മഹാരാഷ്ട്രയിലെ ഡാന്‍സ് ബാര്‍: നിയന്ത്രണങ്ങളില്‍ സുപ്രീം കോടതി ഇളവ്; ദൂരപരിധി റദ്ദാക്കി

മുംബൈ∙ മഹാരാഷ്ട്രയില്‍ ഡാന്‍സ് ബാറുകള്‍ക്കു പ്രവര്‍ത്തിക്കാനായി സര്‍ക്കാര്‍ കൊണ്ടു വന്ന നിയമവ്യവസ്ഥകളില്‍ സുപ്രീംകോടതി ഇളവു വരുത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നും ആരാധനാലയങ്ങളില്‍നിന്നും ഒരു കിലോമീറ്റര്‍ ദൂരപരിധി വേണമെന്ന വ്യവസ്ഥ കോടതി റദ്ദാക്കി. ഡാന്‍സ് ബാറുകളില്‍ സിസിടിവി ദൃശ്യങ്ങള്‍ അനിവാര്യമല്ലെന്നു കോടതി വ്യക്തമാക്കി. ടിപ്പ് കൊടുക്കുന്നതിനു കുഴപ്പമില്ല. എന്നാല്‍ ബാറിനുള്ളില്‍ പണം വാരിവിതറുന്ന രീതി അനുവദിക്കാനാവില്ല. അതേസമയം ഡാന്‍സിന്റെ സമയം അഞ്ചര മണിക്കൂറായി നിജപ്പെടുത്തിയതു കോടതി ശരിവച്ചു.

ഡാന്‍സ് ബാറുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതി പൂര്‍ണമായി തടയാന്‍ മുമ്പ് സുപ്രീംകോടതി വിസമ്മതിച്ചിരുന്നു. എന്നാല്‍, ഭേദഗതിയിലെ ചില വ്യവസ്ഥകള്‍ കോടതി ചോദ്യം ചെയ്തു. ഡാന്‍സ് നടക്കുന്ന സ്ഥലത്തു മദ്യം വിളമ്പാന്‍ പാടില്ലെന്ന ചട്ടം യുക്തിരഹിതമാണെന്നു കോടതി പറഞ്ഞിരുന്നു അതുപോലെ, നൃത്ത സ്ഥലത്തു സിസിടിവി സ്ഥാപിക്കുന്നതു ഡാന്‍സ് കാണാനെത്തുന്നവരുടെ സ്വകാര്യതയിലേക്കുളള കടന്നു കയറ്റമല്ലേ എന്നും കോടതി ചോദിച്ചിരുന്നു.

ഡാന്‍സ് ബാറുകള്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം 2015-ല്‍ സുപ്രീംകോടതി സ്‌റ്റേ ചെയ്തിരുന്നു. തുടര്‍ന്ന് ഇടക്കാലവിധിയില്‍ ഡാന്‍സ് ബാറുകള്‍ക്കു ലൈസന്‍സ് നല്‍കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നെങ്കിലും ബാറുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കു കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന ബില്‍ ബജറ്റ് സമ്മേളനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പാസാക്കുകയായിരുന്നു. പുതിയ ചട്ടങ്ങള്‍ പാലിച്ചില്ലെന്നു കണ്ട് ലൈസന്‍സിനു വേണ്ടി 154 ഡാന്‍സ് ബാറുകള്‍ നല്‍കിയ അപേക്ഷ തള്ളുകയും ചെയ്തു.

ബാറുകളിലെ ഡാന്‍സ് അതിരുവിടുന്നതായും വേശ്യാവൃത്തിയെ പ്രോല്‍സാഹിപ്പിക്കുന്നതായും ചൂണ്ടിക്കാട്ടി 2005ലാണു സംസ്ഥാന സര്‍ക്കാര്‍ പൊലീസ് ആക്ടില്‍ ഭേദഗതി വരുത്തിയത്. ത്രീ സ്റ്റാറിനു മുകളിലുള്ള ഹോട്ടലുകളെ ഒഴിവാക്കിയാണു നിയമം നടപ്പാക്കിയത്. റസ്റ്ററന്റ്, ബാര്‍ ഉടമകള്‍ ബോംബെ ഹൈക്കോടതിയില്‍ ഇതു ചോദ്യം ചെയ്തു. ഏതു തൊഴിലും ചെയ്യാനുള്ള മൗലികാവകാശത്തിന്റെ ലംഘനമാണു ഡാന്‍സ് നിരോധനമെന്നു ചൂണ്ടിക്കാട്ടി 2006ല്‍ ഹൈക്കോടതി സര്‍ക്കാര്‍ നടപടി തടഞ്ഞു.

സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചുവെങ്കിലും സുപ്രീം കോടതിയും ഹൈക്കോടതി വിധി ശരിവച്ചു. തുടര്‍ന്നു ത്രീസ്റ്റാറിനു മുകളിലുള്ള ഹോട്ടലുകളിലും ക്ലബ്ബുകളിലുമുള്‍പ്പെടെ നൃത്തപ്രകടനങ്ങള്‍ നിരോധിച്ചു ഭേദഗതിയോടെ സര്‍ക്കാര്‍ വീണ്ടും നിയമം പാസാക്കി. ആയിരക്കണക്കിനു വരുന്ന ഡാന്‍സര്‍മാരുടെ ജീവിതം വഴിമുട്ടുമെന്നും ഇത് അസാന്മാര്‍ഗിക ജീവിതത്തിലേക്കു തിരിയാന്‍ അവരെ നിര്‍ബന്ധിതമാക്കുമെന്നും ചൂണ്ടിക്കാട്ടി റസ്റ്ററന്റ് ഉടമകള്‍ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു.