ഒരുങ്ങുന്നതു സൈബര്‍യുദ്ധം: മറുചേരിയില്‍ മഹാസഖ്യം; കരുക്കള്‍ നീക്കി ‘മോദി വാരിയേഴ്സ്’

വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ നേതാക്കളേക്കാളും പാർട്ടികളേക്കാളും സജീവ താരമാകുന്നതു മറ്റൊന്നായിരിക്കും – സോഷ്യൽമീഡിയ. ചരിത്രത്തിൽ ആദ്യമായി സമൂഹമാധ്യമങ്ങൾ ഉപയോഗിച്ചുള്ള പ്രചാരണം മൂർധന്യത്തിലാകുന്ന തിരഞ്ഞെടുപ്പായിരിക്കുമിത്. സൈബർ വാർ റൂമുകൾ തുറന്നു തിരഞ്ഞെടുപ്പുയുദ്ധത്തിന് ആയുധങ്ങൾ‌ മൂർച്ച വരുത്തുകയാണ് എല്ലാ പാർട്ടികളിലെയും അണികൾ.

2014ലെ പൊതുതിരഞ്ഞെടുപ്പിലാണു സമൂഹമാധ്യമങ്ങൾ വ്യാപകമായി ഉപയോഗിച്ചത്. നരേന്ദ്ര മോദിയെയും ബിജെപിയെയും അധികാരത്തിൽ എത്തിക്കുന്നതിൽ സമൂഹമാധ്യമങ്ങളുടെ പങ്ക് നിർണായകമായി. ഫെയ്സ്ബുക്, ട്വിറ്റർ, വാട്സാപ്, ഇൻസ്റ്റഗ്രാം തുടങ്ങിയ മാധ്യമങ്ങളിൽ വൻസ്വാധീനമുള്ള ലോകനേതാവ് എന്ന നിലയിലേക്കു മോദി വളരുകയും ചെയ്തു. നാലര വർഷം പിന്നിട്ട് അടുത്ത തിരഞ്ഞെടുപ്പിന് കേളികൊട്ടുയരുമ്പോൾ കളത്തിൽ ബിജെപിക്കു കടുത്ത വെല്ലുവിളി ഉയര്‍ത്തി കോൺഗ്രസ്, തൃണമൂൽ, ബിഎസ്പി, എസ്പി, ടിആർഎസ്, ഇടതുപാർട്ടികൾ തുടങ്ങിയവരും രംഗത്തുണ്ട്.

സമൂഹമാധ്യമങ്ങളിലും സൈബറിടത്തിലും മോദിക്കുള്ള മുൻതൂക്കം ഉപയോഗപ്പെടുത്താനുള്ള തീവ്രശ്രമത്തിലാണ് ആരാധകരും പാർട്ടിയും. ബിജെപിയുടെ ഐടി സെല്ലിനു കീഴിൽ ‘മോദി വാരിയേഴ്സ്’ എന്ന പേരിൽ പ്രത്യേക വിഭാഗമായാണ് ഇവരുടെ പ്രവർത്തനം. ഒരുവട്ടംകൂടി മോദി, എന്റെ ആദ്യവോട്ട് മോദിക്ക്, പ്രധാനമന്ത്രിയായി മോദി തുടങ്ങിയ മുദ്രാവാക്യങ്ങളിലൂടെയാണു സമൂഹമാധ്യമങ്ങളിൽ പ്രചാരണം കൊഴുപ്പിക്കുന്നത്. മോദി സർക്കാരിന്റെ പ്രവർത്തന നേട്ടങ്ങൾ വിവരിച്ചു ജനുവരി 18ന് ‘അഞ്ചുവർഷം ചലഞ്ച്’ എന്നൊരു ഹാഷ്ടാഗ് ക്യാംപെയ്നും തുടങ്ങി.

അവസരഖനിയായി കണക്കുകൾ

ലൈക്കും ഷെയറും കമന്റുമായി നേരിട്ടിടപെടാം എന്നതാണു സമൂഹമാധ്യമങ്ങളെ ജനം ഏറ്റെടുക്കാൻ കാരണം. ജനങ്ങൾക്ക് എന്തും തുറന്നു പറയാമെന്ന സാധ്യതയെ ഉപയോഗിക്കാൻ പാർട്ടികളും തീരുമാനിച്ചു. മോദിക്കുവേണ്ടി സൈബർ പ്രചാരണം നയിക്കുന്നവരിൽ ഭൂരിഭാഗവും പാർട്ടിക്കാരല്ലെന്നതാണു പ്രത്യേകത. മോദിയിൽ ആകൃഷ്ടരായ ചെറുപ്പക്കാരുടെ സംഘമാണിത്. ഇന്ത്യയിൽനിന്നുള്ളവർ മാത്രമല്ല, വിദേശ രാജ്യങ്ങളിലുള്ളവരും ക്യാംപെയ്ന്റെ ഭാഗമാണ്. ജോലിയിൽനിന്ന് അവധിയെടുത്തോ ജോലിസമയം കഴിഞ്ഞോ ആണ് ഇവർ പ്രചാരണം നടത്തുന്നത്.

