ജാർഖണ്ഡിൽ കോൺഗ്രസ് നേതൃത്വത്തില്‍ വിശാല പ്രതിപക്ഷം; സഖ്യത്തിൽ സിപിഐയും

ന്യൂഡൽഹി∙ ജാർഖണ്ഡിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള വിശാല പ്രതിപക്ഷ സഖ്യം രൂപം കൊണ്ടു. ഇടതുപക്ഷത്തു നിന്ന് സിപിഐ സഖ്യത്തിൽ അംഗമാണ്. ലോക്സഭാ തിരഞ്ഞെടുപ്പിലും അതിനു ശേഷം ഈ വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഇതേ സഖ്യമായിരിക്കും ബിജെപിക്കെതിരെ പോരാടുക.

കോൺഗ്രസ്, ജാർഖണ്ഡ് മുക്തി മോർച്ച, രാഷ്ട്രീയ ജനതാദൾ, ജാർഖണ്ഡ് വികാസ് മോർച്ച, സിപിെഎ എന്നീ കക്ഷികളാണ് ഒരു മുന്നണിയായി മൽസരിക്കുക. ജാർഖണ്ഡ് മുക്തി മോർച്ചയുടെ വർക്കിങ് പ്രസിഡന്റ് ഹേമന്ത് സോറൻ ആണ് മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി. സംസ്ഥാനത്തെ 14 ലോക്സഭാ മണ്ഡലങ്ങളിൽ സഖ്യത്തിലെ വിവിധ കക്ഷികൾ മല്‍സരിക്കുന്ന മണ്ഡലങ്ങൾ ഇങ്ങനെയാണ്– കോൺഗ്രസ്– 6, ജെഎംഎം– 4, ജെവിഎം– 2, സിപിെഎ, ആർജെഡി–1.

2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 14–ൽ 12 സീറ്റിലും ബിജെപിയാണ് ജാര്‍ഖണ്ഡിൽ ജയിച്ചത്. ഹസാരിബാഗ് മണ്ഡലത്തിലാണ് സിപിെഎ മല്‍സരിക്കുക. ഇപ്പോൾ ബിജെപിയുടെ കേന്ദ്രസഹമന്ത്രി ജയന്ത് സിൻഹയുടെ മണ്ഡലമാണിത്. ജാർഖണ്ഡ് വികാസ് മോർച്ചയുടെ നേതാവ് മുൻ മുഖ്യമന്ത്രി ബാബുലാൽ മറാണ്ടിയാണ്. ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിന് കോൺഗ്രസ് സഖ്യത്തിനു രൂപം നൽകുന്ന മൂന്നാമത്തെ സംസ്ഥാനമാണ് ജാർഖണ്ഡ്–മഹരാഷ്ട്ര, ബീഹാർ എന്നിവിടങ്ങളിൽ നേരത്തേ സഖ്യ കാര്യത്തില്‍ ധാരണയായിരുന്നു.