കോണ്‍ഗ്രസ്-ജെഡിഎസ് ഭിന്നത രൂക്ഷമാക്കാന്‍ എരിതീയില്‍ എണ്ണ പകരും: ബിജെപി എംഎല്‍എ

ബെംഗളൂരു∙ കുമാരസ്വാമി സർക്കാരിനെ മറിച്ചിടാൻ ശ്രമിച്ചിട്ടില്ലെന്നു മുൻ മുഖ്യമന്ത്രിയും കർണാടകയിലെ ബിജെപി സംസ്ഥാന പ്രസിഡന്ററുമായ ബി.എസ്.യെഡിയൂരപ്പ വ്യക്തമാക്കിയതിനു പിന്നാലെ വെളിപ്പെടുത്തലുമായി ബിജെപി എംഎൽഎ. കോൺഗ്രസും ജെഡിഎസും തമ്മിലുള്ള പ്രശ്നങ്ങൾ ആളിക്കത്തിക്കാന്‍ എണ്ണ പകരുകയാണ്‌ തങ്ങള്‍ ചെയ്യുന്നതെന്ന്‌ ചിക്കമംഗളൂരു എംഎൽഎ സി.ടി.രവി പറഞ്ഞു. സർക്കാർ രൂപീകരിക്കാനുള്ള അവസരം തങ്ങൾക്കുമുണ്ട്. ഇത് രാഷ്ട്രീയമാണ്. കാരുണ്യപ്രവർത്തനത്തിനല്ല ഞങ്ങള്‍ ഇവിടെ എത്തിയിരിക്കുന്നതെന്നും പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ രവി പറഞ്ഞു.

104 സീറ്റുകളിലാണ് ‍ഞങ്ങൾ ജയിച്ചത്. ചെറിയ കണക്കു വ്യത്യാസത്തിലൂടെയാകാം നിങ്ങള്‍ സർക്കാർ രൂപീകരിച്ചത്. പക്ഷേ അഭിപ്രായവ്യത്യാസമെന്നത് നിങ്ങളുടെ പാർട്ടിയിൽ തന്നയുണ്ട്. ഈ തീ ആളിക്കത്തിക്കാന്‍ എണ്ണ പകരുക എന്നതാണ് രാഷ്ട്രീയം. നിങ്ങളുടെ എംഎൽഎ ഒപ്പം നിൽക്കുന്നില്ലെങ്കിൽ അതിനു ഞങ്ങളെയല്ല കുറ്റപ്പെടുത്തേണ്ടതെന്നും രവി പറഞ്ഞു. 2006ൽ സിദ്ധാരാമയ്യ ജെഡിഎസ് വിട്ട് കോൺഗ്രസിൽ ചേർന്ന‌തിനെയും രവി വിമർശിച്ചു. അതു വിലയ്ക്കു വാങ്ങൽ ആയിരുന്നോ ലേലത്തിൽ വയ്ക്കലായിരുന്നോ ? പണ്ടു നിങ്ങൾ പ്രയോഗിച്ചിരുന്ന അതേ രാഷ്ട്രീയമാണ് ഇന്ന് ഞങ്ങൾ പ്രയോഗിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപി എംഎൽഎമാരെ റിസോർട്ടിൽ ഒളിവിൽ പാർപ്പിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന്, വരൾച്ചയെക്കുറിച്ചു പഠിക്കുന്നതിനല്ല, രാഷ്ട്രീയത്തെക്കുറിച്ചു പഠിക്കുന്നതിനാണു തങ്ങൾ പോയതെന്നും രവി പറഞ്ഞു. കഴിഞ്ഞ മൂന്നു ദിവസങ്ങളായി ഗുരുഗ്രാം റിസോർട്ടിൽ കഴിഞ്ഞിരുന്ന 104 എംഎൽഎമാരിൽ ഒരാളാണ് സി.ടി.രവി.

നിർണായക നിയമസഭാകക്ഷി യോഗം ഇന്ന്

കര്‍ണാടകയില്‍ രാഷ്ട്രീയനാടകങ്ങള്‍ക്കിടെ ഇന്ന് കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗം ചേരും. സഖ്യസര്‍ക്കാരിന് യോഗം ഏറെ നിര്‍ണായകമാണ്. എല്ലാ എംഎല്‍എമാരും യോഗത്തില്‍ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുമ്പോഴും എത്രപേര്‍ യോഗത്തിനെത്തുമെന്നത് ചോദ്യചിഹ്നമായി തുടുരുകയാണ്. വിമതരെ അനുനയിപ്പിക്കാന്‍ മന്ത്രിസ്ഥാനങ്ങള്‍ നല്‍കുന്നതടക്കമുള്ള കാര്യങ്ങളില്‍ ഇന്ന് തീരുമാനമുണ്ടായേക്കുമെന്നാണ് സൂചന.

സഖ്യസര്‍ക്കാരിനെ തകര്‍ക്കാന്‍ ബിജെപി നടത്തിയ ഒപ്പറേഷന്‍ താമരയുടെ ഇതളടര്‍ത്തിയെന്ന് അവകാശപ്പെടുമ്പോഴും ഇന്ന് നടക്കാനിരിക്കുന്ന നിയമസഭാകകഷിയോഗം കോണ്‍ഗ്രസിന് ഏറെ നിര്‍ണായകമാണ്. മുംബൈയിലുണ്ടായിരുന്ന എംഎല്‍എമാരില്‍ രമേഷ് ജാര്‍ക്കിഹോളിയും ഉമേഷ് ജാദവുമടക്കം മൂന്ന് എംഎൽഎമാർ ഇന്നലെത്തന്നെ ബെംഗളൂരുവില്‍ തിരിച്ചെത്തിയെന്നാണ് സൂചനകള്‍.

ഒരു കാരണവശാലും യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കരുതെന്ന് എംഎല്‍എമാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിട്ടുനില്‍ക്കുന്നവര്‍ക്കെതിരെ കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടിയുണ്ടാകുമെന്നാണു താക്കീത്. വിമതരെ അനുനയിപ്പിക്കാന്‍ ചില മുതിര്‍ന്നമന്ത്രിമാര്‍ സ്ഥാനത്യാഗം ചെയ്യാന്‍ തയാറായിട്ടുണ്ടെന്നാണു സൂചന.

സഖ്യത്തില്‍ വിമതസ്വരമുയര്‍ത്താന്‍ നേതൃത്വം നല്‍കിയ രമേഷ് ജാര്‍ക്കിഹോളിക്ക് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തതായും, പിന്തുണ പിന്‍വലിച്ച സ്വതന്ത്ര എംഎല്‍എ എച്ച്. നാഗേഷ് സഖ്യത്തിലേക്കു തിരികെയെത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനായി ബോര്‍ഡ് ചെയര്‍മാന്‍ പദവി നാഗേഷ് ആവശ്യപ്പെട്ടിട്ടുണ്ടെന്നുമാണ് സൂചന. ഇക്കാര്യങ്ങളിലും ഇന്ന് തീരുമാനമുണ്ടായേക്കും.