എസ്ബിഐ ആക്രമണം: മൂന്ന് എൻജിഒ യൂണിയൻ നേതാക്കൾ കൂടി സസ്പെൻഷനിൽ

തിരുവനന്തപുരം∙ അഖിലേന്ത്യാ പണിമുടക്കിനിടെ സെക്രട്ടേറിയറ്റിനു സമീപത്തെ എസ്ബിഐ ട്രഷറി മെയിൻ ശാഖ അടിച്ചു തകർത്ത കേസിലെ പ്രതികളും സിപിഎം അനുകൂല സർവീസ് സംഘടനയായ എൻജിഒ യൂണിയന്റെ നേതാക്കളുമായ മൂന്നു ജീവനക്കാരെക്കൂടി സസ്പെൻഡ് ചെയ്തു.

യൂണിയൻ സംസ്ഥാന കമ്മറ്റി അംഗവും ജിഎസ്ടി വകുപ്പ് ഇൻസ്പെക്ടറുമായ സുരേഷ് ബാബു, ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ജിഎസ്ടി വകുപ്പിലെ ഇൻസ്പെക്ടറുമായ എസ്.സുരേഷ് കുമാർ, ട്രഷറി ഡയറക്ടറേറ്റിലെ ജീവനക്കാരൻ ശ്രീവത്സൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഇതോടെ സംഭവത്തിൽ അഞ്ചുപേർ സസ്പെന്‍ഷനിലായി. റിമാൻഡിലുള്ള മൂന്നു പേർക്കെതിരെയും നടപടിയുണ്ടാകും.

തിങ്കളാഴ്ച അറസ്റ്റ് ചെയ്ത ഇവരെ സസ്പെൻഡ് ചെയ്യാൻ ഉദ്യോഗസ്ഥൻ തയാറായിരുന്നില്ല. സർക്കാർ ജീവനക്കാർ ക്രിമിനൽ കേസിൽ അറസ്റ്റിലായാൽ 48 മണിക്കൂറിനകം സസ്പെൻഡ് ചെയ്യണമെന്നാണു നിയമം. സിപിഎം നേതാക്കളുടെ നിർദേശപ്രകാരമാണു നടപടി നീട്ടിയത്.

റിമാൻഡിലായ യൂണിയൻ തൈക്കാട് ഏരിയ സെക്രട്ടറി എ.അശോകൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.വി.ഹരിലാൽ എന്നിവരാണു നേരത്തെ സസ്പെൻഷനിലായത്. ജാമ്യമില്ലാക്കുറ്റം ചുമത്തി ഇരുവരെയും അറസ്റ്റു ചെയ്തതെന്ന വിവരം ഓഫിസുകളിൽ അറിയിച്ചതിനെ തുടർന്നാണു നടപടി. കേസുമായി ബന്ധപ്പെട്ട് ഇതിനകം എട്ടുപേർ അറസ്റ്റിലായി. ഇവരുടെ ജാമ്യാപേക്ഷ കോടതി തള്ളി.