അഞ്ചു വർഷത്തിനിടെ സൈബർ ലോകത്തു വൻ മാറ്റങ്ങളാണു സംഭവിച്ചത്. സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വലിയ അന്തരമുണ്ടായി. 2014ൽ 77 കോടി മൊബൈൽ കണക്‌ഷനുകളാണു രാജ്യത്തുണ്ടായിരുന്നത്. കഴിഞ്ഞ നവംബറിലെ കണക്കുപ്രകാരം ഇത് 102 കോടി പിന്നിട്ടു. ഇന്റർനെറ്റ് ഉപയോഗിക്കുന്നവരിലും കുതിച്ചുചാട്ടമാണ്. 2014ൽ 15 കോടി പേർക്കേ നെറ്റ് ലഭ്യമായിരുന്നുള്ളൂ. 2019 ആയപ്പോൾ ഇന്റർനെറ്റ് ഉപയോക്താക്കൾ 56 കോടി പിന്നിട്ടു.

‘ലോക്സഭാ, നിയമസഭാ മത്സരങ്ങളിലെ ജയപരാജയങ്ങളെ സ്വാധീനിക്കാനാകുമെന്നു സമൂഹമാധ്യമങ്ങൾ തെളിയിച്ചതാണ്. 2014ൽ 160 ലോക്സഭാ സീറ്റുകളിൽ സമൂഹമാധ്യമങ്ങളുടെ സ്വാധീനമുണ്ടെന്നായിരുന്നു വിലയിരുത്തൽ. നെറ്റും ഫോണും സുലഭമായ ഇക്കാലത്ത് സമൂഹമാധ്യമങ്ങൾക്ക് 400 സീറ്റുകളിലെ വിജയസാധ്യതകൾ നിർണയിക്കാനാകും’– ബിജെപി ഐടി സെല്ലിലെ മുതിർന്ന നേതാവ് പറഞ്ഞു.

ഹിറ്റായി ഹാഷ്‌ടാഗ് ക്യാംപെയ്ൻ

ചിത്രങ്ങളും കുറിപ്പുകളും ഇൻഫോ കാർഡുകളും വിഡിയോകളും പോസ്റ്റ് ചെയ്യുന്നതിനൊപ്പം ഹാഷ്‍ടാഗുകൾ കൂടി ചേരുമ്പോഴേ സൈബർ പ്രചാരണം കൊഴുക്കൂ. പിന്തുണയ്ക്കുന്നവരും എതിർക്കുന്നവരും ഒരേ ഹാഷ്‌ടാഗ് കുറിക്കുന്നതോടെ ക്യാംപെയ്ൻ വിജയിച്ചെന്നുറപ്പിക്കാം. ആളുകൾ എറ്റെടുക്കുന്ന തരത്തിൽ കുറിക്കുകൊള്ളുന്ന കുറിയ വാചകങ്ങളാണു ഹാഷ്ടാഗുകളാകുന്നത്.

നരേന്ദ്ര മോദി, രാഹുൽ ഗാന്ധി

പ്രാദേശിക ഭാഷകൾക്കു പരിമിതിയുള്ളതിനാൽ എല്ലാവരിലേക്കും എത്താനായി ഇംഗ്ലിഷിലാണു കൂടുതൽ ഹാഷ്ടാഗുകളും തയാറാക്കുന്നത്. #5YearsChallenge, #ModiforPM, #ModiOnceMore, #MyFirstVotefor-Modi, #ModiForMiddleClass, #MiddleClassWithModi, #SupportNamo തുടങ്ങിയ ഹാ‌ഷ്ടാഗുകളാണ് മോദിക്കു വേണ്ടി പ്രചരിപ്പിക്കുന്നത്. #ModiforPM തുടങ്ങിയവ 2014 തൊട്ടേ പ്രചാരത്തിലുണ്ട്. 2019ലും മോദി പ്രധാനമന്ത്രിയാവണമെന്ന് ആഗ്രഹിക്കുന്ന സന്നദ്ധ പ്രവർത്തകരുടെ സംഘമാണു പ്രചാരണം നയിക്കുന്നതെന്നു ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ പറഞ്ഞു.

