കൊടുവള്ളി എംഎൽഎ കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കി; ഉപാധികളോടെ സ്റ്റേ

കൊച്ചി∙ കൊടുവള്ളി എംഎൽഎ കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി. വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള പ്രചാരണം നടത്തിയെന്ന പരാതിയിലാണ് നടപടി. മണ്ഡലത്തിലെ വോട്ടറായ കെ.പി. മുഹമ്മദിന്റെ ഹർജിയിലാണ് വിധി. വ്യക്തിഹത്യ ചെയ്യുന്ന തരത്തിലുള്ള വിഡിയോകൾ പ്രചാരണ സമയത്ത് മണ്ഡലത്തിൽ ഉപയോഗിച്ചിരുന്നുവെന്നാണ് ആരോപണം. എതിർസ്ഥാനാര്‍ഥി സാമ്പത്തിക തട്ടിപ്പു നടത്തിയെന്നു പ്രചരിപ്പിച്ചു. 583 വോട്ടുകൾക്കാണ് കാരാട്ട് റസാഖ് ജയിച്ചത്.

അതേസമയം, ഉപാധിയോടെ സ്റ്റേ അനുവദിച്ചു. നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാമെങ്കിലും കാരാട്ട് റസാഖിന് വോട്ട് ചെയ്യാനാകില്ല. ശമ്പളവും ആനുകൂല്യങ്ങളും വാങ്ങാനാകില്ല. 30 ദിവസത്തേക്കാണ് സ്റ്റേ. സുപ്രീം കോടതിയിൽ അപ്പീൽ നൽകാൻ വിധി സ്റ്റേ ചെയ്യണമെന്ന് കാരാട്ട് റസാഖ് ആവശ്യപ്പെട്ടു. അയോഗ്യത വന്നാൽ മണ്ഡലത്തിനു പ്രാധാന്യം നഷ്ടപ്പെടുമെന്ന വാദമാണ് കാരാട്ട് റസാഖ് ഉയർത്തിയിരിക്കുന്നത്.

മുസ്‌ലിം ലീഗ് നേതാവ് എം.എ. റസാഖ് ആയിരുന്നു കൊടുവള്ളിയിലെ എതിർ സ്ഥാനാർഥി. വിജയി ആയി പ്രഖ്യാപിക്കണമെന്ന എം.എ. റസാഖിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. യുഡിഎഫ് സ്വാധീനമുള്ള മണ്ഡലമെന്ന് അറിയപ്പെട്ടിരുന്നിടത്തെ കാരാട്ട് റസാഖിന്റെ വിജയം വൻ ചർച്ചയായിരുന്നു. ഇടതു സ്വതന്ത്രനായിട്ടാണ് റസാഖ് മൽസരിച്ചത്.