തമിഴ്പുലിക്കും തീവ്രവാദിക്കും വാതില്‍ തുറന്നിട്ട് കേരളതീരം; വിറയ്ക്കുന്ന ബോട്ടുമായി തീരസേന

തിരുവനന്തപുരം∙ തീവ്രവാദ ബന്ധമുള്ളവര്‍ േകരള തീരംവഴി രാജ്യത്തേക്ക് നുഴഞ്ഞു കയറുന്നതു തടയുന്നതില്‍ സംസ്ഥാന ഇന്റലിജന്‍സ് ഏജന്‍സികള്‍ പരാജയമെന്നു കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍.

കേരള തീരത്ത് സുരക്ഷ ശക്തമാക്കണമെന്ന മൂന്നു റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കൈമാറിയിട്ടും മുനമ്പത്തുനിന്ന് ഇരുന്നൂറോളംപേര്‍ വിദേശത്തേക്ക് കടന്നത് ഗുരുതര വീഴ്ചയാണെന്നു കേന്ദ്ര ഏജന്‍സികള്‍ വിലയിരുത്തുന്നു. 

2010 മെയ് മാസത്തിലാണ് കേരളത്തിലെ ആദ്യ മനുഷ്യക്കടത്ത് കേസ് കൊല്ലത്ത് റിപ്പോര്‍ട്ട് ചെയ്തത്. തമിഴ് പുലികളുമായി (എല്‍ടിടിഇ) അടുത്ത ബന്ധമുള്ളവരെ അന്ന് അറസ്റ്റു ചെയ്തിരുന്നു. പിന്നീട് 2011,12 വര്‍ഷങ്ങളില്‍ കൊല്ലം തീരത്തുനിന്ന് മനുഷ്യക്കടത്തുകേസുകളില്‍ അറസ്റ്റുണ്ടായെങ്കിലും അന്വേഷണം മുന്നോട്ടുപോയില്ല. പ്രധാന പ്രതികളെ ആരെയും പിടികൂടാനാകാതെ കേസുകളിലെ അന്വേഷണം പൊലീസ് അവസാനിപ്പിച്ചു.

2010 മെയ് മാസത്തിലാണ് കൊല്ലം കെഎസ്‌ആർടിസി സ്‌റ്റാൻഡിനു സമീപമുള്ള ലോഡ്ജില്‍നിന്ന് 38 ശ്രീലങ്കന്‍ വംശജരെ കൊല്ലം എസ്പിയായിരുന്ന ഹര്‍ഷിത അട്ടലൂരിയുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. പൊലീസിനു വിവരം ലഭിക്കുമ്പോഴേക്കും, 26 അംഗ സംഘം 2010 ഏപ്രിൽ 23നു കൊച്ചിയിൽ നിന്നു ഓസ്ട്രേലിയയിലേക്ക് കടന്നിരുന്നു.

ബേപ്പൂരില്‍നിന്നാണ് ബോട്ട് വാങ്ങിയത്. കേസില്‍ പ്രധാന പ്രതിയായ ചെന്നൈ നിവാസി തമിഴ് പുലി ശിവയെ (ശിവകുമാർ - 52) മാസങ്ങള്‍ക്കുശേഷം കേന്ദ്ര ഏജന്‍സികള്‍ പിടികൂടി കേരളത്തിനു കൈമാറി. അൻപതോളം തവണ ഓസ്‌ട്രേലിയയിലേക്കു മനുഷ്യക്കടത്തു നടത്തിയതായാണ് ശിവ പൊലീസിനോട് പറഞ്ഞത്. മൂവായിരത്തോളം പേരെയാണ് ഓസ്‌ട്രേലിയയിൽ എത്തിച്ചതെന്നും ഇതിൽ പകുതിയോളം പേർ എൽടിടിഇ കേഡർമാരായിരുന്നെന്നു ശിവ പൊലീസിനോടു വെളിപ്പെടുത്തി. 

ശിവയെക്കുറിച്ചു പൊലീസിനു വിവരം ലഭിക്കുന്നതു കേസില്‍ ആദ്യം പിടിയിലായ ആന്റണി മില്ലറെ ചോദ്യം ചെയ്യുമ്പോഴാണ്. ശിവ താമസിച്ചിരുന്ന തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിലെ സ്‌ഥലത്തെക്കുറിച്ചു പൊലീസിനു വിവരം നൽകുന്നത് കേന്ദ്ര ഇന്റലിജൻസ് ബ്യുറോ ഉദ്യോഗസ്‌ഥരും.

2008 അവസാനത്തോടെയാണ് ശിവയുടെ നേതൃത്വത്തില്‍ മനുഷ്യക്കടത്ത് തുടങ്ങിയത്. കൊളംബോയിൽ സ്വർണക്കട നടത്തിയിരുന്ന ജാഫ്‌ന സ്വദേശിയായ ശിവ 1980ൽ ഈഴം പീപ്പിൾ ലിബറേഷൻ ഫ്രണ്ട് (ഇപിആർഎൽഎഫ്) അനുഭാവിയായിരുന്നു പിന്നീടാണ് എൽടിടിഇയിൽ ചേർന്നത്.

