മുഖ്യമന്ത്രിക്കെതിരെ പോസ്റ്റിട്ടാൽ ഉടന്‍ അറസ്റ്റ്; ചെന്നിത്തല 'പോരാളി ഷാജി'യുടെ ലിങ്ക് നല്‍കണം

തിരുവനന്തപുരം∙ സമൂഹ മാധ്യമങ്ങളിലൂടെ അപകര്‍ത്തിപ്പെടുത്തിയവര്‍ക്കെതിരെ രണ്ടു വര്‍ഷം മുമ്പു പൊലീസില്‍ പരാതി നല്‍കിയ പ്രതിപക്ഷ നേതാവിനോട് പോസ്റ്റുകളുടെ ലിങ്ക് ഹാജരാക്കാന്‍ നിര്‍ദേശിച്ച് പൊലീസ്. 2017 മാര്‍ച്ച് 1ന് നല്‍കിയ പരാതിക്ക് പൊലീസ് മറുപടി നല്‍കിയത് 2019 ജനുവരി 14ന്.

പ്രതിപക്ഷ നേതാവ് സമര്‍പ്പിച്ച പരാതിയില്‍ ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ അന്വേഷണം നടത്തിയെന്നും, പരാതിയില്‍ പറയുന്ന 'പോരാളി ഷാജി', ചെഗുവേര ഫാന്‍സ്.കോം എന്നീ ഫേസ്ബുക്ക് പേജുകളില്‍ ഇപ്പോള്‍ പോസ്റ്റുകള്‍ കാണാനില്ലെന്നും പൊലീസ് 14ന് നല്‍കിയ മറുപടിയില്‍ പറയുന്നു. പോസ്റ്റുകളുടെ ലിങ്ക് അയച്ചു തന്നാല്‍ മാത്രമേ നടപടി സ്വീകരിക്കാന്‍ കഴിയൂ എന്നും എഐജി ജെ.സുകുമാരപിള്ള ഐപിഎസ് പ്രതിപക്ഷ നേതാവിന്റെ ഓഫിസിനെ അറിയിച്ചു.

പ്രതിപക്ഷ നേതാവെന്ന പദവിയെ അവഹേളിക്കുന്ന രീതിയിലാണ് പൊലീസ് പെരുമാറുന്നതെന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫിസ് ആരോപിക്കുന്നു. മുഖ്യമന്ത്രിയെയോ മന്ത്രിമാരെയോ ആക്ഷേപിക്കുന്ന തരത്തില്‍ സമൂഹ മാധ്യമത്തില്‍ പോസ്റ്റിടുന്നവരെ ദിവസങ്ങള്‍ക്കുള്ളില്‍ അറസ്റ്റു ചെയ്യുന്ന പൊലീസ് പ്രതിപക്ഷ നേതാവിന്റെ പരാതികള്‍ മുഖവിലയ്ക്കെടുന്നില്ല. പ്രതിപക്ഷ നേതാവിന്റെ പരാതിക്ക് വര്‍ഷങ്ങള്‍ക്കുശേഷം മറുപടി നല്‍കുന്നത് ഇതിനു തെളിവാണെന്നും ഓഫിസ് ആരോപിക്കുന്നു. നിയമസഭയിലടക്കം ഈ വിഷയം ഉന്നയിക്കാനാണ് ഓഫിസിന്റെ തീരുമാനം.

പ്രതിപക്ഷ നേതാവിന്റെ പ്രൈവറ്റ് സെക്രട്ടറിക്ക് പൊലീസ് അയച്ച കത്ത്

ഫെയ്സ്ബുക്കിലൂടെയും വാട്സ് അപ്പ് ഗ്രൂപ്പിലൂടെയും അപകീര്‍ത്തികരമായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാന അഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ഈ മാസം നല്‍കിയ പരാതിയിലും കാര്യമായ അന്വേഷണം നടക്കുന്നില്ല. പല ഫെയ്സ്ബുക്ക് പോസ്റ്റുകളിലും പ്രതിപക്ഷനേതാവിന്റെ ചിത്രം മോര്‍ഫ് ചെയ്താണ് ഉള്‍പ്പെടുത്തിയത്. പ്രകോപനകരവും, സാമുദായിക സ്പര്‍ദ്ദ വളര്‍ത്തുന്ന രീതിയിലുള്ള കമന്റുകളുമാണ് പല പോസ്റ്റുകളിലും ഉള്ളതെന്ന് പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.