2014ൽ ബിജെപിക്കായി ‘272പ്ലസ്’ എന്ന ക്യാംപെയ്നു ചുക്കാൻ പിടിച്ചതു ബംഗളൂരുവിലെ ഐടി പ്രഫഷനൽ വിജയ് ഛദ്ദയാണ്. 2019 ലക്ഷ്യമാക്കി ‘ഒരുവട്ടംകൂടി മോദി’ എന്ന ഹാ‌ഷ്ടാഗുമായി വിജയ്‌യുടെ നേതൃത്വത്തിലുള്ള പ്രഫഷനൽ സംഘം 2018 സെപ്റ്റംബറിൽ തന്നെ പ്രചാരണമാരംഭിച്ചു. ജോലി ഉപേക്ഷിച്ചാണു വിജയ് പ്രചാരണം നടത്തുന്നത്. ഏതെങ്കിലും വ്യക്തികളുടെയല്ല, കൂട്ടായ്മയുടെ മികവിലാണു ക്യാംപെയ്ൻ വിജയിക്കുന്നതെന്നു വിജയ് പറഞ്ഞു.

നരേന്ദ്ര മോദി, രവിശങ്കർ പ്രസാദ്

പുതുതലമുറ വോട്ടർമാരെ ഉന്നമിട്ട് ‘എന്റെ ആദ്യവോട്ട് മോദിക്ക്’ എന്ന പ്രചാരണത്തിന്റെ തലപ്പത്തു മഹാരാഷ്ട്രയിൽനിന്നുള്ള ഐടി പ്രഫഷനൽ അശുതോഷ് മുഗ്‍ലിക്കാറാണ്. 2014ൽ സൈബർ സംഘത്തിന്റെ ഭാഗമായ അശുതോഷ് കണ്ണുവയ്ക്കുന്നതു വോട്ടേഴ്സ് ലിസ്റ്റിൽ‌ ആദ്യമായി ഉൾപ്പെട്ടവരെയാണ്. മോദിയിലേക്ക് ഇവരെ ആകർഷിക്കാനുള്ള തന്ത്രമാണ് ഇവർ ഒരുക്കുന്നത്. ‘മോദി മധ്യവർഗത്തിനൊപ്പം’ എന്ന ക്യാംപെയ്നു പിന്നിൽ ശരണ്യ ഷെട്ടിയാണ്. തുടങ്ങി മണിക്കൂറുകൾ പിന്നിട്ടപ്പോൾ തന്നെ ഇത് 40,000 തവണ ട്വീറ്റ് ചെയ്യപ്പെട്ടെന്നു ശരണ്യ പറഞ്ഞു.

സന്നദ്ധ സൈബർ പോരാളികളിൽ ഭൂരിഭാഗവും മോദിയെയോ മുതിർന്ന ബിജെപി നേതാക്കളെയോ നേരിൽ‌ കണ്ടിട്ടില്ലാത്തവരാണ്. ട്വിറ്ററിലും മറ്റും മോദി ഉൾ‌പ്പെടെയുള്ളവരെ പിന്തുടരുന്നതാണ് ഏക പരിചയം. തങ്ങളുടെ ക്യാംപെയ്നുകളും ഹാഷ്ടാഗുകളും നേതാക്കൾ ഏറ്റെടുക്കുമ്പോഴാണു കൂടുതൽ പേരിലെത്തുന്നത്. മുതിർന്ന പാർട്ടി നേതാക്കൾ റീട്വീറ്റ് ചെയ്യുമ്പോൾ പ്രചാരണം പകുതി വിജയിച്ചു– അശുതോഷ് വ്യക്തമാക്കി.

വീര്യമേറിയ സൈബർ കൂട്ടായ്മകൾ

ഒരു കാര്യം പ്രചരിപ്പിക്കാൻ ഏറ്റവും ശക്തിയേറിയ മാധ്യമം വാട്സാപ് ആണെന്നു പറയുന്നു ‘പ്രധാനമന്ത്രിയായി മോദി’ എന്ന ക്യാംപെയ്ന്റെ ദേശീയ സഹകൺവീനർ അഭിഷേക് ഗുപ്ത. 2012ലാണു വാട്സാപ് കൂട്ടായ്മ രൂപീകരിച്ചത്. അന്നാരംഭിച്ച വാട്സാപ് കൂട്ടായ്മ ഇപ്പോൾ സംസ്ഥാനങ്ങളിലെ കോർ ഗ്രൂപ്പായി മാറി. പ്രതിപക്ഷത്തിന്റെ എതിർപ്രചാരണങ്ങളെ പ്രതിരോധിക്കാൻ വാട്സാപ്പാണു നല്ലതെന്നാണ് അഭിഷേകിന്റെ വാദം.

