കള്ളപ്പണം വെളുപ്പിക്കല്‍ കേസ് : റോബര്‍ട്ട് വാധ്രയും അമ്മയും ഹാജരാകണമെന്ന് ഹൈക്കോടതി

ജോധ്പുര്‍∙ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ റോബര്‍ട്ട് വാധ്രയും അമ്മയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു മുന്നില്‍ അടുത്ത മാസം 12-നു ഹാജരാകണമെന്ന് രാജസ്ഥാന്‍ ഹൈക്കോടതി. റോബര്‍ട്ട് വാധ്ര, അമ്മ മൗരീന്‍ വാധ്ര, സ്‌കൈലൈന്‍ ഹോസ്പിറ്റാലിറ്റി എന്ന കമ്പനിയിലെ മറ്റു പങ്കാളികള്‍ എന്നിവര്‍ നേരിട്ടു ഹാജരാകണമെന്നാണ് കോടതിയുടെ നിര്‍ദേശം.

വാധ്രയ്ക്കും മറ്റുള്ളവര്‍ക്കുമെതിരേ നടപടി എടുക്കുന്നതു തടഞ്ഞ മുന്‍ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇവരെ അറസ്റ്റ് ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കാന്‍ കോടതി വിസമ്മതിച്ചു. ഇതിനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രത്യേക അപേക്ഷ സമര്‍പ്പിക്കണമെന്നും കോടതി അറിയിച്ചു. 

കമ്പനിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം പുരോഗമിക്കുകയാണെന്നും കോടതി ഇടപെടരുതെന്നും അഡീ. സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ ബോധിപ്പിച്ചു.

റോബര്‍ട്ട് വാധ്ര നല്‍കിയ ചെക്ക് ഉപയോഗിച്ച് ഇടനിലക്കാരന്റെ ഡ്രൈവറുടെ പേരില്‍ സ്ഥലം വാങ്ങിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചെങ്കിലും വാധ്ര ഉള്‍പ്പെടെ ആരും ഹാജരായില്ല.