ശബരിമലയിൽ ലാഭം കൊയ്ത് കെഎസ്ആർടിസി; മണ്ഡല കാലത്തു ലഭിച്ചത് 45.2 കോടി

തിരുവനന്തപുരം∙ മണ്ഡല- മകരവിളക്കു കാലത്ത് കെഎസ്ആര്‍ടിസിക്ക് റെക്കോര്‍ഡ് വരുമാനം. ഈ സീസണില്‍ വരുമാനമായി ലഭിച്ചത് 45.2 കോടി രൂപയാണ്. പമ്പ–നിലയ്ക്കല്‍ സര്‍വീസില്‍നിന്ന് 31.2 കോടി രൂപയും, ദീര്‍ഘദൂര സര്‍വീസുകളില്‍നിന്ന് 14 കോടി രൂപയും വരുമാനമായി ലഭിച്ചു. കഴിഞ്ഞ വര്‍ഷത്തെ വരുമാനം 15.2 കോടി രൂപയായിരുന്നു.

എസി ബസുകള്‍ക്കായിരുന്നു കൂടുതല്‍ ആവശ്യക്കാര്‍. 44 എസി ബസുകളാണ് പമ്പ- നിലയ്ക്കല്‍ ചെയിന്‍ സര്‍വീസിനു സ്ഥിരമായി ഓടിയത്. കെഎസ്ആര്‍ടിസി ചരിത്രത്തിലാദ്യമായി ക്യുആര്‍ കോഡ് സംവിധാനമുള്ള ടിക്കറ്റിങ് സംവിധാനം ഏര്‍പ്പെടുത്തിയതിനാല്‍ യാത്രക്കാരുടെ കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞു. പൊലീസിന്റെ വെര്‍ച്വല്‍ ക്യൂ സംവിധാനവുമായി ടിക്കറ്റിങ് സംവിധാനത്തെ ബന്ധപ്പെടുത്തിയിരുന്നു.