ഇന്ത്യൻ വിപണിയിൽ മെച്ചപ്പെട്ട തുടക്കം; ഏഷ്യൻ വിപണികളിൽ ഇടിവ്

കൊച്ചി∙ ഇന്ന് ഇന്ത്യൻ വിപണിയിൽ മെച്ചപ്പെട്ട തുടക്കം. ആദ്യ രണ്ടു മണിക്കൂറുകളിൽ പ്രധാനപ്പെട്ട സൂചികകൾ പോസിറ്റീവ് പ്രവണതയാണു പ്രകടമാക്കുന്നത്. ഏഷ്യയിലെ മിക്കവാറും എല്ലാ വിപണികളിലും ഇടിവാണു ദൃശ്യമാകുന്നത്. കഴിഞ്ഞ ദിവസം 36318.33ൽ വ്യാപാരം അവസാനിപ്പിച്ച ബിഎസ്ഇ സെൻസെക്സ് സൂചിക 36370.74ലാണ് ഇന്നു വ്യാപാരം ആരംഭിച്ചത്. ഇന്നലെ 10886.80ൽ ക്ലോസ് ചെയ്ത നിഫ്റ്റി ഇന്ന് 10889.65ലാണ് വ്യാപാരം ആരംഭിച്ചത്. ഒരുവേള 10928.15 വരെ നിഫ്റ്റി സൂചിക ഉയർന്നിരുന്നു. ഇന്ന് നിഫ്റ്റിക്ക് 10900ന് മുകളിൽ തുടർച്ചയായി വ്യാപാരം നടത്തുവാൻ പറ്റുമോ എന്നാണു വിപണി പ്രധാനമായും നോക്കുന്നത്. 10965ൽ നിഫ്റ്റിക്ക് പ്രധാനപ്പെട്ട റെസിസ്റ്റൻസ് ഉണ്ടായേക്കുമെന്നു ചോയ്സ് ബ്രോക്കിങ് വൈസ് പ്രസിഡന്റ് ബിനു ജോസഫ് വിലയിരുത്തുന്നു.

രാജ്യാന്തര വിപണിയിൽ

∙ രാജ്യാന്തര വിപണിയിൽനിന്നുള്ള വാർത്തകൾ സമ്മിശ്ര പ്രവണതകളുടേതാണ്. ചൈനീസ് സമ്പദ്‌വ്യവസ്ഥയെ തിരിച്ചുകൊണ്ടുവരുന്നതിനായി സർക്കാർ പല നടപടികളും എടുക്കുന്നുണ്ട്. ചൈനീസ് സെൻട്രൽ ബാങ്ക് വൻതോതിലാണു സമ്പദ്‌വ്യവസ്ഥയിലേയ്ക്കു പണം ഇറക്കുന്നത്. അതേസമയം യുകെയിൽനിന്നുള്ള വാർത്തകൾ നെഗറ്റീവാണ്. ബ്രെക്സിറ്റ് ബ്രിട്ടിഷ് പാർലമെന്റിൽ പരാജയപ്പെട്ടിട്ടുണ്ട്. ഇതിനുശേഷം പാർലമെന്റിൽ സർക്കാരിനെതിരെ അവിശ്വാസ പ്രമേയം വന്നിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്കു ശേഷം അതിൻമേൽ വോട്ടെടുപ്പു നടന്നേക്കും. ഒരുപക്ഷേ ബ്രിട്ടനിൽ ഒരു രാഷ്ട്രീയ പ്രതിസന്ധിയുണ്ടാക്കിയേക്കും. ഇതു വരുന്ന നാളുകളിൽ ആഗോള വിപണികളിലും പ്രതിഫലിക്കുമെന്നു വിലയിരുത്തുന്നു.

∙ യുഎസ് ചൈന വ്യാപാര ചർച്ചകൾ നടന്നെങ്കിലും ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വിപണിക്കു വന്നിട്ടില്ല. ഇതും രാജ്യാന്തര തലത്തിൽ വിപണിക്കു തിരിച്ചടിയാകുന്നുണ്ട്.

ഇന്ത്യൻ വിപണിയിൽ

∙ മറ്റു വിപണികളെ അപേക്ഷിച്ചു പൊതുവേ മെച്ചപ്പെട്ട പ്രകടനമാണ് ഏതാനും ദിവസങ്ങളിലായി ഇന്ത്യൻ വിപണി കാഴ്ച വയ്ക്കുന്നത്.

∙ കമ്പനികളുടെ മൂന്നാം പാദ പ്രവർത്തന റിപ്പോർട്ടുകൾ പുറത്തു വരുമ്പോൾ ഇതുവരെ ഏതാണ്ട് വിപണി പ്രതീക്ഷിച്ച ഫലങ്ങൾ തന്നെയാണു നൽകുന്നത്. ഇന്നലെ സീ എന്റർടെയിൻമെന്റിന്റെ പ്രവർത്തന ഫലം വിപണിക്ക് പോസിറ്റീവ് പ്രവണത സമ്മാനിച്ചു.

ഇന്നു ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

∙ എഫ്എംസിജി, മെറ്റൽ സ്റ്റോക്കുകൾക്ക് ഒരു നെഗറ്റീവ് പ്രവണതയുണ്ട്.

∙ പ്രധാനമായും പിഎസ്‍യു ബാങ്കിങ് ഓഹരികളിലാണ് ഇന്ന് ഒരു പോസിറ്റീവ് പ്രവണത രാവിലത്തെ സെഷനിൽ കാണിക്കുന്നത്.

∙ സിമന്റ് ഓഹരികളും കുറെ ദിവസങ്ങൾക്കു ശേഷം പോസിറ്റീവ് പ്രവണതയിലാണ്.

∙ ക്രൂഡ് ഓയിൽ കഴിഞ്ഞ ദിവസങ്ങളിലെ മുന്നേറ്റത്തിനുശേഷം രാജ്യാന്തര വിപണിയിൽ ഒരു സ്ഥിരതയാർന്ന പ്രവണതയാണു കാണിക്കുന്നത്. അതുകൊണ്ടു തന്നെ ഓയിൽ മാർക്കറ്റിങ് കമ്പനികൾ നേട്ടം പ്രകടമാക്കുന്നുണ്ട്.

∙ പ്രധാനപ്പെട്ട കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ ഫലങ്ങൾ ഇന്നു വരാനില്ല. ഡിസിബി ബാങ്ക് പോലെയുള്ള മധ്യനിര കമ്പനികളുടെ ഫലങ്ങളാണ് വരാനിരിക്കുന്നത്.

∙ നാളെ റിലയൻസ് ഇൻഡസ്ട്രീസ്, ഹിന്ദുസ്ഥാൻ ലിവർ, ഫെഡറൽ ബാങ്കുകൾ തുടങ്ങിയ പ്രധാന കമ്പനികളുടെ ഫലങ്ങൾ വരാനിരിക്കുന്നുണ്ട്.