രാകേഷ് അസ്താനയെ സിബിഐയിൽനിന്ന് മാറ്റി; നിയമനം ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയിൽ

ന്യൂഡല്‍ഹി∙ സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താനയെ സിബിഐയിൽനിന്ന് മാറ്റിയതായി വിവരം. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ തലവനായിട്ടാണ് അസ്താനയുടെ പുതിയ നിയമനം. ജോയിന്റ് ഡയറക്ടർ എ.കെ. ശർമ, ഡിഐജി മനീഷ് കുമാർ സിൻഹ, എസ്പി ജയന്ത് ജെ. നായ്ക്‌നാവരെ എന്നിവര്‍ക്കും ജോലി മാറ്റമുണ്ട്.

സിബിഐ തലപ്പത്തെ തർക്കങ്ങളുടെ തുടർച്ചയായാണ് അസ്താനയ്ക്കെതിരായ നടപടി. സിബിഐ മേധാവി ആലോക് വർമയെ ഡയറക്ടർ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. എന്നാൽ ഇതിനു പിന്നാലെ ആലോക് വർ‌മ സർവീസിൽനിന്നു രാജിവച്ചു. ഫയർ സർവീസസ് ഡയറക്ടർ ജനറലായാണ് ആലോക് വർമയ്ക്കു ജോലി മാറ്റം നൽകിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ ഉന്നതാധികാര സമിതിയാണു ആലോക് വർമയെ സിബിഐ ഡയറക്ടർ സ്ഥാനത്തുനിന്നു മാറ്റിയത്. മൂന്നംഗ സമിതിയിൽ, പ്രധാനമന്ത്രിയുടെ നിലപാടിനെ സുപ്രീം കോടതിയിലെ ജസ്റ്റിസ് എ.കെ. സിക്രി അനുകൂലിച്ചു.