മൂടൽമഞ്ഞ്: നെടുമ്പാശേരിയിൽനിന്നു ബെംഗളൂരുവിലേക്കു പോയ വിമാനം ഹൈദരാബാദിൽ ഇറക്കി

കൊച്ചി∙ നെടുമ്പാശേരിയിൽനിന്നു ബെംഗളൂരുവിലേക്കു പുറപ്പെട്ട ഇൻഡിഗോ 6E 581 വിമാനം കനത്ത മൂടൽമഞ്ഞു മൂലം ലാൻഡ് ചെയ്യാനാകാതെ ഹൈദരാബാദിൽ ഇറക്കി. രാവിലെ 5.30നു പുറപ്പെട്ട വിമാനം 6.30നു ബെംഗളൂരു എത്തേണ്ടതാണ്. ഹൈദരാബാദിൽ രണ്ടു മണിക്കൂർ ചെലവഴിച്ച ശേഷം നാലു മണിക്കൂറിലേറെ വൈകി 10.40നാണ് ബാംഗ്ലൂരിൽ ഇറങ്ങിയത്.

ഇതിനിടെ യാത്രക്കാരിൽ ഒരാൾ കോക്പിറ്റിൽ കയറാൻ ശ്രമിച്ചത് വാക്തർക്കത്തിന് ഇടയാക്കി. കടന്നു കയറാൻ ശ്രമിച്ചാൽ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പു നൽകിയതിനെ തുടർന്നാണ് ഇയാൾ പിൻവാങ്ങിയത്. സമയത്ത് ഭക്ഷണം ലഭിക്കാതിരുന്നതും യാത്രക്കാരുടെ പ്രതിഷേധത്തിനു കാരണമായി.

കൊച്ചിയിൽനിന്നു ബെംഗളൂരുവിലേക്കുള്ള മിക്ക ഫ്ലൈറ്റുകളും വൈകി റീഷെഡ്യൂൾ ചെയ്തിട്ടുണ്ട്. മഞ്ഞുകാലം ആയതോടെ ബെംഗളൂരുവിൽ മൂടൽമഞ്ഞു മൂലം വിമാനങ്ങൾ വൈകുന്നതു പതിവു സംഗതിയായി.