ശബരിമല തീർത്ഥാടനം: ദേവസ്വം ബോർഡ് വരുമാനത്തിൽ 95.65 കോടി കുറവ്

ശബരിമല ∙ തീർഥാടന കാലത്തു ദേവസ്വം ബോർഡിന്റെ വരുമാനത്തിൽ 95.65 കോടി രൂപയുടെ കുറവ്. മണ്ഡല കാലത്ത് 58.91 കോടിയുടെയും മകരവിളക്കിന് 36.73 കോടിയുടെയും കുറവുണ്ടായി. ശനിയാഴ്ച വരെയുളള കണക്കാണിത്.

മണ്ഡലകാലത്തെ ആകെ വരുമാനം 105,11,93,917 രൂപയും മകരവിളക്കു കാലത്തേത് 63,00,69,947 രൂപയുമാണ്. കഴിഞ്ഞ വർഷം മണ്ഡല കാലത്ത് 164,03,89,374 രൂപയും മകരവിളക്കിന് 99,74,32,408 രൂപയുമാണ് വരുമാനം.

ഇത്തവണ മകരവിളക്കിന് അരവണയ്ക്ക് 28.32 കോടിയുടെയും അപ്പത്തിന് 3.09 കോടിയുടെയും വിറ്റുവരവ് ലഭിച്ചു. കാണിക്ക ഇനത്തിൽ മകരവിളക്കു കാലത്ത് 24.57 കോടി രൂപ ലഭിച്ചു.