ടോൾ പ്ലാസ ആക്രമണം: 5.5 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് എഐവൈഎഫിനെതിരെ കേസ്

തൃശൂർ ∙ ടോൾ പ്ലാസ ബലം പ്രയോഗിച്ചു തുറക്കുകയും തകർക്കുകയും ചെയ്ത എഐവൈഎഫ് പ്രവർത്തകർക്കെതിരെ 5.5 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു കേസ് കൊടുത്തതായി നടത്തിപ്പുകാരായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ കമ്പനി. ടോൾ വാങ്ങാതെയാണ് എഐവൈഎഫ് റാലിക്കു തൃശൂരിലേക്കു വരുന്ന വാഹനങ്ങൾ കടത്തി വിട്ടത്. ഇവ തിരിച്ചുപോകുമ്പോഴും ടോൾ വാങ്ങിയിരുന്നില്ല.

എന്നാൽ ടോൾ കടന്നുപോകുമ്പോൾ പൂർത്തിയാക്കേണ്ട നടപടികൾ സൗജന്യമായി വിടുന്ന വാഹനങ്ങളും ചെയ്യണം. മദ്യലഹരിയിൽ വന്നവരുടെ വാഹനം നിർത്താതെ പോകുകയും പ്ലാസയുടെ ബാരിയർ വാഹനത്തിൽ തട്ടുകയുമാണുണ്ടായത്. ഇവർ തുടർന്നു ടോൾ പ്ലാസ ആക്രമിക്കുകയും ഒരു മണിക്കൂർ ടോൾ പിരിവു തടയുകയും ചെയ്തുവെന്നും കമ്പനി ചൂണ്ടിക്കാട്ടി. സംഭവം നടന്നു 13 ദിവസത്തിനു ശേഷമാണു കമ്പനി വിശീദകരണ പത്രക്കുറിപ്പിറക്കിയത്.