മമതയുടെ റാലി പ്രതിപക്ഷ ഐക്യത്തിന്റെ സന്ദേശമാകട്ടെ: രാഹുൽ ഗാന്ധി

ന്യൂഡൽഹി∙ ബംഗാൾ മുഖ്യമന്ത്രി മമത ബാനർ‍ജി നടത്തുന്ന ‘യുണൈറ്റഡ് ഇന്ത്യ റാലി’ക്കു പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ് അധ്യക്ഷന്‍  രാഹുൽ ഗാന്ധി. പ്രതിപക്ഷത്തുള്ളവരെല്ലാം ഒന്നിച്ചിരിക്കുന്നുവെന്ന് മമതയ്ക്കുള്ള കത്തിൽ രാഹുൽ സൂചിപ്പിച്ചു. മമത ദീയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു. നമ്മുടെ ഐക്യം തെളിയിക്കുകയും ആ സന്ദേശം രാജ്യത്തിനൊട്ടാകെ കൈമാറുകയും വേണമെന്നും രാഹുൽ കത്തിൽ പറയുന്നു.

മോദി സർക്കാരിന്റെ വ്യാജ വാഗ്ദാനങ്ങളിൽ മടുത്തിരിക്കുകയാണ് ജനങ്ങള്‍. നല്ലൊരു നാളേയ്ക്കായ് കാത്തിരിക്കുകയാണ് ഇവർ. എല്ലാ പുരുഷന്മാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും ശബ്ദമാകാൻ, അവരെ കേൾക്കാൻ, ബഹുമാനിക്കാൻ അത് ഏതു മതമെന്നോ എന്താണു സാമ്പത്തിക നിലയെന്നോ നോക്കാത്ത നാളെയാണ് അവർ ആഗ്രഹിക്കുന്നത്– രാഹുൽ പറയുന്നു.

നാളെയാണു മമത ബാനർജിയുടെ നേതൃത്വത്തിൽ പ്രതിപക്ഷത്തിന്റെ റാലി നടക്കുന്നത്. രാഹുൽ ഗാന്ധി നേരിട്ടു പങ്കെടുക്കുന്നില്ലെങ്കിലും പ്രതിനിധികളായി മല്ലികാർജുൻ ഖർഗെയും അഭിഷേക് മനു സിങ്‌വിയും പങ്കെടുക്കും.