സന്നിധാനത്ത് യുവതികളെത്തിയത് എങ്ങനെയെന്ന് അറിയില്ല; കൂടെ 5 അജ്ഞാതര്‍: നിരീക്ഷക സമിതി

കൊച്ചി∙ ശബരിമല സന്നിധാനത്തു യുവതികള്‍ എങ്ങനെ എത്തിയെന്ന് അറിയില്ലെന്നു ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതി ഹൈക്കോടതിക്ക് റിപ്പോർട്ട് സമർപ്പിച്ചു. പൊലീസുകാര്‍ കാവലുള്ള ഗേറ്റിലൂടെ ബിന്ദുവിനെയും കനകദുർഗയെയും കടത്തിവിട്ടത് എങ്ങനെയെന്ന് അറിയില്ല. 

സാധാരണ കൊടിമരത്തിനടുത്തു കൂടി ശ്രീകോവിലിനു മുന്നിലേക്ക്  ആരെയും കടത്തിവിടാറില്ല. ദേവസ്വം ജീവനക്കാരെയും വി.ഐ.പികളേയും മാത്രമേ ഈ ഗെയ്റ്റിലൂടെ കടത്തിവിടാറുള്ളൂ എന്നിരിക്കെയാണ് ഇതുവഴി യുവതികൾ സന്നിധാനത്ത് എത്തിയിരിക്കുന്നത്. അജ്ഞാതരായ അഞ്ചുപേർക്കൊപ്പമാണ് യുവതികൾ സന്നിധാനത്തെത്തിയത് എന്നാണ് മനസിലാകുന്നതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 

ശബരിമല പ്രതിഷേധങ്ങളിൽ പങ്കെടുത്തവരെ തിരുവാഭരണ ഘോഷയാത്രയിൽ നിന്ന് ഒഴിവാക്കാൻ ശ്രമമുണ്ടായതായും നിരീക്ഷക സമിതി ഹൈക്കോടതിയിൽ അറിയിച്ചു. പ്രതിഷേധങ്ങളിൽ പങ്കെടുത്തവരെ തിരുവാഭരണഘോഷയാത്രയിൽ നിന്ന് ഒഴിവാക്കരുതെന്ന് നിർദേശിച്ചിരുന്നതാണ്. എന്നാൽ ഇക്കാര്യം ചർച്ച ചെയ്യാൻ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയെ സന്നിധാനത്തേക്ക് വിളിച്ചെങ്കിലും എത്തിയില്ല എന്നും സമിതി റിപ്പോർട്ടിൽ പറയുന്നു. അതേ സമയം പന്തളത്ത് തുടരണം എന്ന് ഡിജിപി നിർദേശിച്ചതിനാലാണ് ആവശ്യപ്പെട്ടപ്പോൾ എത്താൻ സാധിക്കാതിരുന്നത് എന്ന് പത്തനംതിട്ട എസ്പി കോടതിയിൽ വിശദീകരിച്ചു.

ഇതിനിടെ, ശബരിമലയില്‍ യുവതീപ്രവേശം നടന്നിട്ടില്ലെന്ന് മുന്‍ ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയിൽ വെളിപ്പെടുത്തി‍. സന്നിധാനത്തു ശുദ്ധിക്രിയ നടത്തിയതു സ്ത്രീപ്രവേശം നടന്നതുകൊണ്ടല്ലെന്നും ഇക്കാര്യം തന്ത്രി തന്നോടു നേരിട്ടു പറഞ്ഞെന്നും അജയ് തറയില്‍ മനോരമ ന്യൂസിനോടു പറഞ്ഞു. സ്ത്രീകള്‍ സന്നിധാനത്ത് എത്തിയെന്നു പ്രചരിപ്പിച്ചതു സര്‍ക്കാരാണ്. അതിനു വ്യാജ തെളിവുകള്‍ ഉണ്ടാക്കി. സോപാനത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ഇക്കാര്യം ബോധ്യപ്പെട്ടു. ഈ വിഷയത്തില്‍ സര്‍ക്കാരും യുവതികളും പറയുന്നതു പച്ചക്കള്ളമാണ്. സന്നിധാനത്തു തന്ത്രി ശുദ്ധിക്രിയ നടത്തിയതു യുവതീപ്രവേശം കാരണമല്ലെന്നും അജയ് തറയില്‍ പറഞ്ഞു.

ശുദ്ധിക്രിയ നടത്തിയതു മറ്റുതരത്തിലുള്ള ചില അശുദ്ധികള്‍ മൂലമാണ്. മൂന്നുദിവസം ശബരിമലയില്‍ തങ്ങി സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചു പഠിച്ചശേഷമാണു താനിതു പറയുന്നതെന്നും അദ്ദേഹം മനോരമ ന്യൂസിനോടു പറഞ്ഞു. സന്നിധാനത്തു യുവതികള്‍ വന്ന് അയ്യപ്പനെ തൊഴുന്നതിന്‍റെ ഒരുചിത്രമെങ്കിലും പുറത്തുവിടാന്‍ മാധ്യമങ്ങളെയും സര്‍ക്കാരിനെ‍യും അജയ് തറയില്‍ വെല്ലുവിളിച്ചു. എന്നാല്‍ സംസ്ഥാനം സ്ത്രീപ്രവേശത്തിന്‍റെ പേരില്‍ കലാപഭൂമിയായപ്പോള്‍ തന്ത്രിയോ ഉത്തരവാദിത്തപ്പെട്ടവരോ എന്തുകൊണ്ട് ഇക്കാര്യം വെളിപ്പെടുത്തിയില്ല എന്ന ചോദ്യത്തിനു തൃപ്തികരമായ ഉത്തരം അദ്ദേഹം പറഞ്ഞില്ല.