ശബരിമല യുവതീപട്ടികയില്‍ പിഴവുണ്ടെങ്കില്‍ തിരുത്തും; ന്യായീകരിച്ച് സര്‍ക്കാരും അഭിഭാഷകരും

തിരുവനന്തപുരം∙ ശബരിമലയില്‍ 10-50 പ്രായത്തിലുള്ള 51 സ്ത്രീകള്‍ ഓണ്‍ലൈന്‍ റജിസ്ട്രേഷനിലൂടെ ദര്‍ശനം നടത്തിയതായി അവകാശപ്പെട്ട് തയാറാക്കിയ പട്ടികയില്‍ പിഴവ് വന്നിട്ടുണ്ടെങ്കില്‍ തിരുത്തുമെന്ന് സര്‍ക്കാര്‍.

മാധ്യമങ്ങളിലൂടെ പുറത്തുവന്ന 51 പേരുടെ പട്ടികയായിരിക്കും സുപ്രീംകോടതി  കേസ് പരിഗണിക്കുമ്പോള്‍ സമര്‍പ്പിക്കുക. ‘ക്ലറിക്കല്‍ പിഴവുകളുണ്ടെങ്കില്‍.. ഉദാഹരണത്തിന് ആണിനെ പെണ്ണായി രേഖപ്പെടുത്തിയതുപോലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ തിരുത്തും. പുറത്തുവന്ന പട്ടികയിലെ പേരടക്കമുള്ള മറ്റു കാര്യങ്ങള്‍ക്കൊന്നും മാറ്റമുണ്ടാകില്ല. മാറ്റം വരുത്താനും സാധിക്കില്ല.

അത് സര്‍ക്കാര്‍ സൈറ്റില്‍ ഉള്ള കാര്യങ്ങളാണ്’- സര്‍ക്കാര്‍ അഭിഭാഷകര്‍ വ്യക്തമാക്കി. അഭിഭാഷകനിലൂടെ പുറത്തുവന്ന 51 പേരുടെ പേരുവിവരമടങ്ങിയ പട്ടികയല്ലാതെ മറ്റൊരു പട്ടികയും കോടതിയില്‍ സമര്‍പ്പിക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസും വ്യക്തമാക്കി. ഇപ്പോള്‍ ഉണ്ടായിരിക്കുന്ന വിവാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഓഫിസ് ‘മനോരമ ഓണ്‍ലൈനോട്’ പ്രതികരിച്ചു. 

ശബരിമലയില്‍ 51 യുവതികള്‍ എത്തിയകാര്യം കോടതിയില്‍ പരാമര്‍ശിക്കുക മാത്രമാണ് ചെയ്തതെന്നും രേഖകള്‍ ഫയല്‍ ചെയ്തിട്ടില്ലെന്നും അഭിഭാഷകര്‍ വ്യക്തമാക്കി. ഫയല്‍ ചെയ്യാത്ത രേഖകളായതിനാല്‍, ഇനി കോടതിയില്‍ സമര്‍പ്പിക്കേണ്ട സാഹചര്യമുണ്ടായാല്‍ പട്ടികയില്‍ മാറ്റം വരുത്താന്‍ കഴിയും. ക്ലറിക്കല്‍ പിഴവുകളുണ്ടെങ്കില്‍ തിരുത്തും.

മറ്റു കാര്യങ്ങളെല്ലാം മാധ്യമങ്ങളിലൂടെ പുറത്തുവന്ന പട്ടികയില്‍ ഉള്ളതായിരിക്കും. അതിലൊന്നും തിരുത്തല്‍ സാധ്യമല്ല. തിരുത്തേണ്ട കാര്യവുമില്ല. സര്‍ക്കാര്‍ സൈറ്റില്‍നിന്ന് പ്രത്യേക ആപ്ലിക്കേഷനിലൂടെയാണ് പട്ടിക ശേഖരിച്ചത്. മൊബൈല്‍ നമ്പര്‍ അടക്കം അപേക്ഷകര്‍ നല്‍കുന്ന വിവരങ്ങളാണ് പട്ടികയിലുള്ളത്. പിഴവു വന്നാല്‍ അപേക്ഷകര്‍ക്കാണ് ഉത്തരവാദിത്തം. മൊബൈല്‍ നമ്പര്‍ കൃത്യമാണോ എന്ന് പൊലീസ് പരിശോധിക്കാറില്ലെന്നും അഭിഭാഷകര്‍ വിശദീകരിക്കുന്നു.

