കലഹത്തിനിടെ മദ്യക്കുപ്പി കൊണ്ടു തലയ്ക്കടിച്ചു; കോൺഗ്രസ് എംഎൽഎയ്ക്ക് പരുക്ക്

ബെംഗളൂരു ∙ ബിജെപിയുടെ ഓപറേഷൻ താമരയെ പ്രതിരോധിക്കാൻ കോൺഗ്രസ് റിസോർട്ടിൽ പാർപ്പിച്ചിരുന്ന എംഎൽഎമാരിൽ ഒരാളായ ആനന്ദ് സിങ്ങിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കലഹത്തിനിടെ എംഎൽഎ ജെ.എൻ.ഗണേഷ് മദ്യക്കുപ്പി കൊണ്ടു തലയ്ക്കടിച്ചാണ് പരുക്കേറ്റതെന്നാണ് ആരോപണം. എന്നാൽ ദേഹാസ്വാസ്ഥ്യത്തെ തുടർന്നാണ് ചികിൽസ തേടിയതെന്നു കോൺഗ്രസ് അവകാശപ്പെട്ടു.

എന്നാൽ കോൺഗ്രസിന്റെ ഗുണ്ടാരാജിന് ഉദാഹരണമാണിതെന്നും പൊലീസ് സ്വമേധയാ കേസെടുക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. ബെംഗളൂരു അപ്പോളോ ആശുപത്രിയിൽ ചികിൽസയിലുള്ള സിങ്ങിന്റെ നില ഗുരുതരമല്ലെന്നാണു വിവരം. ബിജെപി സർക്കാരിൽ ടൂറിസം മന്ത്രിയായിരുന്ന ആനന്ദ് സിങ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ ബെള്ളാരിയിലെ വിജയനഗറിൽ നിന്നാണ് വിജയിച്ചത്.

ബിജെപി മുൻമന്ത്രിയും ഖനിവ്യവസായിയുമായ ജനാർദന റെഡ്ഡിയുടെ വിശ്വസ്തനായിരുന്ന ആനന്ദ് അനധികൃത ഇരുമ്പയിര് കയറ്റുമതിക്കേസിൽ അറസ്റ്റിലായിരുന്നു. ബെള്ളാരിയിലെ കാംപ്ലിയിൽ നിന്നുള്ള എംഎൽഎയാണ് ഗണേഷ്.

എംഎൽഎമാരെ വലയിലാക്കി സർക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപി നീക്കത്തിനു തടയിടുക എന്ന ലക്ഷ്യത്തോടെ വെള്ളിയാഴ്ചയാണ് പാർട്ടി എംഎൽഎമാരെ കോൺഗ്രസ് ബിഡദിയിലെ ഈഗിൾടൺ, വണ്ടർലാ റിസോർട്ടുകളിലേക്കു മാറ്റിയത്. കാംപ്ലി എംഎൽഎ ഗണേഷ് ബിജെപിയിലേക്കു കൂറുമാറാൻ ഒരുങ്ങുന്നുവെന്ന് ആനന്ദ് സിങ് ആരോപിച്ചതിനെ തുടർന്നു കലഹമുണ്ടാവുകയും മദ്യക്കുപ്പി കൊണ്ട് ആക്രമിക്കുകയും ചെയ്തതായാണ് വിവരം.