കഴിഞ്ഞ ദിവസങ്ങളിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ എച്ച്1എൻ1 ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അമിത് ഷായെ പരിഹസിച്ച് കോൺഗ്രസ് നേതാവ് ബി.കെ.ഹരിപ്രസാദ് രംഗത്തെത്തി. ഇതിനു മറുപടിയായി അഭിഷേക് വാട്സാപ് സന്ദേശം തയാറാക്കി വിവിധ ഗ്രൂപ്പുകളിലേക്ക് അയച്ചു. കൂടുതൽ പേർക്ക് ഫോർവേഡ് ചെയ്യുംമുൻപ് മെസേജിൽ തിരുത്തലുകൾ വരുത്തണമെന്നും നിർദേശിച്ചു. ഒരു കേന്ദ്രത്തിൽനിന്നു പ്രചരിക്കുന്ന ഒറ്റ സന്ദേശമാണെന്നു തിരിച്ചറിയാതിരിക്കാനാണു തിരുത്തലുകൾ നിർദേശിച്ചത്. ഈ പ്രചാരണം ഫലം കണ്ടെന്ന് അഭിഷേക് പറഞ്ഞു.

സൈബർ പൊതുസ്ഥലം എന്ന രീതിയിൽ കാര്യങ്ങളെ മാറ്റിമറിക്കാൻ ഫെയ്സ്ബുക്കിന് ഇപ്പോഴും ശേഷിയുണ്ടെന്നാണ് ‘ഞാൻ നരേന്ദ്ര മോദിയെ പിന്തുണയ്ക്കുന്നു’ എന്ന പേജ് നടത്തുന്ന വികാസ് പാണ്ഡെയുടെ വാദം. 1.6 കോടിയിലധികം ആളുകൾ പേജിനെ പിന്തുണയ്ക്കുന്നു. സമൂഹത്തിലെ പ്രത്യേക വിഭാഗങ്ങൾ മാത്രമാണു ട്വിറ്റർ ഉപയോഗിക്കുന്നത്. ഡേറ്റയ്ക്കു വില കുറഞ്ഞതോടെ ഗ്രാമങ്ങളിലുള്ളവർ വരെ ഫെയ്സ്ബുക്കിൽ സജീവമാണ്. ഡേറ്റാ ചോർച്ച വിവാദത്തിനു പിന്നാലെ ഫെയ്സ്ബുക് നിയന്ത്രണങ്ങൾ കൊണ്ടുവന്നതു പ്രചാരണത്തിനു തടസ്സമുണ്ടാക്കുന്നുവെന്നും വികാസ് ചൂണ്ടിക്കാട്ടി.

2019ൽ ചെറിയ കളിയല്ല, മഹായുദ്ധം

എന്തായാലും 2014 പോലെ 2019ൽ കാര്യങ്ങൾ എളുപ്പമല്ലെന്നു പ്രചാരണ വിദഗ്ധർ പറയുന്നു. ബിജെപി മാത്രമല്ല പ്രതിപക്ഷ പാർട്ടികളെല്ലാം സൈബർ യുദ്ധമുന്നണിയിലുണ്ട്. 2014ൽ ബിജെപി പ്രതിപക്ഷത്തായിരുന്നു. ഇത്തവണ ഭരണത്തിലും. അന്ന് ആഞ്ഞടിക്കാമായിരുന്നു. ഇപ്പോൾ ഭരണവിരുദ്ധ വികാരമുള്ളതിനാൽ ശ്രദ്ധയോടെയേ നീങ്ങാനാവൂ– അശുതോഷ് മുഗ്‍ലിക്കാർ പറഞ്ഞു.

പാർട്ടികളും ആശയങ്ങളും എന്നതിനേക്കാൾ നേതാക്കളെ പിന്തുണക്കുകയോ എതിർക്കുകയോ ചെയ്യുന്ന ക്യാംപെയ്നുകളാണു കൊണ്ടാടപ്പെടുക. പ്രതിപക്ഷം മോദിയെയോ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയോ ഉന്നം വയ്ക്കുന്നു. ഇതിനുപകരം നേരത്തേ ചെയ്തിരുന്നതു പോലെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ ആക്രമിക്കാനാകില്ല. നിയമസഭാ തിരഞ്ഞെടുപ്പുകളിലെ വിജയത്തോടെ രാഹുലിന്റെ രാഷ്ട്രീയ പ്രഭാവം വർധിച്ചു. പപ്പു എന്നുള്ള കളിയാക്കലുകളും വിലപ്പോവില്ല. അതിനാലാണു സർക്കാരിന്റെ വികസന പദ്ധതികളിലേക്കു ശ്രദ്ധ തിരിക്കുന്നത്. മുൻ സർക്കാരുമായുള്ള താരതമ്യത്തിനും പ്രധാന്യം നൽകുന്നു– അഭിഷേക് ഗുപ്ത വിവരിച്ചു.