ശബരിമല ദര്‍ശനത്തിനായി ഓണ്‍ലൈനില്‍ റജിസ്റ്റര്‍ ചെയ്യുമ്പോള്‍ നല്‍കുന്ന രേഖകളുടെ ഉത്തരവാദിത്തം അപേക്ഷകനാണെന്ന് മുഖ്യമന്ത്രിയുടെ ഓഫിസും വിശദീകരിച്ചു. തെറ്റുണ്ടായാല്‍ അപേക്ഷകര്‍ തിരുത്തണം. അപേക്ഷകര്‍ സമര്‍പ്പിക്കുന്ന േരഖകള്‍ വിശ്വാസത്തിലെടുക്കാനേ അധികൃതര്‍ക്ക് കഴിയൂ. തമിഴ്നാട് സ്വദേശി പരംജ്യോതിയുടെ കാര്യമാണ് ഇതിന്റെ ആദ്യ ഉദാഹരണമായി സര്‍ക്കാര്‍ ചൂണ്ടി കാണിക്കുന്നത്.

പരംജ്യോതിക്ക് സ്ത്രീ എന്നു രേഖപ്പെടുത്തി ആദ്യം കൂപ്പണ്‍ നല്‍കി. പിന്നീട് തിരുത്തിയ കൂപ്പണ്‍ നല്‍കുകയായിരുന്നു. പട്ടികയില്‍ 24ാം നമ്പരായ തമിഴ്നാട് സ്വദേശി ഷീലയുടെ വയസ് 52 എന്നത് റജിസ്ട്രേഷന്‍ സമയത്ത് 48 ആയാണ് ഇന്റര്‍നെറ്റ് കഫേ ജീവനക്കാര്‍ രേഖപ്പെടുത്തിയത്. അവര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയെങ്കിലും ശബരിമലയിലെത്തി തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയാല്‍ മതിയാകും എന്നാണ് കഫേ ജീവനക്കാര്‍ നിര്‍ദേശിച്ചത്. ഓണ്‍ലൈന്‍ റജിസ്ട്രേഷന്‍ സമയത്ത് വ്യക്തികള്‍ സമര്‍പ്പിക്കുന്ന രേഖകള്‍ മാത്രമേ ഉദ്യോഗസ്ഥര്‍ കാണാറുള്ളൂയെന്നും മറ്റു കാര്യങ്ങള്‍ പരിശോധിക്കാറില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

തിരുപ്പതി ക്ഷേത്രത്തിലെ ഓണ്‍ലൈന്‍ റജിസ്ട്രേഷനിലും ഇത്തരം പിഴവുകള്‍ വരാറുണ്ടെന്നും, സര്‍ക്കാരിന് തെറ്റായ രേഖകള്‍ പുറത്തുവിടേണ്ട കാര്യമില്ലെന്നും അധികൃതര്‍ സമര്‍ഥിക്കുന്നു. ‘ആന്ധ്രയില്‍നിന്നുള്ള സ്ത്രീകള്‍ ശബരിമലയിലേക്ക് വരണമെന്ന് ആവശ്യപ്പെട്ട് ഇവിടെനിന്നുള്ളവര്‍ക്ക് അവരെ സമീപിക്കാന്‍ കഴിയില്ലല്ലോ? അവര്‍ സ്വന്തം ഇഷ്ടപ്രകാരമാണ് വന്നത്. അവരാണ് റജിസ്ട്രേഷന് രേഖകള്‍ സമര്‍പ്പിച്ചതും. രേഖകളുടെ ഉത്തരവാദിത്തം അവര്‍ക്കാണ്’ - മുഖ്യമന്ത്രിയുടെ ഓഫിസിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. 

പുതിയ പട്ടികയാണോ അഭിഭാഷകന്‍ പുറത്തുവിട്ട പട്ടികയാണോ കേസ് വാദം കേള്‍ക്കുമ്പോള്‍ കോടതിയില്‍ സമര്‍പ്പിക്കുകയെന്ന ചോദ്യത്തിന്, വേറെ രേഖകള്‍ സമര്‍പ്പിക്കില്ലെന്നും, അതിന്റെ ആവശ്യമില്ലെന്നും ഓഫിസ് പ്രതികരിച്ചു. വിവാദമുണ്ടാകാന്‍ ഇടയായ സാഹചര്യവും സാങ്കേതിക കാര്യങ്ങളും വിശദീകരിക്കാന്‍ സര്‍ക്കാര്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. യുവതികളുടെ പേരിന്റെ പട്ടികയ്ക്കൊപ്പം ഫോട്ടോയും കോടതിയില്‍ സമര്‍പ്പിക്കേണ്ട രേഖകളുടെ കൂട്ടത്തിലുണ്ട്. ഫോട്ടോകള്‍ പുറത്തിവിടരുതെന്ന നിര്‍ദേശവും പൊലീസിനു ലഭിച്ചു.