ശിവ എൽടിടിഇ തലവനായിരുന്ന പുലി പ്രഭാകരന്റെ ഉറ്റ അനുയായി ആയിരുന്നു. എൽടിടിഇയ്‌ക്കുവേണ്ടി ശ്രീലങ്കൻ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ ശിവയ്‌ക്കു വെടിയേറ്റിരുന്നു. മനുഷ്യക്കടത്തിന് ഒരു തവണ ഉപയോഗിക്കുന്ന ബോട്ട് ഓസ്ട്രേലിയന്‍ തീരത്തെത്തുമ്പോള്‍ തകർത്തുകളയുകയാണു പതിവെന്നാണ് ശിവ പൊലീസിനോട് പറഞ്ഞത്. ഈ സംഭവത്തിലെ ആസൂത്രകരെ പിടികൂടാനായിട്ടില്ല.

2012ലാണ് 82 ശ്രീലങ്കന്‍ തമിഴ് വംശജര്‍ കേരള തീരം വഴി ഓസ്ട്രേലിയയിലേക്ക് പോയത്. 82 പേരെ വിജയകരമായി ഓസ്‌ട്രേലിയയിൽ എത്തിച്ചതോടെ ശ്രീലങ്കന്‍ പൗരന്‍മാരായ നിശാന്തിന്റെയും ദിനേശ്‌കുമാറിന്റെയും നേതൃത്വത്തില്‍ 151 അംഗ സംഘത്തെ 2012 ജൂൺ മൂന്നിനു  മനുഷ്യക്കടത്തിനായി വീണ്ടും ശക്‌തികുളങ്ങര തീരത്തെത്തിച്ചു.

ബോട്ട് സഹിതം ഇവർ പൊലീസ് പിടിയിലായതോടെ നിശാന്തും ദിനേശ്‌കുമാറും കടലിൽ ചാടി രക്ഷപ്പെട്ടു. മംഗലാപുരം തീരത്തുനിന്ന് 84 പേരെ ബോട്ടിൽ ഓസ്‌ട്രേലിയയിലേക്കു കടത്താൻ ശ്രമിക്കുന്നതിനിടെയാണു സെപ്‌റ്റംബറിൽ ദിനേശ്‌കുമാർ ഉൾപ്പെടെ പ്രതികളെ മംഗലാപുരം പൊലീസ് കസ്‌റ്റഡിയിൽ എടുത്തത്. അപ്പോഴാണ് കേരളതീരം വഴി നടത്തിയ മനുഷ്യക്കടത്തിനെക്കുറിച്ച് കേരള പൊലീസിനു മനസിലാകുന്നത്.

കടലില്‍ ഇറങ്ങിയാല്‍ വിറയ്ക്കുന്ന ബോട്ടുകളുമായി കോസ്റ്റല്‍ പൊലീസ്

മുംബൈയില്‍ 2011ല്‍ നടന്ന ഭീകരാക്രമണത്തിനുശേഷമാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം സംസ്ഥാനത്ത് കൂടുതല്‍ തീരദേശ പൊലീസ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത്. അതുവരെ നീണ്ടകരയിലെ കോസ്റ്റല്‍ പൊലീസ് സ്റ്റേഷന്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ എട്ട് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

കൂടുതല്‍ സ്റ്റേഷനുകള്‍ നിര്‍മാണഘട്ടത്തിലാണ്. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ തുച്ഛം. അറ്റകുറ്റപ്പണി നടത്താത്തതിനാല്‍ ബോട്ടുകളെല്ലാം മോശം അവസ്ഥയിലാണ്. 12 നോട്ടിക്കല്‍ മൈലാണ് ( 1നോട്ടില്‍ക്കല്‍ മൈല്‍- 1.85 കിലോമീറ്റര്‍) കോസ്റ്റല്‍ പൊലീസിന്റെ അധികാരപരിധി. 23 ബോട്ടുകളാണ് കോസ്റ്റല്‍ പൊലീസിന്റെ കൈവശമുള്ളത്.

അറ്റകുറ്റപ്പണി നടത്താത്തതിനാല്‍ 2 നോട്ടിക്കല്‍ മൈല്‍ പിന്നിടുമ്പോഴേക്കും ബോട്ടുകള്‍ വിറച്ചു തുടങ്ങും. മുന്നോട്ടു പോകാനാകാതെ പൊലീസിനു തിരച്ചില്‍ അവസാനിപ്പിക്കേണ്ടിവരും. ബോട്ടുകള്‍ വാടകയ്ക്കെടുത്ത് ഉപയോഗിക്കുന്നതിലാണ് അധികാരികള്‍ക്ക് താല്‍പര്യം.‍ ഈ ഇനത്തില്‍ ലക്ഷങ്ങള്‍ ചെലവാക്കുന്നുണ്ട്. 

കേരള പൊലീസിനു കീഴിലുള്ള കോസ്റ്റല്‍ പൊലീസിനെയും മറൈന്‍ എന്‍ഫോഴ്സ്മെന്റിനെയും സംയോജിപ്പിച്ച് ഒറ്റ സേനയാക്കണമെന്ന നിര്‍ദേശവും ഫയലില്‍ ഉറങ്ങുന്നു. ഫിഷറീസ് വകുപ്പിന് കീഴിലാണ് ഒരു എസ്പിയുടെ നേതൃത്വത്തില്‍ മറൈന്‍ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തിക്കുന്നത്. ‍ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലാണ് പൊലീസില്‍നിന്ന് ഈ സേനയിലേക്ക് ഉദ്യോഗസ്ഥരെത്തുന്നത്. ഇത് അധിക ചെലവാണെന്ന് 2011ല്‍ ഡിജിപിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കോസ്റ്റല്‍ പൊലീസിന് കമാന്‍ഡോ വിഭാഗം രൂപീകരിക്കണമെന്ന ശുപാര്‍ശയും സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല.