ചെന്നിത്തലയ്ക്കെതിരെ അപവാദപ്രചരണം നടത്തിയവർ ‘കുടുങ്ങുമോ?’; അന്വേഷണം ക്രൈംബ്രാഞ്ചിന്

തിരുവനന്തപുരം∙ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം. അപകീര്‍ത്തികരമായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാന അഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറിക്കു പ്രതിപക്ഷനേതാവിന്റെ ഓഫിസ് പരാതി നല്‍കിയതിനെത്തുടര്‍ന്നാണു നടപടി.

എന്നാല്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സമൂഹ മാധ്യമങ്ങളിലൂടെ അവഹേളിക്കുന്നവരെ ഉടനെ അറസ്റ്റു ചെയ്യുന്ന പൊലീസ്, നടപടികള്‍ നീട്ടികൊണ്ടുപോകാനാണ് ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചതെന്ന ആക്ഷേപം പ്രതിപക്ഷ നേതാവിന്റെ ഓഫിസിനുണ്ട്. പ്രതിപക്ഷനേതാവിനെതിരെ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടവര്‍ സിപിഎം അനുഭാവികളാണെന്നാണു ലഭിക്കുന്ന വിവരം.

പല ഫെയ്സ്ബുക്ക് പോസ്റ്റുകളിലും പ്രതിപക്ഷനേതാവിന്റെ ചിത്രം മോര്‍ഫ്ചെയ്താണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രകോപനകരവും, സാമുദായികസ്പര്‍ദ്ദ വളര്‍ത്തുന്നതുമായ കമന്റുകളുമാണ് പോസ്റ്റുകളില്‍ ഉള്ളതെന്നു പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അടിസ്ഥാനരഹിതവും, തെറ്റിദ്ധാരണ പരത്തുന്നതും, അങ്ങേയറ്റം നിയമവിരുദ്ധവുമായ ഇത്തരം പോസ്റ്റുകള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നാണ് പ്രതിപക്ഷ  നേതാവിന്റെ ഓഫിസ് പരാതിയില്‍ ആവശ്യപ്പെട്ടത്.