മേഘാലയ ഖനി അപകടം: ഒരു തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി; 14 പേരെക്കുറിച്ചു വിവരമില്ല

ഷില്ലോങ്∙ മേഘാലയയിലെ അനധികൃത ഖനിയിൽ കുടുങ്ങിയ ഒരു തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. 200 അടി താഴ്ചയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇനി 14 പേരെക്കൂടി കണ്ടെത്താനുണ്ട്. നാവികസേന തിരിച്ചിൽ തുടരുകയാണ്. 35 ദിവസം നീണ്ട തിരച്ചിലിനുശേഷമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം എത്രയും വേഗം പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ. ഡിസംബർ 13നായിരുന്നു ഈസ്റ്റ് ജയന്തിയ ഹിൽസിലെ അനധികൃത ഖനിയിൽ 15 തൊഴിലാളികൾ കുടുങ്ങിയത്.

വെള്ളത്തിനടിയിലുള്ള വസ്തുക്കൾ കണ്ടെത്താൻ നാവികസേനയിലെ ഡൈവർമാർ ഉപയോഗിക്കുന്ന അണ്ടർ വാട്ടർ റിമോട്ട്‌ലി ഓപ്പറേറ്റഡ് വെഹിക്കിൾ ഉപയോഗിച്ചു നടത്തിയ തിരച്ചിലിലാണ് ഖനിയുടെ ആഴമേറിയ ഭാഗത്തുനിന്നു തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. ഒരു കോടി ലീറ്റർ വെള്ളം പമ്പ് ചെയ്തു കളഞ്ഞെങ്കിലും സമീപത്തെ നദിയിൽനിന്നു വെള്ളം വീണ്ടും കയറുന്നതു രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു.