മാനഭംഗ പരാതി പിൻവലിച്ചില്ല; മൊഴി നൽകുന്നതിനു മണിക്കൂറുകൾക്കുമുൻപ് യുവതിയെ കൊന്നു

ഗുഡ്ഗാവ്∙ മാനഭംഗ പരാതി പിൻവലിക്കാത്തതിനെത്തുടർന്നു നിശാക്ലബ് നർത്തകിയായ യുവതിയെ ജീവനക്കാരൻ കൊന്നു. കോടതിയിൽ മൊഴിനൽകുന്നതിനു മണിക്കൂറുകൾക്കുമുൻപായിരുന്നു സംഭവം. ഹരിയാനയിലെ ഗുഡ്ഗാവിലാണ് 22കാരി വെടിയേറ്റുമരിച്ചത്. വെടിവച്ച സന്ദീപ് കുമാർ എന്നായാൾ ഒളിവിൽപ്പോയെന്നു പൊലീസ് അറിയിച്ചു.

വെള്ളിയാഴ്ച പുലർച്ചെ നാതുപുരിലെ യുവതിയുടെ വീട്ടിലെത്തി സന്ദീപ് അവരെ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് യവതിയുടെ മാതാവ് പൊലീസിനു മൊഴി നൽകി. പിന്നീട് ഗുഡ്ഗാവ് – ഫരീദാബാദ് എക്സ്പ്രസ്‌വേയിൽ കുഷ്ബൂ ചൗക്കിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ശരീരത്തിൽ നാലു തവണ വെടിയേറ്റിട്ടുണ്ട്. 2017 മാർച്ചിലാണ് യുവതി സന്ദീപിനെതിരെ മാനഭംഗ പരാതി നൽകിയത്.

വീട്ടിലെത്തിയ സന്ദീപ് യുവതിയോടു കാറിലിരുന്ന് അൽപസമയം സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു. യുവതി കാറിൽ കയറിയ ഉടനെ അയാൾ വാഹനം ഓടിച്ചുപോകുകയായിരുന്നു. പിന്നീടു പുലർച്ചെ ആറുമണിയോടെ ഫോണിൽ വിളിച്ചു കേസ് പിൻവലിച്ചില്ലെങ്കിൽ മകളെ കൊല്ലുമെന്നും സന്ദീപ് ഭീഷണിപ്പെടുത്തി – അമ്മ വ്യക്തമാക്കി.

മാനഭംഗക്കേസ് കോടതി വെള്ളിയാഴ്ച രാവിലെ പരിഗണിക്കാനിരിക്കുകയായിരുന്നു. മൊഴി നൽകാനായി കർനാലിൽനിന്നു ഗുഡ്ഗാവിലെ വീട്ടിലേക്കു മകളുമൊത്ത് എത്തിയതാണു യുവതി. ഇരുവരും നാലു വർഷത്തോളം ഒരു നിശാക്ലബിലാണ് പ്രവർത്തിച്ചിരുന്നതെന്ന് പൊലീസ് അറിയിച്ചു. പരാതിയിൽ അന്ന് അറസ്റ്റ് ചെയ്തെങ്കിലും ഇയാൾ ജാമ്യത്തിൽ പുറത്തിറങ്ങിയിരിക്കുകയായിരുന്നു.