പൊതുതിരഞ്ഞെടുപ്പിനൊരുങ്ങി തിരഞ്ഞെടുപ്പ് കമ്മിഷൻ; നാലു സംസ്ഥാനങ്ങളിലും വോട്ടെടുപ്പ്

ന്യൂഡൽഹി ∙ പൊതുതിരഞ്ഞെടുപ്പിനൊരുങ്ങി തിരഞ്ഞെടുപ്പ് കമ്മിഷന്‍. അടുത്തമാസം 28ന് മുന്‍പായി ഉദ്യോഗസ്ഥരെ സ്ഥലം മാറ്റണം എന്നാവശ്യപ്പെട്ടുള്ള ഉത്തരവ് സംസ്ഥാനങ്ങൾക്കു കമ്മിഷന്‍ നല്‍കി. പൊതുതിരഞ്ഞെടുപ്പിനൊപ്പം നാല് നിയമസഭകളിലേക്കും തിരഞ്ഞെടുപ്പ് നടക്കും. പൊതു തിരഞ്ഞെടുപ്പിലേക്കു രാജ്യം നീങ്ങുന്നതിന്റെ ആദ്യ നടപടിയായാണ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നത്.

തിരഞ്ഞെടുപ്പിനു നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥരെ ഫെബ്രുവരി ഇരുപത്തിയെട്ടിന് മുന്‍പായി സ്ഥലംമാറ്റണം. ഉത്തരവ് നടപ്പാക്കി മാര്‍ച്ച് ആദ്യവാരം അന്തിമ റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മിഷന്റെ ഉത്തരവിലുണ്ട്. ഉദ്യോഗസ്ഥരെ സ്വന്തം ജില്ലയില്‍നിന്നു മാറ്റുക. ഒരേ സ്ഥലത്ത് മൂന്ന് വര്‍ഷത്തിലധികമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെയും മാറ്റണം.

ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, അഡീഷനൽ ജില്ലാ മജിസ്ട്രേട്ടുമാർ, ഡപ്യൂട്ടി കലക്ടർമാർ, ബ്ലോക്ക് വികസന ഓഫിസർമാർ തുടങ്ങിയവരുൾപ്പെടെ തിരഞ്ഞെടുപ്പു ജോലികൾക്കു നിയോഗിക്കപ്പെടുന്നവർ ഉത്തരവിന്റെ പരിധിയിൽ വരും. പൊലീസ് റേ‍ഞ്ച് ഐജിമാർ മുതൽ സബ് ഇൻസ്പെക്ടർ വരെയുള്ളവരും ഉൾപ്പെടും. സ്ഥലം മാറ്റുന്നത് ഉദ്യോഗസ്ഥരുടെ സ്വന്തം ജില്ലയിലേക്കാവാൻ പാടില്ല.

ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പു ജോലികൾക്കു നിയോഗിക്കുന്നത് അഭികാമ്യമല്ലെന്നും കമ്മിഷൻ വ്യക്തമാക്കി. ലോക്സഭയ്ക്കു പുറമേ, ആന്ധ്രപ്രദേശ്, അരുണാചൽ പ്രദേശ്, ഒഡീഷ, സിക്കിം സംസ്ഥാനങ്ങളിലെ നിയമസഭകളുടെയും കാലാവധി മേയ്, ജൂൺ മാസങ്ങളിലായി പൂർത്തിയാവും.