വിശാല സഖ്യം തനിക്ക് എതിരെയല്ല, ജനങ്ങള്‍ക്ക് എതിര്: മമതയുടെ റാലിയെ പരിഹസിച്ച് മോദി

അഹമ്മദാബാദ്∙ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ നേതൃത്വത്തിൽ കൊൽക്കത്തയിൽ നടക്കുന്ന വിശാല പ്രതിപക്ഷ സഖ്യത്തിന്റെ റാലിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷ കക്ഷികൾ അവരവരുടെ നിലനിൽപ്പിനായി പരിശ്രമിക്കുമ്പോൾ താൻ രാജ്യത്തിന്റെ താൽപര്യങ്ങൾ‌ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള പ്രയ്തനത്തിലാണെന്നു നരേന്ദ്ര മോദി പറഞ്ഞു. വിശാല സഖ്യം തനിക്ക് എതിരെയല്ല, രാജ്യത്തെ ജനങ്ങൾക്ക് എതിരെയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ‘വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടി’യുടെ ഭാഗമായി ഗുജറാത്തിലെ സിൽ‍വസ്സയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ പ്രതിപക്ഷ കക്ഷികളും ഒരുമിച്ചു എന്നാണവർ അവകാശപ്പെടുന്നത്. എന്നാൽ അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല. ഒരുമിച്ചവർ എല്ലാം അധികാര തർക്കം ആരംഭിച്ചും കഴിഞ്ഞു. അഴിമതിക്കെതിരെയുള്ള തന്റെ പോരാട്ടം ചില ആളുകളെ ഭ്രാന്തു പിടിപ്പിച്ചു. പൊതുഖജനാവ് കൊള്ളയടിക്കുന്നത് തടഞ്ഞപ്പോൾ സ്വാഭാവികമായും അവർക്ക് കോപം ഉണ്ടായി. അങ്ങനെ തോന്നിയവരെല്ലാം ഒരുമിച്ചു കൂടി. അതിന്റെ പേരാണ് വിശാല സഖ്യം.– പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം, മമതാ ബാനർജിയുടെ നേതൃത്വത്തിൽ രാജ്യത്തെ വിവിധ പ്രതിപക്ഷ കക്ഷികളുടെ നേതാക്കൾ പങ്കെടുക്കുന്ന റാലി കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ പുരോഗമിക്കുകയാണ്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പങ്കെടുക്കുന്നില്ലെങ്കിലും മുതിർന്ന നേതാക്കളായ മല്ലികാർജുൻ ഖർഗെ, അഭിഷേക് സിങ്‌വി എന്നിവരെ പ്രതിനിധികളായി നിയോഗിച്ചിട്ടുണ്ട്. തൃണമൂലിനു പുറമേ 14 പ്രതിപക്ഷ കക്ഷികളാണ് ഐക്യ ഇന്ത്യ റാലി എന്ന പേരിട്ട പ്രകടനത്തിൽ പങ്കെടുക്കുന്നത്.