ പ്രധാനമന്ത്രി പദത്തിലെത്തിക്കുന്നതില്‍ പ്രശാന്തിന്റെ തന്ത്രങ്ങള്‍ പ്രധാന പങ്കു വഹിച്ചിരുന്നു. 2015 ബിഹാര്‍ തിരഞ്ഞെടുപ്പില്‍ നിതീഷിനു തുണയായതും പ്രശാന്ത് തന്നെ. അതേസമയം 2017ല്‍ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനു വേണ്ടി കളത്തിലിറങ്ങിയതു പ്രശാന്തിനു കനത്ത തിരിച്ചടിയായി. കുറച്ചുനാള്‍ കോണ്‍ഗ്രസുമായി സഹകരിച്ചെങ്കിലും പ്രശാന്തിനെ തിരികെയെത്തിക്കുന്നതില്‍ ബിജെപി, ജെഡിയു ഉന്നത നേതാക്കള്‍ക്കു ഭിന്നാഭിപ്രായം ഇല്ലായിരുന്നുവെന്നാണു റിപ്പോര്‍ട്ട്.