വീടും ഭൂമിയും നഷ്ടപ്പെട്ടതു വസ്തുത; ഖനനം നിർത്താനാകില്ല: വിഎസിനെ തള്ളി സിപിഎം

കൊല്ലം∙ ആലപ്പാട് പഞ്ചായത്തിലെ കരിമണൽ ഖനനം നിര്‍ത്താനാകില്ലെന്ന നിലപാടിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. താൽക്കാലികമായി ഖനനം നിർത്തണമെന്ന ഭരണ പരിഷ്കാര കമ്മിഷൻ അധ്യക്ഷൻ‌ വി.എസ്.അച്യുതാനന്ദന്റെ ആവശ്യം സിപിഎം തള്ളി. പൊതുമേഖലാ സ്ഥാപനം അടച്ചുപൂട്ടാനാകില്ലെന്നാണു പാർട്ടി നിലപാട്.

വീടും ഭൂമിയും നഷ്ടപ്പെട്ടുവെന്നതു വസ്തുതയാണ്. നാട്ടുകാരുടെ ആശങ്കകൾ പരിഹരിക്കണം. തുടർ ചർച്ചകളിലൂടെ പ്രശ്നപരിഹാരത്തിനു ശ്രമിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. വ്യവസായ മന്ത്രി ഇ.പി.ജയരാജനുമായി സമരസമിതി വ്യാഴാഴ്ച നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു.

സീ വാഷിങ് നിർത്താമെന്ന് സർക്കാർ നിലപാടെടുത്തുവെങ്കിലും ഖനനം അവസാനിപ്പിക്കണമെന്ന് സമരസമിതി അറിയിച്ചതോടെയാണ് സമവായമില്ലാതായത്. അറിയാത്ത കാര്യങ്ങളെക്കുറിച്ചാണ് മന്ത്രി ജയരാജൻ സംസാരിക്കുന്നതെന്നും ആലപ്പാട് സന്ദര്‍ശിച്ചു കാര്യങ്ങൾ മനസ്സിലാക്കണമെന്നും സമരസമിതി പിന്നീട് അഭിപ്രായപ്പെട്ടു. ആലപ്പാട്ടെ ഖനന പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ കൊല്ലം കലക്ടറെ ചെയര്‍മാനാക്കി നിരീക്ഷണ സമിതി രൂപീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.