യുവതീപ്രവേശത്തിന് ദേവസ്വം ബോര്‍ഡിന്റെ പക്കല്‍ തെളിവില്ലെന്ന് അംഗങ്ങള്‍

ശബരിമല∙ 51 യുവതികൾ ദർശനം നടത്തിയതായി സർക്കാർ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലം ശരിയായിരിക്കാമെന്നു ദേവസ്വം ബോർ‌ഡ് അംഗങ്ങൾ. എന്നാൽ ദേവസ്വം ബോർഡിന്റെ കൈവശം അതിനുള്ള കണക്കുകളോ തെളിവുകളോ ഇല്ലെന്ന് ബോർഡ് അംഗങ്ങളായ കെ.പി.ശങ്കരദാസ്, എൻ.വിജയകുമാർ എന്നിവർ പറഞ്ഞു.

സർക്കാർ കണക്ക് അവിശ്വസിക്കേണ്ട കാര്യമില്ല. ഈ യുവതികളാരും പ്രചാരണത്തിനു വേണ്ടി വന്നവരാകില്ല. അതിനാലാകും പുറത്തറിയാതിരുന്നത്. യഥാർഥ ഭക്തർ ഇവിടെ വന്നു തൊഴുത് വഴിപാടും നടത്തിപോകും. അവരെ ആരും അറിയില്ല. കണക്കെടുക്കാൻ ദേവസ്വം ബോർഡിന് സംവിധാനങ്ങൾ ഒന്നുമില്ല. സർക്കാർ പട്ടിക പ്രകാരം സുപ്രീം കോടതി വിധി നടപ്പായി എന്നാണു കരുതേണ്ടത്. പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും ഇവിടെ വരാം. ദർശനം നടത്താം. ഇത്രയും പേർ എപ്പോൾ വന്നു. ആർക്കും അറിയില്ലല്ലോ എന്ന ചോദ്യത്തിനു പുലർച്ചെ വന്നു കാണുമെന്നായിരുന്നു മറുപടി.

പട്ടികയ്ക്ക് വിശ്വാസ്യതയില്ലെന്ന് പന്തളം കൊട്ടാരം

സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച കണക്കിൽ വിശ്വസിക്കുന്നില്ലെന്ന് പന്തളം കൊട്ടാരം നിർവാഹകസമിതി ജനറൽ സെക്രട്ടറി പി.എൻ. നാരായണ വർമ. കോടതിയിൽ നൽകുന്ന സത്യവാങ്മൂലം സത്യമാകണം. ഇതു സത്യവാങ്മൂലമണെന്നു കരുതുന്നില്ല. ഓൺലൈനിൽ ദർശനത്തിനു ബുക്കു ചെയ്ത സ്ത്രീകളുടെ പട്ടികയാകാം. 10 നും 50 നും മധ്യേയുള്ള യുവതികൾ ആകണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പന്തളം കൊട്ടാരം നിർവാഹക സമിതി ജനറൽ സെക്രട്ടറി പി.എൻ.നാരായണ വർമയും രാജപ്രതിനിധി മൂലം നാൾ രാഘവവർമ രാജായും

മാധ്യമങ്ങൾ ഉൾപ്പെടെ  എല്ലാവരും കണ്ണിൽ എണ്ണ ഒഴിച്ചു കാത്തിരുന്നു. അതിനാൽ എത്ര പേർ കയറിയെന്ന് എല്ലാവർക്കും അറിയാം. വേഷം മാറ്റി 2 പേരെ കൊണ്ടുവന്നു. കുറുക്കുവഴിയിലൂടെ തിരുമുറ്റത്തു കയറ്റി ഇറക്കി. അതല്ലാതെ ഒന്നും നടന്നതായി ആരും പറഞ്ഞു കേൾക്കുന്നില്ല. ശബരിമലയുടെ കാര്യത്തിൽ മാത്രം സർക്കാരിന് എന്താണ്  ഇത്ര പിടിവാശിയെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു . 

അതേസമയം സർക്കാർ കണക്കിൽ വിശ്വസിക്കുന്നില്ലെന്നും അയ്യപ്പ സന്നിധിയിലെ ചടങ്ങുകൾക്കു വന്നതിനാൽ പ്രതികരികുന്നില്ലെന്നും രാജപ്രതിനിധി മൂലം നാൾ രാഘവ വർമ രാജാ പറഞ്ഞു.