മനുഷ്യക്കടത്തിൽ ശ്രീകാന്തൻ വിദഗ്ധൻ; മുൻപും ഓസ്ട്രേലിയയിലേക്ക് ആളെക്കടത്തി

തിരുവനന്തപുരം∙ കൊച്ചി മുനമ്പത്തെ മനുഷ്യക്കടത്തു സംശയിക്കുന്ന സംഭവത്തിലെ മുഖ്യപ്രതിയെന്നു കരുതുന്ന തമിഴ്നാട് സ്വദേശി ശ്രീകാന്തന് രാജ്യാന്തര മനുഷ്യക്കടത്തു സംഘവുമായി അടുത്ത ബന്ധമെന്ന് പൊലീസ്. മനുഷ്യക്കടത്ത് സംഘത്തിലെ പ്രധാന കണ്ണിയായ ശ്രീകാന്തന്‍ മുന്‍പും ഓസ്ട്രേലിയിലേക്ക് ആളുകളെ കടത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

ശ്രീകാന്തനാണ് കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതെന്നും ഇയാള്‍ മനുഷ്യക്കടത്ത് സംഘത്തിലെ പ്രധാന കണ്ണിയാണെന്നും ആലുവ റൂറല്‍ എസ്പി രാഹുല്‍ ആര്‍.നായര്‍ മനോരമ ഓണ്‍ലൈനോട് പറഞ്ഞു. ശ്രീകാന്തന്‍ പൊലീസ് കസ്റ്റഡിയിലാണെന്ന പ്രചാരണം തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.

ശ്രീകാന്തന്റെയും ഇപ്പോള്‍ കേരളത്തില്‍നിന്ന് വിദേശത്തേക്ക് പോകാന്‍ ശ്രമിച്ചവരുടേയും ബന്ധുക്കള്‍ ഓസ്ട്രേലിയയിലും ന്യൂസീലന്‍ഡിലും താമസിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. രണ്ടു രാജ്യങ്ങളിലേക്കും ഇവർ പോകാനുള്ള സാധ്യതകള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.

ശ്രീകാന്തന്റെ ബാങ്ക് അക്കൗണ്ടില്‍ വലിയ തുകകളുടെ ഇടപാടുകള്‍ നടന്നതായും പൊലീസ് കണ്ടെത്തി. ശ്രീകാന്തന്റെ കോവളം വെങ്ങാനൂരിലെ വീട്ടില്‍നിന്നും കണ്ടെടുത്ത സിസിടിവി ക്യാമറകളുടെ ഹാര്‍ഡ് ഡിസ്കുകളുടെ പരിശോധനയും ആരംഭിച്ചു. വെങ്ങാനൂരില്‍ തന്നെ ശ്രീകാന്തനു മറ്റൊരു വീടു കൂടിയുണ്ടെന്നും പൊലീസ് കണ്ടെത്തി.

കൊച്ചി സ്വദേശി ജിബിന്‍ ആന്റണിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ബോട്ട് ഒരു കോടി രണ്ടു ലക്ഷംരൂപ നല്‍കിയാണ് അനില്‍കുമാറും ശ്രീകാന്തനും വാങ്ങിയത്. മത്സ്യബന്ധനത്തിനെന്ന പേരില്‍ അനില്‍കുമാറിന്റെ പേരില്‍ ബോട്ട് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഈ ബോട്ടിലാണ് സത്രീകളും കുട്ടികളും അടങ്ങിയ സംഘം വിദേശത്തേക്ക് പോയതെന്നാണ് കരുതുന്നത്. അനില്‍കുമാര്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. കടലില്‍ ഇത്തരമൊരു ബോട്ടിന്റെ സാന്നിധ്യം കണ്ടെത്താനായിട്ടില്ല.